സഹപാഠികള്‍ കൈകോര്‍ത്തു; അശ്അരി മന്‍സില്‍ യാഥാര്‍ഥ്യമായി
മടവൂര്‍: സി.എം മഖാം ജാമിഅ അശ്അരിയ്യ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ അശ്അരീസ് അസോസിയേഷന്റെ അശ്അരി മന്‍സില്‍ ഭവന പദ്ധതിയിലെ പ്രഥമ വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി.
ഓമശ്ശേരി പറശ്ശേരിപ്പറമ്പ് പ്രദേശത്ത് എട്ടു ലക്ഷത്തോളം രൂപ ചിലവിലാണ് വീട് യാഥാര്‍ഥ്യമാക്കിയത്.
ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കഴിഞ്ഞിരുന്ന കോളജ് വിദ്യാര്‍ഥിയുടെ സുരക്ഷിതഭവനമെന്ന സ്വപ്നം സഹപാഠികള്‍ ഏറ്റെടുക്കുകയായിരുന്നു. സംഘടനയുടെ പ്രസിഡന്റ് സയ്യിദ് ഹബീബ് തങ്ങള്‍ പട്ടിക്കാട്, ജനറല്‍ സെക്രട്ടറി മഹ്ബൂബ് അലി അശ്അരി ഫറോക്ക്, ജുനൈദ് അശ്അരി ഐച്ചേരി. ഭവന നിര്‍മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മുഹമ്മദലി അശ്അരി കരിപ്പൂര്‍, റിയാസ് അശ്അരി ചെറുവാഞ്ചേരി തുടങ്ങിയവരാണ് നിര്‍മാണ പ്രവര്‍ത്തികള്‍ക്കു നേതൃത്വം നല്‍കിയത്. ഇന്നു സി.എം മഖാം ജാമിഅ അശ്അരിയ്യയില്‍ നടക്കുന്ന ചടങ്ങില്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ താക്കോല്‍ ദാനം നിര്‍വഹിക്കും. സംഘടനയുടെ ഒരു വര്‍ഷത്തേക്കുള്ള കര്‍മപദ്ധതി ചടങ്ങില്‍ പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."