അഞ്ഞൂറു രൂപ ലഭിക്കാന്‍ ചെലവ് അഞ്ഞൂറിലേറെ
ഹരിപ്പാട്: 'ആശ' മാരെ വലച്ച് ആരോഗ്യവകുപ്പിന്റെ അലവന്‍സ് വിതരണം. രണ്ടു മാസം മുന്‍പ് നടന്ന പരിശീലനത്തിന്റെ അലവന്‍സ് തുകയായ അഞ്ഞൂറു രൂപ ലഭിക്കാന്‍ ആശമാര്‍ക്ക് ചെലവായത് അതിലേറെ തുക. കൂടാതെ ഒരുദിവസത്തെ മെനക്കേടും. കഴിഞ്ഞ ജനുവരി 21 മുതല്‍ 27 വരെ നടന്ന പരിശീലനത്തിന്റെ അലവന്‍സ് തുക നല്‍കാനാണ് അധികൃതര്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആശാപ്രവര്‍ത്തകരെ ദുരിതത്തിലാക്കിയത്. അലവന്‍സ് തുകയായ അഞ്ഞൂറു രൂപ അക്കൗണ്ടിലൂടെ നല്‍കുമെന്നാണ് അന്ന് അറിയിച്ചിരുന്നത്. അതിനായി പാസ് ബുക്കിന്റെ കോപ്പിയും അധികൃതര്‍ വാങ്ങിയിരുന്നു.
എന്നാല്‍ മാര്‍ച്ച് 31ന് രാത്രിയോടെ പിറ്റേന്ന് പണം വാങ്ങാനെത്തണമെന്ന് ഫോണിലൂടെ വിവരമറിയിക്കുകയായിരുന്നു. പ്രതിഷേധം ഭയന്ന് അടിയന്തര പരിശീലനം ഉണ്ടെന്നാണ് ആശാപ്രവര്‍ത്തകരെ അറിയിച്ചത്. ഇതിന്‍പ്രകാരം ജില്ലയിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രണ്ടായിരത്തി മുന്നൂറോളം ആശാപ്രവര്‍ത്തകര്‍ ഇന്നലെ ആലപ്പുഴയിലെ എന്‍.ആര്‍.എച്ച്.എം ഓഫിസിലെത്തി.
ചെങ്ങന്നൂര്‍, അരൂര്‍, മാവേലിക്കര തുടങ്ങി ദൂരസ്ഥലങ്ങളില്‍ നിന്നു എത്തിയവര്‍ക്ക് വാഹനക്കൂലിയിനത്തിലും ഭക്ഷണ ഇനത്തിലും ഇതിലും കൂടുതല്‍ തുക ചെലവായി. രാവിലെ ഒന്‍പതിന് തന്നെ എത്തണമെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നതിനാല്‍ പുലര്‍ച്ചെ കൈക്കുഞ്ഞുങ്ങളുമായി വരെയാണ് പലരും ഇവിടെയെത്തിയത്. എന്നാല്‍ ഇത്രയും പേര്‍ക്കുള്ള സൗകര്യങ്ങള്‍ ഓഫിസില്‍ ഒരുക്കിയിരുന്നില്ല.
പൊരിവെയിലത്ത് കുഞ്ഞുങ്ങളുമായി നില്‍ക്കേണ്ട ഗതികേടിലായിരുന്നു ആശാപ്രവര്‍ത്തകര്‍. അധികൃതരോട് ഇവര്‍ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. രാവിലെ എത്തിയവര്‍ക്ക് വൈകിട്ടോടെയാണ് 500 രൂപ കൈയില്‍ കിട്ടിയത്. ഇന്നലെ രാവിലെ മുതല്‍ പോളിയോ തുള്ളിമരുന്ന് വിതരണത്തിന് വിവിധ ബൂത്തുകളില്‍ സേവനം ചെയ്യേണ്ടവരെയാണ് ഇത്തരത്തില്‍ ദ്രോഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."