ഇത് പുത്രവാത്സല്യം, ആ മാതാവ് യാത്ര ചെയ്തത് 1,400 കിലോമീറ്റര്‍
ഹൈദരാബാദ്: മകനോടുള്ള വാത്സല്യത്തിനു മുന്നില്‍ ആ മാതാവ് യാത്ര ചെയ്തത് 1,400 കിലോമീറ്റര്‍. അതും മൂന്നു ദിവസം തുടര്‍ച്ചയായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്ത്.
ലോക്ക് ഡൗണിനെ തുടര്‍ന്ന് ഭക്ഷണം പോലും കിട്ടാതെ ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ഒറ്റപ്പെട്ട മകനെ എങ്ങനെയെങ്കിലും വീട്ടിലെത്തിക്കാന്‍ ആ മാതൃഹൃദയം വെമ്പലോടെ തന്റെ സ്കൂട്ടറുമായി യാത്ര തിരിച്ചു. 48കാരിയായ റസിയ ബീഗമാണ് തന്റെ മകനെ തെലങ്കാനയിലെ വീട്ടിലെത്തിക്കാന്‍ ഇത്രയും ദൂരം യാത്ര ചെയ്തത്.
ആന്ധ്രയില്‍ നിന്ന് മകനെ തന്റെ സ്കൂട്ടറില്‍ പോയി തിരികെ കൊണ്ടു വരുന്നതിന് പൊലിസില്‍ നിന്ന് അനുമതി വാങ്ങിയായിരുന്നു റസിയ ബീഗത്തിന്റെ യാത്ര. നെല്ലൂരിലെ സോളയില്‍ നിന്നാണ് അവര്‍ മകനേയും കൊണ്ടു മടങ്ങിയത്.'ഒരു സ്ത്രീയെ സംബന്ധിച്ച് ഇരുചക്രവാഹനത്തില്‍ ഇത്രയും ദൂരം യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ മകനെ തിരിച്ചെത്തിക്കണമെന്ന ദൃഢനിശ്ചയമാണ് എന്നെ നയിച്ചത്. വിശപ്പകറ്റാന്‍ റൊട്ടി കരുതിയിരുന്നു. ആളുകളൊഴിഞ്ഞ നിരത്തുകളിലൂടെ രാത്രി സ്കൂട്ടറോടിക്കുമ്പോള്‍ പേടിയായിരുന്നു' റസിയാ ബീഗം പറഞ്ഞു. നിസാമാബാദിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെ പ്രധാനാധ്യാപികയാണ് റസിയ ബീഗം. 15 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചു. രണ്ട് ആണ്മക്കളാണ് റസിയയ്ക്ക് ഉള്ളത്. ഒരാള്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ്. 19 വയസുള്ള രണ്ടാമത്തെ മകന് നിസാമുദ്ദീന്‍ എം.ബി.ബി.എസ് പ്രവേശനത്തിനുള്ള പരിശീലനത്തിലാണ്.
ഈ മകനെ കൂട്ടാനാണ് അവര്‍ ഇത്രയും ദൂരം യാത്ര ചെയ്തത്. മാര്‍ച്ച് 12ന് സുഹൃത്തിനെ യാത്രയാക്കാനാണ് നിസാമുദ്ദീന്‍ നെല്ലൂരിലേക്ക് പോയത്. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവിടെ കുടുങ്ങുകയായിരുന്നു. അനാവശ്യമായി യാത്ര പോകുകയാണെന്ന് കരുതി പൊലിസ് തടഞ്ഞു വെക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലിസിന്റെ അനുമതി വാങ്ങി മൂത്തമകന് പകരം റസിയ തന്നെ പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."