നാല് വര്‍ഷത്തിനിടെ നാലാംതവണയും ജീവനക്കാര്‍ക്ക് മുന്നില്‍ കൈനീട്ടി സര്‍ക്കാര്‍
കല്‍പ്പറ്റ: കൊവിഡ്-19 മുഖേനയുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനത്ത് വീണ്ടും സാലറി ചാലഞ്ച് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. സ്ഥിരവരുമാനക്കാരായ മാസ ശമ്പളക്കാര്‍ ഒരു മാസത്തെ വേതനം സര്‍ക്കാരിന് നിര്‍ബന്ധമായും വിട്ടുനല്‍കണമെന്നാണ് സര്‍ക്കാര്‍ നയം. നാല് വര്‍ഷത്തിനിടെ നാലാം തവണയാണ് ജീവനക്കാരോട് സര്‍ക്കാര്‍ സാമ്പത്തിക സഹായം ചോദിക്കുന്നത്.
പ്രളയ കാലത്ത് 2018 സെപ്തംബറിലാണ് സാലറി ചാലഞ്ചെന്ന പദം കേരളം ആദ്യമായി കേള്‍ക്കുന്നത്. 2019ല്‍ പ്രളയ കാലത്ത് വീണ്ടും ആ ശബ്ദമുയര്‍ന്നു. അതിന് മുന്‍പ് 2016ല്‍ ഓഖി ഫണ്ടിലേക്ക് രണ്ട് ദിവസത്തെ ശമ്പളമാണ് ജീവനക്കാരോട് സര്‍ക്കാര്‍ ചോദിച്ചത്. ഇത്തവണ ചോദ്യത്തിന് പകരം ആജ്ഞയായി മാറിയോയെന്ന സംശയം ജീവനക്കാരുടെ വിവിധ യൂനിനുകള്‍ ആക്ഷേപവുമുന്നയിച്ച് കഴിഞ്ഞിട്ടുണ്ട്. കാരണം അധ്യാപക-ജീവനക്കാരുടെ ഒരു മാസത്തെ പൂര്‍ണശമ്പളം നിര്‍ബന്ധമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നാണ് മന്ത്രിസഭാ തീരുമാനം.
ജനാധിപത്യ ഭരണകൂടത്തിന്റെ ഭാഷയല്ലയിതെന്നും ചാലഞ്ച് സ്വയമേറ്റെടുത്ത് ചെയ്യുന്നതാണെന്നും പിടിച്ച് വാങ്ങേണ്ടതല്ലെന്നുമുള്ള അഭിപ്രായ പ്രകടനങ്ങളുമായി പ്രതിപക്ഷ സംഘടനകള്‍ രംഗത്ത് വന്നത് ഈ ശബ്ദം ആജ്ഞയുടേതായി മാറിയെന്ന സംശയത്തിലാണ്. ചലഞ്ച് നിര്‍ബന്ധ പൂര്‍വം അടിച്ചേല്‍പ്പിക്കാനാവില്ലെന്നും മുന്‍കാല അനുഭവത്തിന്റെ വെളിച്ചെത്തില്‍ പ്രത്യേക അക്കൗണ്ട് വേണമെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ പ്രതികരണവും ഇതിനോടൊപ്പം കൂട്ടി വായിക്കപ്പെടേണ്ടതാണ്. സര്‍ക്കാര്‍ ചോദിക്കുന്നത് നല്‍കാനും ആവശ്യപ്പെടുമ്പോള്‍ അരമുറുക്കി പണിയെടുക്കാനും ജീവനക്കാര്‍ എപ്പോഴും തയാറായിട്ടുണ്ട്.
2014ല്‍ നടപ്പാക്കിയ പരിഷ്‌കരിച്ച ശമ്പളമാണിപ്പോഴും വാങ്ങികൊണ്ടിരിക്കുന്നത്. പരിഷ്‌കരിക്കാന്‍ കാലാവധി കഴിഞ്ഞിട്ട് 10 മാസമായി. 2018 ജൂലൈ മാസമാണ് ക്ഷാമബത്ത നല്‍കിയത്. 2019 മുതല്‍ 16 മാസം കുടിശികയാണ്.
പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാമെന്നേറ്റിട്ട് 45 മാസം കഴിഞ്ഞു. 60 മാസത്തിലേറെയായി ആയിരകണക്കിന് അധ്യാപകര്‍ വേതനമില്ലാതെ പണിയെടുക്കുന്നു. ഇതൊക്കെ ചോദിച്ച്, ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കണമെന്നുണ്ട്. ഓഖി, പ്രളയങ്ങള്‍, നിപ, കൊവിഡ്-19 ഒക്കെ കാരണം സാമ്പത്തികമായി ഞെരുക്കത്തിലായതിനാലാണ് തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ശക്തി കുറവുണ്ടായതെന്നും എന്നാല്‍ അതൊന്നും മനസിലാക്കാതെയാണ് സര്‍ക്കാര്‍ തങ്ങളോട് ഒരുമാസത്തെ ശമ്പളം നിര്‍ബന്ധപൂര്‍വം ആവശ്യപ്പെടുന്നതെന്ന ആരോപണമാണ് കെ.എസ്.ടി.യു അടക്കമുള്ള അധ്യാപക സംഘടനകളും മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളും ഉന്നയിക്കുന്നത്.
സംസ്ഥാനം 2019ല്‍ നല്‍കേണ്ട മൂന്ന് ഘട്ട ക്ഷാമബത്തകള്‍ പോലും നല്‍കാതെയാണ് സര്‍ക്കാര്‍ ജീവനക്കാരോട് ഇത്തരത്തില്‍ പെറുമാറുന്നതെന്നുമാണ് പ്രതിപക്ഷ സര്‍വിസ് സംഘടനകളുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."