എല്‍.ജി.എസ് നിയമനം ഇഴയുന്നു; ഉദ്യോഗാര്‍ഥികള്‍ ആശങ്കയില്‍
തൊടുപുഴ: ജില്ലയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ എല്‍.ജി.എസ് (ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്) ഒഴിവുകളിലേക്കുള്ള നിയമനം ഇഴയുന്നത് ഉദ്യോഗാര്‍ഥികളെ ആശങ്കയിലാക്കുന്നു. ജോലിക്കായുള്ള ഉദ്യോഗാര്‍ഥികളുടെ കാത്തിരിപ്പു നീളുകയാണ്. ജില്ലയിലെ എല്‍.ജി.എസ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് രണ്ടു വര്‍ഷമാകാറായിട്ടും 208 ഓപ്പണ്‍ കാറ്റഗറി നിയമനങ്ങള്‍ മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. ജില്ലയില്‍ ഒട്ടേറെ ഒഴിവുകള്‍ ഉണ്ടായിട്ടും ഉദ്യോഗസ്ഥര്‍ അതു മറച്ചുവച്ചു താല്‍ക്കാലികക്കാരെ നിയമിക്കുന്ന നിലപാടാണു സ്വീകരിക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.
ആയിരത്തി ഇരുനൂറോളം ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെട്ട റാങ്ക് പട്ടികയില്‍നിന്നു പകുതി നിയമനംപോലും നടത്താത്തതിനാല്‍, ജോലി നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ഉദ്യോഗാര്‍ഥികള്‍. ഈ ലിസ്റ്റില്‍ ഉള്ളവരില്‍ ഭൂരിഭാഗവും ബിരുദധാരികളാണ്. ബിരുദമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഇനി എല്‍.ജി.എസ് പരീക്ഷ എഴുതാനും സാധിക്കില്ല. അതിനാല്‍ ഈ ജോലി പ്രതീക്ഷിച്ചിരിക്കുന്ന പ്രായപരിധി കഴിഞ്ഞ ഉദ്യോഗാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. പ്രശ്നത്തിനു പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തര നടപടിയെടുക്കണമെന്നതാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. അല്ലാത്തപക്ഷം, ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണു ജില്ലയിലെ എല്‍.ജി.എസ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."