നവജാത ശിശു മരിച്ചു; ദുരൂഹതയുള്ളതായി ബന്ധുക്കള്‍
കടുത്തുരുത്തി: ജനിച്ചിട്ട് 51 ദിവസമായ പെണ്‍കുഞ്ഞ് മരിച്ച സംഭവത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍. പൂഴിക്കോല്‍ ലക്ഷം വീട് കോളനിയില്‍ രേണുക - അനീഷ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്.
സംഭവ സമയം അനീഷും രേണുകയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സമീപത്ത് താമസിക്കുന്ന രേണുകയുടെ സഹോദരി അശ്വതി എടുക്കുവാന്‍ ചെന്നപ്പോഴാണ് കുട്ടി അനക്കമില്ലാതെ കിടക്കുന്നതായി കണ്ടത്.
അശ്വതിയുടെ നിലവിളി കേട്ട് സമീപത്തുള്ള ബന്ധുക്കളും ഓടിയെത്തി.
ഉടനെ അനീഷും രേണുകയും അയല്‍വാസിയുടെ ബൈക്ക് വാങ്ങി മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിക്കുകയായിരുന്നു.
കുട്ടി മുലപ്പാല്‍ കുടിച്ചപ്പോള്‍ തൊണ്ടയില്‍ കുടുങ്ങിയതാകുമെന്നാണ് അനീഷും ഭാര്യയും ഡോക്ടറോട് പറഞ്ഞത്.
തുടര്‍ന്ന് ആശുപത്രിയിലെത്തിയ രേണുകയുടെ ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇരട്ടപെണ്‍കുട്ടികളെയാണ് രേണുക പ്രസവിച്ചത്. ആശുപത്രിയില്‍ വച്ച് തന്നെ ഒരു കുട്ടി മരിച്ചിരുന്നു. ഇതിലും സംശയമുള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
കൂലിപ്പണിക്കാരനായ അനീഷ് മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ബന്ധുക്കളുടെ പരാതിയില്‍ അനീഷിനേയും ഭാര്യ രേണുകയേയും കടുത്തുരുത്തി പൊലിസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്‌തെങ്കിലും മുലപ്പാല്‍ കൊടുത്തപ്പോള്‍ തൊണ്ടയില്‍ കുടുങ്ങിയെന്ന് തന്നെയാണ് മരണമെന്നാണ് പൊലിസിനോടും പറഞ്ഞത്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമേ ഇതേക്കുറിച്ച് കൂടുതല്‍ വ്യക്തമാകുകയുള്ളൂവെന്ന് കടുത്തുരുത്തി എസ്.ഐ ശ്യാം കുമാര്‍ പറഞ്ഞു. കുട്ടിയുടെ മൃതദേഹം മുട്ടുച്ചിറ എച്ച്.ജി.എം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."