നിപാ വൈറസ്: കേരളത്തില്‍ നിന്നുള്ളവരുടെ പഴങ്ങളും പച്ചക്കറികളും വിമാനത്താവളത്തില്‍ നിന്നു എടുത്തുമാറ്റുന്നു
ജിദ്ദ: നിപാ വൈറസ് ഭീതിയെ തുടര്‍ന്ന് കേരളത്തില്‍നിന്ന് എത്തുന്ന യാത്രക്കാരുടെ ബാഗേജില്‍നിന്ന് പഴങ്ങളും പച്ചക്കറികളും വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലെ വിമാനത്താവളത്തില്‍ നിന്നു എടുത്തുമാറ്റുന്നു. അവധി കഴിഞ്ഞ് തിരിച്ചുവന്ന നിരവധി പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇങ്ങനെ പഴങ്ങളും പച്ചക്കറികളും വിമാനത്താവളത്തില്‍ ഉപേക്ഷിക്കേണ്ടി വന്നത്. ഒരുനിലക്കും നിപാ വൈറസ് രാജ്യത്ത് എത്താതിരിക്കാനാണ് ജാഗ്രത പുലര്‍ത്തുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
ഇന്ത്യയില്‍നിന്നുള്ള പഴം പച്ചക്കറികള്‍ ഇറക്കുമതി ചെയ്യുന്നതിന് സഊദി, ബഹ്‌റൈന്‍, യു,എ.ഇ, ഖത്തര്‍, കുവൈത്ത് അടക്കമുള്ള രാജ്യങ്ങള്‍ നേരത്തെ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതേ സമയം കേരളത്തില്‍ നിന്നും ഇറക്കുമതി നിലച്ചതോടെ പാകിസ്താന്‍ പഴം, പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ഇരട്ടി ആക്കിയെന്ന് പാകിസ്താന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് വൈസ് പ്രസിഡന്റ് വഹീദ് അഹമദ് പറഞ്ഞു. ഇതു രാജ്യത്തിന് വന്‍ നേട്ടം നേടിത്തരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിദിനം കുറഞ്ഞത് 150 ടണ്‍ പഴം, പച്ചക്കറികളാണ് ഗള്‍ഫ് നാടുകളിലേക്ക് കേരളത്തില്‍ നിന്ന് എത്തുന്നത്. ഈ കുറവ് നികത്തുന്നതിനൊപ്പം ഈ വര്‍ഷം വന്‍ വിളവുണ്ടായ ഉരുളക്കിഴങ്ങ്, സവാള, മുളക് എന്നിവയും അധികം കയറ്റി അയയ്ക്കാനാണ് പാകിസ്താന്റെ പദ്ധതി. നിലവില്‍ വന്‍തോതില്‍ മാങ്ങ ഗള്‍ഫിലേക്ക് അയയ്ക്കുന്നുണ്ടെന്നും നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ അതും ഇരട്ടിയായതായും വഹീദ് അഹമദ് കൂട്ടിച്ചേര്‍ത്തു.
അതേ സമയം നിപാ രോഗം നിയന്ത്രണവിധേയമായെങ്കിലും കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്ക് തുടര്‍ന്നേക്കും. രോഗം പൂര്‍ണമായും ഇല്ലാതാവുകയും അക്കാര്യം കേന്ദ്ര സര്‍ക്കാര്‍ ആഗോള ഏജന്‍സികളെ ബോധ്യപ്പെടുത്തുകയും ചെയ്‌തെങ്കില്‍ മാത്രമേ വിലക്ക് നീക്കാന്‍ സാധ്യതയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."