ജ്വല്ലറി കുത്തിത്തുറന്ന് രണ്ടര കിലോ സ്വര്‍ണം കവര്‍ന്നു
വാടാനപ്പള്ളി (തൃശൂര്‍): തളിക്കുളത്തെ ജ്വല്ലറി കുത്തിത്തുറന്ന് രണ്ടര കിലോ സ്വര്‍ണം കവര്‍ച്ച നടത്തി. 77 ലക്ഷം രൂപയുടെ മോഷണം നടന്നതായാണ് പ്രാഥമിക വിലയിരുത്തല്‍. തളിക്കുളം സെന്ററില്‍ പ്രവര്‍ത്തിക്കുന്ന അമൂല്യ ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. ആറ് കിലോ സ്വര്‍ണവും രണ്ട് കിലോ വെള്ളിയും പണവും മോഷണം പോയെന്നാണ് ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പണവും വെള്ളിയും ലോക്കറില്‍ നിന്ന് കണ്ടെത്തി. ലോക്കറിലുണ്ടായിരുന്ന മൂന്നേ മുക്കാല്‍ കിലോ സ്വര്‍ണത്തില്‍ രണ്ടര കിലോയോളം നഷ്ടപ്പെട്ടിട്ടുണ്ട്.
കടയുടെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ സമീപത്തെ ഇറച്ചിവ്യാപാരി സിറാജ് കട തുറക്കാനെത്തിയപ്പോള്‍ ജ്വല്ലറിക്ക് മുന്നില്‍ ഇന്നോവ കാര്‍ പാര്‍ക്ക് ചെയ്തിരുന്നു. ആറ് പേരെയും പരിസരത്ത് കണ്ടിരുന്നു. ഇവരില്‍ മൂന്ന് പേര്‍ ജ്വല്ലറിക്കുള്ളില്‍ കയറുകയായിരുന്നുവെന്നാണ് സിറാജ് പൊലിസിന് നല്‍കിയ മൊഴി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജ്വല്ലറിയില്‍ രാത്രികാലങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയാകുമെന്നാണ് സിറാജ് ആദ്യം കരുതിയത്. എന്നാല്‍ ജ്വല്ലറിക്കുള്ളില്‍ ലൈറ്റ് ഇടാതിരുന്നത് സംശയം ജനിപ്പിച്ചു. തുടര്‍ന്ന് ജ്വല്ലറി ഉടമയായ സുബിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കടയില്‍ നിന്നുമാണ് ഫോണ്‍ റിങ് ചെയ്യുന്ന ശബ്ദം കേട്ടത്. ഉടമയും കടയ്ക്കുള്ളിലുണ്ടാകുമെന്നാണ് സിറാജ് കരുതിയത്.
പുലര്‍ച്ചെ അഞ്ച് മണിയോടെ ആറ് പേരും ചേര്‍ന്ന് സാധനങ്ങള്‍ വാഹനത്തില്‍ കയറ്റി വാടനപ്പിള്ളി ഭാഗത്തേക്ക് പോവുകയായിരുന്നു. തൊട്ടുപിന്നാലെ ജ്വല്ലറി ഉടമയുടെ വീട്ടില്‍ സിറാജ് വിവരം അറിയിച്ചു. മലയാളവും ബംഗാളിയും ഇടകലര്‍ത്തി സംസാരിച്ചിരുന്ന ആറ് പേരും അന്യസംസ്ഥാന തൊഴിലാളികളാണെന്നാണ് സംശയിക്കുന്നത്. പുറത്ത് അളുകളെ കണ്ടതിനാല്‍ മുഴുവന്‍ സ്വര്‍ണവും എടുക്കാന്‍ നില്‍ക്കാതെ മോഷ്ടാക്കള്‍ വേഗത്തില്‍ കടന്നുകളയുകയായിരുന്നുവെന്ന് കരുതുന്നതായി പൊലിസ് പറഞ്ഞു. തൃശൂര്‍ റേഞ്ച് ഐ.ജി എ.ആര്‍ അജിത്കുമാര്‍, റൂറല്‍ എസ്.പി എന്‍.വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ഇരിങ്ങാലക്കുട എ.എസ്.പി കിരണ്‍ നാരായണന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്.
ദൃക്‌സാക്ഷികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ചെങ്കിലും വ്യാജമാണെന്ന് തെളിഞ്ഞു. അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘമാണ് സംഭവത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."