മദ്റസാ അധ്യാപകന്റെ കൊലപാതകം: തെളിവെടുപ്പ് പൂര്‍ത്തിയായി
കാസര്‍കോട്: പഴയ ചൂരിയില്‍ മദ്റസ അധ്യാപകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആര്.എസ്.എസ് പ്രവര്‍ത്തകരെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എ നിസാം മുന്‍പാകെ ഹാജരാക്കിയ പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി അഞ്ചു ദിവസത്തേക്കാണ് പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നത്. എന്നാല്‍ നാലുദിവസത്തിനകം തന്നെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൊലിസ് പൂര്‍ത്തിയാക്കി.
കാസര്‍കോട് കേളുഗുഡൈ അയ്യപ്പ നഗര്‍ സ്വദേശികളായ അപ്പു എന്ന അജേഷ്, നിതിന്‍ റാവു, സണ്ണ കുഡ്ലുവിലെ എന്‍ അഖിലേഷ് എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്. ഒളിവില്‍ കഴിഞ്ഞ പ്രദേശത്തും വീടുകളിലും പ്രതികളുമായി പൊലിസ് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതികളുടെ മൊഴിയും പൊലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. നാടിനെ ഞെട്ടിച്ച കൊലപാതക കേസിന്റെ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലിസിന്റെ നീക്കം.
കഴിഞ്ഞ മാസം 20നാണ് പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്റസ അധ്യാപകന് കര്‍ണാടക മടിക്കേരി കൊട്ടുമുടി ആസാദ് നഗര്‍ തെക്കിപ്പള്ളി വീട്ടില്‍ കെ.എസ് മുഹമ്മദ് റിയാസ് കൊലചെയ്യപ്പെടുന്നത്. പള്ളിയിലെത്തിയ അക്രമികള്‍ പള്ളിക്കകത്ത് കയറി കുത്തികൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന് മൂന്നാം ദിവസം തന്നെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി ഡോ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."