നിക്ഷേപ തട്ടിപ്പ്: അന്വേഷണത്തില്‍ പുരോഗതിയില്ല; ഇരകള്‍ അനിശ്ചിതകാല സമരത്തില്‍
ശാസ്താംകോട്ട: പോരുവഴി സര്‍വിസ് സഹകരണ ബാങ്കില്‍ മൂന്ന് കോടിയോളം രൂപ നഷ്ടമായ സംഭവത്തില്‍ പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ ബാങ്കിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. നിര്‍ധന രോഗികളും മക്കളുടെ വിവാഹത്തിനും മറ്റുമായി പണം നിക്ഷേപിച്ച മാതാപിതാക്കളും ഉള്‍പ്പെടെ ആയിരത്തിയത്തോളം പേരാണു തട്ടിപ്പിനിരയായത്.
വായ്പ പൂര്‍ത്തീകരിച്ച് പ്രമാണം നഷ്ടമായവരാണ് ഏറെയും. ബാങ്കില്‍ പണയത്തിലിരുന്ന 25 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളും കാണാതായിരുന്നു. നിക്ഷേപവും ഭൂമിയുടെ ആധാരവും സ്വര്‍ണാഭരണങ്ങളും തിരികെ നല്‍കണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്. അതേസമയം സമരക്കാര്‍ ബാങ്ക് പ്രവര്‍ത്തനവും തടസപ്പെടുത്തി. ഇതേതുടര്‍ന്ന് ശൂരനാട് പൊലിസ് സ്ഥലത്തെത്തി രജിസ്ട്രാറുടെ സാന്നിധ്യത്തില്‍ നിക്ഷേപകരുമായി ചര്‍ച്ച നടത്തി.
ധനാപഹരണ പരാതിയില്‍ ബാങ്ക് സെക്രട്ടറി രാജേഷ് കുമാറിനെതിരേ ആഴ്ചകള്‍ക്ക് മുന്‍പ് പൊലിസ് കേസെടുത്തിട്ടും സഹകരണ വകുപ്പിന്റെയും പൊലിസിന്റെയും അന്വേഷണം രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് നിലച്ചിരിക്കുകയാണ്. സാമ്പത്തിക ക്രമക്കേടിനെ കുറിച്ച് വിജിലന്‍സ് അന്വേഷണത്തിനായി ഫയലുകള്‍ കൈമാറിയ കാരണം പറഞ്ഞാണ് പൊലിസ് അന്വേഷണം അവസാനിപ്പിച്ചതെന്ന് നിക്ഷേപകര്‍ പരാതി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."