മലയാളികളെ മുഴുവന്‍ നാട്ടിലെത്തിക്കേണ്ടതില്ല
ലോകത്തെ മൊത്തം പിടിച്ചുകുലുക്കിയിരിക്കയാണ് കൊവിഡ് - 19. രണ്ടാം ലോകമഹായുദ്ധത്തേക്കുറിച്ചൊക്കെ വായിച്ചറിവും കേട്ടറിവും മാത്രമേ നമുക്കുള്ളൂ. പക്ഷെ, അന്ന് പോലും ലോകം ഇത്രയേറെ ഭയവിഹ്വലമായിട്ടില്ല. ഇത് പടച്ചവന്റെ ഒരു പരീക്ഷണമാണ്. പടപ്പുകള്‍ പടച്ചവനെ വിസ്മരിച്ചു പോയതാണോ? അതല്ല അല്‍പമൊന്ന് അഹങ്കരിച്ചു പോയതാണോ? എന്താണ് കാരണമെന്നറിയില്ല. ഗ്ലോബല്‍ വില്ലേജ് എന്ന സങ്കല്‍പ്പം കൂടി പ്രാവര്‍ത്തികമായതോടെ ലോകം നമ്മുടെ കൈപ്പിടിയിലെന്ന് ഒരു വേള തോന്നിപോയിട്ടില്ലേ? കൊറോണ എന്ന ഒരു ചെറിയ വൈറസ് മതി അഹങ്കാരികളായ മനുഷ്യകുലത്തെ വീട്ടിലടയ്ക്കാന്‍. ഈ മഹാമാരി സംഹാര താണ്ഡവം തുടങ്ങിയപ്പോള്‍ ലോക രാഷ്ട്രങ്ങള്‍ ഒന്നും ചെയ്യാനാവാതെ ഞെട്ടിവിറച്ചു. വികസനത്തിന്റെ പാന്ഥാവില്‍ റോക്കറ്റ് വേഗത്തിലാണ് ലോകം കുതിക്കുന്നത്. എല്ലാ മേഖലകളിലും അത്ഭുതം സൃഷ്ടിക്കാന്‍ നമുക്ക് കഴിഞ്ഞു. പ്രത്യേകിച്ച് വിവര സാങ്കേതികരംഗത്തൊക്കെ ലോകം കൈവരിച്ച നേട്ടം സ്വപ്ന സമാനമാണ്. അമേരിക്ക, ബ്രിട്ടന്‍, ഇറ്റലി, സ്‌പെയിന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ക്കൊപ്പം ഗള്‍ഫ് രാഷ്ട്രങ്ങളും ഈ രോഗത്തിന് മുമ്പില്‍ അന്തിച്ച് നില്‍ക്കുകയാണ്. ഒരു യുദ്ധം വരുമ്പോള്‍ മാത്രം പരിഭ്രാന്തരാകുന്ന ചെറിയ രാജ്യങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ. കൊവിഡിനെ നേരിടാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പല രാജ്യങ്ങള്‍ക്കും സാധിച്ചിട്ടില്ല. അതിനാല്‍ ഈ മഹാമാരി സംഹാര നൃത്തം തുടങ്ങിയപ്പോള്‍ നിയന്ത്രിക്കാനും എല്ലാവരും പാടുപെടുകയാണ്. യുദ്ധസമാനമായ അവസ്ഥയാണ് നിലവിലുള്ളത്.
പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ കഴിയുന്നത്ര കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. സ്വദേശികളെയും വിദേശികളെയുമൊക്കെ സംരക്ഷിക്കാന്‍ വേണ്ട കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. ഇന്ത്യയില്‍ ചെയ്യുന്ന കാര്യങ്ങള്‍ പൊതുവിലും കേരളത്തിലെ നടപടികള്‍ പ്രത്യേകിച്ചും എടുത്ത് കാട്ടി ജി.സി.സി രാജ്യങ്ങളില്‍ വേണ്ടത്ര നടപടിയുണ്ടായില്ല എന്ന് പറയുന്നതിലര്‍ഥമില്ല. ഇന്ത്യയില്‍ ഇത്തരം പ്രതിസന്ധികള്‍ ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്. അതിനാല്‍ നമ്മുടെ, പ്രത്യേകിച്ച് കേരളത്തിന്റെ ക്രൈസിസ് മാനേജ്‌മെന്റ് രീതി പ്രശംസനീയമാണ്. വെള്ളപ്പൊക്കം, പ്രളയം, കൊടുങ്കാറ്റ്, നിപാ പോലുള്ള വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. ജി.സി.സി രാഷ്ട്രങ്ങള്‍ക്കാവട്ടെ ഇത്തരം പ്രതിസന്ധികളൊന്നും നേരിടേണ്ടി വരാറില്ല. കൂടാതെ, ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങളില്‍ കേരളം എന്നും മുന്നിലാണ്. 1957ലെ സര്‍ക്കാര്‍ മുതല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന ഗവണ്മെന്റുകളൊക്കെ വളരെ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് നടത്തിയത്. ഭരണകൂടങ്ങള്‍ കൃത്യമായ ചട്ടക്കൂടുണ്ടാക്കിയതിനാല്‍ പിറകെ വരുന്നവര്‍ക്ക് ആ സരണിയിലൂടെ നീങ്ങിയാല്‍ മതി, കാര്യമെളുപ്പമാവും. അത് കൊണ്ടൊക്കെയാണ് ഈ മഹാമാരിയുടെ വ്യാപനം തടഞ്ഞു നിര്‍ത്താന്‍ ഏറക്കുറെ നമുക്ക് കഴിഞ്ഞത്.
മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയേയും പ്രശംസിക്കേണ്ടത് മാന്യതയാണ്. പ്രതിപക്ഷ കക്ഷികള്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാറ്റി കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരുമായി സഹകരിക്കുന്നത് ശ്ലാഘനീയമാണ്. ഇന്ത്യാ ഗവണ്മെന്റും ശരിയായ സമയത്ത് തന്നെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും കര്‍ശന നിയന്ത്രണങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു. ഇവിടെ രോഗ ബാധയുണ്ടായാല്‍ അയാള്‍ ബന്ധപ്പെട്ടവരെ അറിയാന്‍ റൂട്ട് മാപ്പും മറ്റും തയാറാക്കാനാവും. അവരെ നിരീക്ഷണത്തില്‍ നിര്‍ത്താനാവും. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വേണ്ടത്ര മുന്‍ പരിചയമില്ല. ഇരുനൂറോളം രാജ്യങ്ങളിലുള്ളവര്‍ ഗള്‍ഫില്‍ കഴിയുന്നുണ്ട്. എല്ലാവര്‍ക്കും ഒരേ പരിഗണന ലഭിക്കുന്നു. അതേസമയം ജനബാഹുല്യം കാരണത്താലുള്ള കൊച്ചു കൊച്ചു പ്രശ്‌നങ്ങളുണ്ടാക്കും. ഇന്ത്യയിലേക്ക് മടങ്ങിയെത്താനുള്ള സൗകര്യം ഒരുക്കുന്നതിനായി പ്രവാസികള്‍ ആവശ്യം ഉന്നയിക്കുന്നുണ്ട്. കോടിക്കണക്കിന് ജനങ്ങള്‍ അധിവസിക്കുന്ന നമ്മുടെ രാജ്യത്തേക്ക് ഇത്രയും പ്രവാസികളെ തിരികെയെത്തിച്ചാലുള്ള അവസ്ഥയെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊവിഡ് പരമാവധി പിടിച്ചുകെട്ടിയ ഇന്ത്യയിലേക്ക് വിമാന സര്‍വിസ് പുനരാരംഭിച്ചിരുന്നുവെങ്കില്‍ വീണ്ടും കാര്യങ്ങള്‍ വഷളാകാന്‍ സാധ്യതയുണ്ട്. എവിടെയോ വായിച്ചതോര്‍ക്കുന്നു; ഈ മഹാമാരി നവംബറോടെ വീണ്ടും വന്നേക്കാമെന്ന്. നാഥന്‍ കാക്കട്ടെ.
ഗള്‍ഫ് നാടുകളിലുള്ള മലയാളികളെ മുഴുവന്‍ നാട്ടിലെത്തിക്കുകയാവരുത് നമ്മുടെ ലക്ഷ്യം. പലരും ഇവിടത്തെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ്, സ്വദേശികളുടെയും വിദേശികളുടെയും സ്ഥാപനങ്ങളില്‍. ചെറുതും വലുതുമായ ബിസിനസുകള്‍ നടത്തുന്നവരുമുണ്ട്. ഇവരെയെല്ലാം ഒഴിപ്പിച്ച് നാട്ടിലേക്ക് എത്തിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന സന്ദേശമുണ്ടാവരുത്. രാഷ്ട്രം ഇത്രയേറെ സൗകര്യങ്ങള്‍ ചെയ്യുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഇവിടെ സുരക്ഷിതമല്ലെന്ന തോന്നല്‍ അപകടമാണ്. അങ്ങനെയുള്ള ചിന്ത അരക്ഷിതാവസ്ഥയുണ്ടാക്കും.
അതേസമയം ജോലി നഷ്ടപ്പെട്ടവര്‍, സ്ഥാപനം പൂട്ടിപ്പോയവര്‍, താമസത്തിനും ഭക്ഷണത്തിനും കഷ്ടപ്പെടുന്നവര്‍ എന്നിവരെ എത്രയും വേഗം സുരക്ഷിതമായി നാട്ടിലെത്തിക്കണം. ഇത്രയേറെ പേര്‍ നാട്ടിലെത്തിയാല്‍ അവര്‍ക്ക് ജോലിയും സംരക്ഷണവും നല്‍കാന്‍ കേരളത്തിന് കഴിയുമോ എന്ന് ചര്‍ച്ച ചെയ്യണം. ഗള്‍ഫില്‍ തന്നെ അവര്‍ക്കും സംരക്ഷണമൊരുക്കാന്‍ ശ്രമിക്കുന്നതാണോ ഗുണകരമെന്ന് ആലോചിക്കാവുന്നതാണ്. അങ്ങനെയെങ്കില്‍ അതിനും കേരള, കേന്ദ്ര സര്‍ക്കാരുകള്‍ നേതൃത്വം നല്‍കണം. ഇവിടുത്തെ ഭരണകൂടങ്ങളുമായി ബന്ധപ്പെടണം. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ നടത്തണം. പഴയ പോലെ ഇന്ത്യന്‍ എംബസി കാര്യക്ഷമമല്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്.
വിസിറ്റിങ് വിസയില്‍ ബിസിനസ് ആവശ്യത്തിനും അല്ലാതെയും കുടുംബത്തോടെയും തനിച്ചും എത്തി ഗള്‍ഫ് നാടുകളില്‍ പ്രത്യേകിച്ച്, ദുബൈയില്‍ കുടുങ്ങിപ്പോയ ഒട്ടേറെ പേരുണ്ട്. താമസവും ഭക്ഷണവും ഉള്‍പ്പെടെയുള്ള അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പടണം. ജീവന്‍ രക്ഷാമരുന്ന് കഴിക്കുന്നവര്‍ക്ക് അവ ലഭ്യമക്കണം. കേരളീയനായ വിദേശകാര്യ സഹമന്ത്രി മുരളീധരന്റെ ഇടപെടലും കാര്യക്ഷമമാക്കണം. മന്ത്രി കെ.ടി ജലീലും നോര്‍ക്ക ഡയരക്ടറുമൊക്കെ പറഞ്ഞ പോലെ ഇവിടെ കെ.എം.സി.സിയുടെ സാന്ത്വന നടപടികള്‍ വലിയ ആശ്വാസമാവുന്നുണ്ട്. വ്യവസായ പ്രമുഖരെയും ഇന്‍കാസ് ഉള്‍പ്പെടെയുള്ള മറ്റു സംഘടനകളെയും സഹകരിപ്പിച്ചുകൊണ്ട് കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് അവര്‍ നടപ്പാക്കിയത്.
ഒരു മാസത്തിനുള്ളിലാണ് ഇരുനൂറിലേറെ രാജ്യങ്ങളിലേക്ക് ഈ അസുഖം വ്യാപിച്ചത്. ഇത് ഒരു പാഠമായെങ്കില്‍ എന്നാശിച്ചു പോകുന്നു. ധൂര്‍ത്തും ആഡംബരവും ഒഴിവാക്കാന്‍ ഇനിയെങ്കിലും നമ്മള്‍ തയാറാവണം. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. അനാരോഗ്യകരമായ മത്സരബുദ്ധി ഒഴിവാക്കാന്‍ നമുക്ക് സാധിക്കണം. കൊവിഡ് പടിയിറങ്ങിപ്പോയാലും ഗള്‍ഫിലെ അന്തരീക്ഷം പഴയ പടിയാവാന്‍ സമയമെടുക്കും. നാട്ടിലും അങ്ങനെ തന്നെ. സാമ്പത്തികരംഗം ആകെ താളം തെറ്റിയിരിക്കുകയാണ്. ഭീതിയും ഉത്കണ്ഠയും നിരാശയുമൊക്കെ മാറ്റിവച്ച് ശുഭ പ്രതീക്ഷയുള്ളവരാവുക. നാടിന്റെ വീണ്ടെടുപ്പിന് ആത്മാര്‍പ്പണം ചെയ്യുക.
(സഫാരി ഗ്രൂപ്പ് മാനേജിങ് ഡയരക്ടറും
സുപ്രഭാതം വൈസ് ചെയര്‍മാനുമാണ്
ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."