സത്തുകള്‍ അസത്തുകളാകുന്ന വിധം
കേളി പെരുത്ത ആ ചിത്രകാരനെ കൊട്ടാരത്തിലേക്കു വിളിച്ചുവരുത്തി രാജാവ് പറഞ്ഞു: ''എനിക്കുവേണ്ടത് രണ്ടു ചിത്രങ്ങളാണ്. ഒന്ന് നിഷ്‌കളങ്കനായ ഒരു മനുഷ്യന്റെ ചിത്രം. രണ്ടാമത്തേത് കളങ്കപങ്കിലനായ ഒരു പിശാചിന്റെ ചിത്രവും. ചിത്രങ്ങള്‍ എനിക്ക് ഇഷ്ടപ്പെട്ടാല്‍ എന്റെ ഈ സ്വര്‍ണകിരീടം ഞാന്‍ നിനക്കു സമ്മാനിക്കും..!''
കല്‍പന മാനിച്ച് ചിത്രകാരന്‍ ദൗത്യം ആരംഭിച്ചു. ആദ്യം ശ്രമിച്ചത് നിഷ്‌കളങ്കനായ ഒരു മനുഷ്യന്റെ ചിത്രം വരയ്ക്കാനാണ്. അതിനായി നല്ല മുഖങ്ങള്‍ തേടി പലയിടത്തും ചെന്നു. ഒടുവില്‍ ഓമനത്തമുള്ള ഒരു കുട്ടിയെ കിട്ടി. ആറോ ഏഴോ വയസു മാത്രമേ അവനു വരികയുള്ളൂ. കുട്ടിയുടെ നിഷ്‌കളങ്കമായ ആ മുഖം അങ്ങനെത്തന്നെ അയാള്‍ ക്യാന്‍വാസില്‍ പകര്‍ത്തി. കണ്ടാല്‍ ആരുടെയും മനം കവരുന്ന ചിത്രം. രാജാവിന് അതു തൃപ്തിയാകാതിരിക്കില്ലെന്ന് അയാള്‍ ഉറപ്പിച്ചു.
ഇനി വേണ്ടത് വികൃതനായ ഒരു പിശാചിന്റെ ചിത്രമാണ്. പക്ഷെ, പിശാചിനെ കാണാതെ എങ്ങനെ പിശാചിന്റെ ചിത്രം വരയ്ക്കും..? ചിത്രം വേണ്ടവിധത്തിലായില്ലെങ്കില്‍ നഷ്ടമാകുന്നത് സ്വര്‍ണകിരീടമാണ്. അതും രാജ്യം ഭരിക്കുന്ന രാജാവിന്റെ കിരീടം.
സമയം കളയാതെ അയാള്‍ പിശാചിനെയും തേടി ഇറങ്ങിത്തിരിച്ചു. പല നാടുകളും പല വീടുകളും കയറിയിറങ്ങി. ദിവസങ്ങള്‍ പലതു കഴിഞ്ഞു. ആഴ്ചകള്‍ മാസങ്ങളായി. മാസങ്ങള്‍ വര്‍ഷങ്ങളും വര്‍ഷങ്ങള്‍ പതിറ്റാണ്ടുകളുമായി..! എന്നിട്ടും ദൗത്യം നിര്‍ത്തിയില്ല. കരീടസ്വപ്‌നം അയാളുടെ എല്ലാ ക്ഷീണത്തെയും മടുപ്പിനെയും ഇല്ലാതാക്കാന്‍ പര്യപ്തമായിരുന്നു.
വര്‍ഷം മുപ്പതു കഴിഞ്ഞപ്പോഴാണ് അയാള്‍ ഒരു കാഴ്ച കണ്ടത്. റോഡരികള്‍ മദ്യപിച്ചു മദോന്മത്തനായി കിടക്കുന്ന ഒരു മനുഷ്യന്‍. അയാളുടെ മുടികള്‍ ജഢകുത്തി വികൃതമായിരിക്കുന്നു. മദ്യത്തിന്റെ മനം മടുപ്പിക്കുന്ന മണം പുറത്തേക്കു വല്ലാതെ അടിച്ചുവീശുന്നുണ്ട്. ധരിച്ച വസ്ത്രം കീറിപ്പറിഞ്ഞതാണ്. പല്ലുകളില്‍ ഒന്നുപോലും വൃത്തിയുള്ളതെന്നു പറയാനില്ല. വായില്‍നിന്ന് നാറിയ നീരും നുരയും... ആകെ പേക്കോലമായി മാറിയ ആ രൂപത്തെ ചിത്രകാരന്‍ പിശാചായിതന്നെ കണ്ടു; മനുഷ്യപ്പിശാച്.
മണിക്കൂറുകള്‍ക്കു ശേഷം തന്റെ മദ്യലഹരിയില്‍നിന്ന് അയാള്‍ എഴുന്നേറ്റു. എഴുന്നേറ്റപ്പോള്‍ ചിത്രകാരന്‍ അയാളെ സമീപിച്ചുകൊണ്ടു ചോദിച്ചു: ''ചെറിയൊരു അപേക്ഷയുണ്ട്. സ്വീകരിക്കാന്‍ നിങ്ങള്‍ തയാറാകുമോ...?''
''എന്താണു വിഷയം..?''
''എനിക്കു നിങ്ങളുടെ ചിത്രം വരയ്ക്കണം.. അതിന് നിങ്ങള്‍ സമ്മതിക്കുകയാണെങ്കില്‍ വലിയ ഉപകാരം..''
''എന്തിനാണ് എന്റെ ചിത്രം..?''
''രാജാവ് ഏല്‍പിച്ചതാണ്.. ഏല്‍പിച്ചിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടു. രണ്ടു ചിത്രം വരയ്ച്ചുകൊടുക്കാനാണ് പറഞ്ഞത്. അതിലൊന്ന് നിഷ്‌കളങ്കനായ ഒരു മനുഷ്യന്റെ ചിത്രമായിരുന്നു. രണ്ടാമത്തേത് ഒരു പിശാചിന്റെ ചിത്രവും. നഷ്‌കളങ്കനായ മനുഷ്യന്റെ ചിത്രം മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ വരച്ചു. പിശാചിന്റെ ചിത്രം വരയ്ക്കാനാണ് ഇത്രയും വര്‍ഷം എനിക്ക് ഓടിനടക്കേണ്ടിവന്നത്..''
''നിങ്ങള്‍ വരച്ച മനുഷ്യചിത്രം എനിക്കൊന്ന് കാണിച്ചുതരുമോ...?''
ചിത്രകാരന്‍ തന്റെ ബാഗില്‍നിന്ന് പഴയ ആ ചിത്രം പുറത്തെടുത്തു.. ചിത്രം കണ്ടതോടെ അയാളുടെ മനമുരുകി. കണ്ണുകള്‍ സജലമായി. പിന്നെ ഒരു പൊട്ടിക്കരച്ചിലായിരുന്നു. നിര്‍ത്താത്ത കരച്ചില്‍.
ചിത്രകാരന് കാര്യം മനസിലായില്ല. എന്തിനാണ് കരയുന്നതെന്നു ചോദിച്ചപ്പോള്‍ പറഞ്ഞു: ''മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് നിഷ്‌കളങ്കനായൊരു കുട്ടിയുടെ ചിത്രം വരയ്ക്കാന്‍ നിങ്ങള്‍ സമീപിച്ചത് എന്നെയായിരുന്നു. എന്റെ ചിത്രമാണീ കാണുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും നിങ്ങള്‍ എന്നെതന്നെ സമീപിച്ചിരിക്കുന്നു. പക്ഷെ, സമീപിച്ചത് ഒരു പിശാചിന്റെ ചിത്രം വരയ്ക്കാനാണ്..! കാലം എന്നില്‍ വരുത്തിയ മാറ്റങ്ങളോര്‍ക്കുമ്പോള്‍ എനിക്കു സഹിക്കാന്‍ പറ്റുന്നില്ല. എന്റെ ദുഷ്‌കര്‍മങ്ങള്‍ എന്നെ ഈ വിധത്തിലാക്കി മാറ്റിയല്ലോ..''
ഭൂമുഖത്തേക്കു കടന്നുവരുമ്പോള്‍ നമുക്കുണ്ടായിരുന്നത് മാലാഖമാരുടെ നിഷ്‌കളങ്കത. കാലം കഴിയുന്നതിനനുസരിച്ച് നാം പിശാചിനെയും വെല്ലുന്ന ഇരുട്ടിന്റെ ശക്തികളായിപ്പോകുന്നത് എത്ര സങ്കടകരം..! മനുഷ്യനായി പിറന്നവന്‍ പിശാചായി പരിണമിക്കുന്നത് ആര്‍ക്കാണു സഹിക്കാന്‍ പറ്റുക..?
നമ്മുടെ പഴയ കാല ചിത്രങ്ങള്‍ നമുക്ക് വല്ലാത്ത കൗതുകങ്ങള്‍ സമ്മാനിക്കാറുണ്ട്. അതുപോലെ നാം നമ്മുടെ ഇപ്പോഴത്തെ മനസും പഴയ കാല നിഷ്‌കളങ്ക മനസും ഒന്നിച്ചുകാണുകയാണെങ്കില്‍ എന്തായിരിക്കും സ്ഥിതി..? പുറം കണ്ണുകള്‍കൊണ്ടതിനെ കാണാനാവില്ലെങ്കിലും അകക്കണ്ണുകള്‍കൊണ്ട് കാണാന്‍ ശ്രമിച്ചുനോക്കൂ..
പണ്ട് മനുഷ്യന്‍ പന്നിയും കുരങ്ങുമൊക്കെയായി കോലം മാറാറുണ്ടായിരുന്നു. ഇന്ന് കോലം മറിച്ചിലില്ല. പക്ഷെ, മനസ് മറിഞ്ഞുപോകുന്നു. ഒരുകാലത്ത് മുത്തേ സത്തേ എന്നുവിളിച്ച കുഞ്ഞിനെ കാലം മാറിയപ്പോള്‍ നാം വിളിക്കുന്നത് അസത്തേ അസത്തേ എന്നാണ്..!
ജന്മസിദ്ധമായ നിഷ്‌കളങ്കതയെ തിരിച്ചുപിടിക്കാനും സംരക്ഷിക്കുവാനും കഴിയുമെങ്കില്‍ നിങ്ങള്‍ തന്നെ വിജയികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."