പ്രവാസികള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സ്, കേരള പ്രവാസി ക്ഷേമനിധി എന്നിവ മുഖേന ആശ്വാസസഹായം നല്‍കുമന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ തുകയ്ക്ക് പുറമേ ഒറ്റത്തവണ ധനസഹായമായി 1,000 രൂപ അനുവദിക്കും. 15,000 പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ക്ഷേമനിധിയില്‍ അംഗങ്ങളായ കൊവിഡ് രോഗം ബാധിച്ച എല്ലാവര്‍ക്കും 15,000 രൂപ വീതം അടിയന്തിര സഹായ നല്‍കും. ക്ഷേമനിധി ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്നാണ് ഇതു ലഭ്യമാക്കുക.
2020 ജനുവരി ഒന്നിനു ശേഷം സാധുവായ വിസ, ജോബ് പാസ്‌പോര്‍ട്ട് എന്നിവയുമായി വിദേശത്തുനിന്ന് നാട്ടിലെത്തി കുടുങ്ങിയവര്‍ക്കും ലോക്ക് ഡൗണ്‍ മൂലം നാട്ടില്‍ കുടുങ്ങുകയും വിസാ കാലാവധി കഴിഞ്ഞവര്‍ക്കും മാര്‍ച്ച് 26 മുതല്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാവുന്നതു വരെ 5,000 രൂപയുടെ അടിയന്തിര സഹായം നോര്‍ക്ക നല്‍കും. സാന്ത്വന പട്ടികയില്‍ കൊവിഡ് 19 കൂടെ ഉള്‍പ്പെടുത്തുകയും ക്ഷേമനിധി സഹായം ലഭിക്കാത്ത പ്രവാസികള്‍ക്ക് 10,000 രൂപ അടിയന്തിര സഹായമായി നല്‍കുകയും ചെയ്യും.
പ്രവാസികളുടെ വിഷയം പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ കേരളം ഉന്നയിച്ചു. സാധ്യമായ എല്ലാ സഹായവും പിന്തുണയും നല്‍കാന്‍ ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം. ലേബര്‍ ക്യാംപില്‍ പ്രത്യേക ശ്രദ്ധവേണം. അംസഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരുടെ കാര്യം പ്രത്യേകം പരിഗണിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
പ്രവാസികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയാല്‍ അതു തിരികെ സമ്പദ് വ്യവസ്ഥയിലേക്കു തന്നെ എത്തും. ഇ.എസ്.ഐ നിബന്ധന പ്രകാരം ചില സാഹചര്യങ്ങളില്‍ ശമ്പളം നല്‍കാനുള്ള അധികാരം ഇ.എസ്.ഐക്കുണ്ട്. എന്നാല്‍ ഈ മാനദണ്ഡത്തില്‍ കൊവിഡില്ല. ഈ പട്ടികയിലേക്ക് കൊവിഡിനെ ഉള്‍പ്പെടുത്തണം. യു.എ.ഇയില്‍ ആവശ്യമായവര്‍ക്ക് ഭക്ഷണവും ചികിത്സയും നല്‍കുന്നു. വിവിധ പ്രവാസി സംഘടനകള്‍, കൂട്ടായ്മകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് മുന്നോട്ടു പോകുന്നത്. ഇവരില്‍ നിരീക്ഷണത്തില്‍ ഉള്ളവരെ പാര്‍പ്പിക്കാന്‍ പ്രത്യേക സംവിധാനങ്ങളും ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചരക്കുനീക്കത്തില്‍ പുരോഗതി 2,291 ലോഡ് ഭക്ഷ്യഉല്‍പന്നങ്ങള്‍ കൂടി എത്തി.
രണ്ടരലക്ഷം മുറികള്‍ പി.ഡബ്ല്യൂ.ഡി വകുപ്പ് കണ്ടെത്തി. ഇതില്‍ 1,24,000 മുറികള്‍ തത്സമയം ഉപയോഗിക്കാന്‍ സജ്ജം.
ടണല്‍ സാനിറ്ററൈസേഷന്‍ വേണ്ട. ഫലപ്രദമല്ല. ഇത്തരം സംവിധാനങ്ങള്‍ നിര്‍ത്താന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കും.
കൊവിഡിനൊപ്പം മറ്റുരോഗങ്ങള്‍ക്കും ചികിത്സ ലഭിക്കണം. രോഗികള്‍ ചികിത്സ മാറ്റിവയ്ക്കരുത്.
ആംബുലന്‍സില്‍ അനധികൃതമായി യാത്ര ചെയ്യുന്നത് അനുവദിക്കില്ല. സംസ്ഥാന അതിര്‍ത്തി കടക്കുന്നവരെ തടയും.
മൂന്നാര്‍ കൊട്ടാകമ്പൂര് വിഷം കലര്‍ത്തിയ കുറ്റവാളികളെ അടിയന്തിരമായി കണ്ടെത്താന്‍ നിര്‍ദേശം.
അലങ്കാര മത്സ്യക്കടകള്‍, കോഴിക്കുഞ്ഞുങ്ങളുടെ വിതരണം എന്നിവയ്ക്ക് ഇളവ് നല്‍കും.
അണ്‍എയ്ഡഡ് ജീവനക്കാരുടെ ശമ്പളം മുടങ്ങരുത്. മാനേജ്‌മെന്റ് നടപടി കൈക്കൊള്ളണം.
ഇപ്പോള്‍ സ്‌കൂള്‍ ഫീസ് വാങ്ങരുത്.
ഹോസ്റ്റലുകളില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ഥികളുടെ ലോക്ക് ഡൗണ്‍ കാലയളവിലെ ഹോസ്റ്റല്‍ ഫീസ് ഒഴിവാക്കണം.
മുടങ്ങിയ എന്‍ഡോ സള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സഹായം വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."