കൊവിഡ്-19: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ നിരാശാജനകം: ഐഒസി
റിയാദ്: ലോകത്തകമാനമുള്ള മനുഷ്യരെ കൊവിഡ്-19 ഭീതിയിലാഴ്ത്തുകയും ഭൂരിപക്ഷം വരുന്ന സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളെ ശാരീരികമായോ സാമ്പത്തികമായോ രോഗവ്യാപനം നേരിട്ട് ബാധിച്ചിരിക്കുന്ന ഈ സന്ദർഭത്തിൽ തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവാസികളെ കയ്യൊഴിയുന്നത് പ്രതിക്ഷേധാർഹമാണെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് സഊദി ഘടകം പ്രസ്താവിച്ചു. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ തൊഴിൽ ചെയ്യുന്ന ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾ അർപ്പണബോധത്തോടും, നിതാന്ത ജാഗ്രതയോടുമാണ് പ്രതിരോധപ്രവർത്തനങ്ങളിൽ ഇടപെടുന്നത്. സ്വദേശി-വിദേശി വിവേചനങ്ങൾ ഒട്ടുംതന്നെയില്ലാതെ അവർ ചെയ്തുപോരുന്ന സ്തുത്യർഹമായ സേവനങ്ങൾ പരിമിതികൾക്കും അപ്പുറമാണെന്ന് ഇതുവരെയുള്ള പ്രവർത്തനങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു.
മുപ്പത് ലക്ഷത്തിനടുത്ത് ഇന്ത്യക്കാർ തൊഴിൽ ചെയ്യുന്ന സഊദി അറേബ്യയിൽ പകുതിയിലധികവും മലയാളികളാണ്. നിർമാണമേഖലയിലും അസംഘടിത തൊഴിൽ മേഖലയിലും പ്രവർത്തിച്ചുവരുന്ന ഭൂരിപക്ഷം പ്രവാസികളും പരിമിതമായ താമസ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നവരോ ലേബർ ക്യാമ്പുകളിൽ കഴിയുന്നവരോ ആണ്. സാമൂഹിക അകലം അപ്രായോഗികമായ ഇത്തരക്കാർ ഭൂരിപക്ഷവും ജീവിത ശൈലി രോഗങ്ങൾക്ക് അടിമപ്പെട്ടവരാണ്. തങ്ങളുടെ രോഗങ്ങളിലുള്ള ആധിയും, ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളുടെ ലഭ്യതകുറവും അതിവേഗം തങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന മഹാമാരിയും തൊഴിലാളികളെ തങ്ങളുടെ സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകുന്നതിനെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. വിമാനക്കമ്പനികൾ തയ്യാറായിട്ടും തൊഴിലാളികളുടെ വൈകാരിക അവസ്ഥയെ ഒട്ടും പരിഗണിക്കാതെ യാത്രാവിലക്ക് ഏർപ്പെടുത്തിയ സർക്കാർ നടപടി നിരാശയോടെയാണ് പ്രവാസിസമൂഹം ശ്രവിച്ചതെന്ന് ഐഒസി സഊദി പ്രസിഡണ്ട് അബ്ദുള്ള മഞ്ചേരി അറിയിച്ചു. കേരളസർക്കാറിൻ്റെ നിരുത്തരവാദിത്തരപരമായ ഇടപെടൽ ഇങ്ങിനെ ഒരു തീരുമാനമെടുക്കാൻ കേന്ദ്രസർക്കാറിനെ സഹായിച്ചു എന്ന് വേണം വിലയിരുത്താൻ.
വർഷാവർഷം ഒരു ലക്ഷം കോടിയിലധികം രൂപയാണ് പ്രസികൾ കേരളത്തിലേക്കയക്കുന്നത്. സർക്കാർ വരുമാനത്തിൻ്റെ മുപ്പത് ശതമാനം സമാഹരിക്കുന്ന പ്രവാസികളാണ് ഇന്നുകാണുന്ന കേരളത്തെ പടുത്തുയർത്തിയത് എന്ന് സർക്കാർ പലപ്പോഴും മറന്നുപോകുന്നു. കേരളത്തിലെ മത-സാമൂഹിക-സാംസ്‌കാരിക-ആരോഗ്യ-വിദ്യാഭ്യാസ- മാധ്യമ- നിർമാണമേഖലകളിലെല്ലാം പ്രവാസിയുടെ കയ്യൊപ്പ് മറച്ചുവെക്കാനാവില്ല. നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ പ്രളയം കേരളത്തെ മുക്കിക്കളഞ്ഞപ്പോൾ ഇരുകയ്യും നീട്ടി കൈമെയ് മറന്നു പ്രവർത്തിച്ചവരാണ് പ്രവാസിമലയാളികൾ. ഗൾഫ് മേഖലയിലെ ഭരണാധികാരികളിൽനിന്നും കച്ചവട-വ്യവസായ മേഖലകളിൽനിന്നും പ്രളയകാലത്ത് കേരളത്തിന് ലഭിച്ച സംഭാവന പ്രവാസി മലയാളികളുടെ സ്തുത്യർഹമായ സേവനങ്ങൾക്കും നിർലോഭമായ സേവനങ്ങൾക്കും ലഭിച്ച അംഗീകാരങ്ങൾ കൂടിയാണ്. കഴമ്പില്ലാത്ത വാഗ്‌ദാനങ്ങൾ നൽകിയും പ്രവാസികളെ പരിഹസിക്കുമാറ് പ്രവാസി സംഗമങ്ങൾ നടത്തുന്ന സർക്കാരുകൾ ഈ അവസരത്തിൽ പ്രവാസികളെ കൈവെടിയുന്നത് കേരളത്തിൻ്റെ ശോഭനമായ ഭാവിക്കുകൂടി കോട്ടം തട്ടുമെന്ന് ഐഒസി യോഗം വിലയിരുത്തി.
കാര്യങ്ങളുടെ നിജസ്ഥിതി ഗൗരവപൂർവം പ്രധാനമന്ത്രിയുടെയും സംസ്ഥാനമുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതോടൊപ്പം ഈ വിഷയത്തിൻ്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് വേണ്ട നടപടികൾ സ്വീകരിക്കാൻ സോണിയ ഗാന്ധി, കെസി വേണുഗോപാൽ, രാഹുൽ ഗാന്ധി, ഐഒസി ചെയർമാൻ ഡോ.സാംപിട്രോഡ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂർ എന്നിവരോട് അഭ്യർത്ഥിക്കുമെന്നും ഘടകം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."