പെരുന്നാള്‍ പൊലിവ്
കൊച്ചി: വിശുദ്ധ റമദാന്‍ വിടപറയുന്നതോടെ വിശ്വാസികള്‍ക്ക് ആഘോഷമേകി ചെറിയപെരുന്നാള്‍ വന്നെത്തി. ഒരുമാസക്കാലത്തെ വ്രതശുദ്ധിയില്‍ ആത്മീയതയുടെ പുണ്യം നുകര്‍ന്ന വിശ്വാസി സമൂഹത്തിന് ഇനി ആഘോഷത്തിന്റെ രാപ്പകലുകള്‍. ശവ്വാല്‍ മാസപ്പിറവി കാണുന്നതോടെ പള്ളികളില്‍ തക്ബീര്‍ ധ്വനികള്‍ മുഴങ്ങും.
നാടും നഗരവും ചെറിയപെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. അവധി ദിനമായിരുന്നതിനാല്‍ പെരുന്നാളിനോടനുബന്ധിച്ച് നഗരത്തില്‍ ഇന്നലെ പതിവിലും തിരക്കായിരുന്നു.
പറവൂര്‍: ആഘോഷത്തിന് പറവൂര്‍ നഗരം ഒരുങ്ങി. പെരുന്നാള്‍ അടുത്തതോടെ നഗരാന്തരീക്ഷം ജനത്തിരക്കിലേക്കായി മാറി. വ്രതശുദ്ധിയുടെ അവസാന വെള്ളിയാഴ്ച്ച കഴിഞ്ഞതോടെ പറവൂര്‍ പട്ടണത്തില്‍ വിപണികള്‍ ഉണര്‍ന്നുകഴിഞ്ഞു.
മാര്‍ക്കറ്റുകളിലും വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും മധുരപലഹാരകടകളിലുമാണ് പൊതുവേ കച്ചവടം നടക്കുന്നത്. വിപണിയിലെ വിലവര്‍ധനവില്‍ നിന്നും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിന് സഹകരണ സംഘങ്ങള്‍ അവരുടെതായ പരിധികുള്ളില്‍ നിന്നുകൊണ്ട് റമദാന്‍ ചന്തകളും ആരഭിച്ചിട്ടുണ്ട്. എന്നാല്‍ വിപണികളില്‍ ഓരോ സാധനങ്ങള്‍ക്കും പോള്ളുന്ന വിലയാണെന്നാണ് റിപ്പോര്‍ട്ട്. പെരുന്നാളിനോടനുബന്ധിച്ച് സര്‍ക്കാരിന്റേതായ വിപണന കേന്ദ്രങ്ങള്‍ ഒന്നുംതന്നെ പറവൂരിലില്ല. ഇതുമൂലം സ്വകാര്യകച്ചവടസ്ഥാപനങ്ങളില്‍ നിന്നും അമിതവില നല്‍കിവേണം ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍.
പെരുമ്പാവൂര്‍: റമദാന്‍ വിട പറയുന്ന അവസാന ദിവസങ്ങള്‍ പെരുമ്പാവൂര്‍ നഗരത്തില്‍ വന്‍തിരക്ക്. ജില്ലയിലെ തന്നെ എറ്റവുമധികം വസ്ത്രവ്യാപാര സ്ഥാപനങ്ങളുള്ള നഗരമെന്നതിനാല്‍ തിരക്കിലും നഗരം മുന്‍പന്തിയിലാണ്.
സമിപ പ്രദേശങ്ങളായ കോതമംഗലം, മൂവാറ്റുപുഴ, അയല്‍ ജില്ലയായ ഇടുക്കിയില്‍ നിന്നുള്ള പ്രദേശങ്ങളില്‍ നിന്നു പോലും വസ്ത്രങ്ങള്‍ വാങ്ങാന്‍ ആളുകള്‍ ഇവിടെയെത്തുന്നുണ്ട്. ഒരു കാലത്ത് പച്ച മീന്‍ മാര്‍ക്കിന്റെയും പച്ചക്കറി മാര്‍ക്കറ്റിന്റെയും പെരുമയുണ്ടായിരുന്ന ഈ നഗരം ഇന്ന് വസ്ത്രവ്യാപാര രംഗത്തെ മുന്‍നിരയിലേക്ക് മാറി കഴിഞ്ഞു.
പഴയ പച്ചക്കറി മാര്‍ക്കറ്റും മിന്‍ മാര്‍ക്കറ്റും ഇന്ന് പേരിന് മാത്രമായി മാറിക്കഴിഞ്ഞു. പല സ്ഥാപനങ്ങളും വന്‍കിട ഓഫറുകള്‍ നല്‍കുന്നതിനാല്‍ നഗരത്തിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് അനിയന്ത്രിതമാണ്. എറണാകുളം പട്ടണം കഴിഞ്ഞാല്‍ ഏറ്റവും അധികം വസ്ത്ര വില്‍പന നടക്കുന്നത് പെരുമ്പാവൂരിലാണന്ന് കച്ചവടക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വാഹന പെരുപ്പം കൊണ്ട് നഗരം നിശ്ചലമാണ്. മണിക്കൂറുകളാണ് പ്രധാന നിരത്തുകളായ എ.എം റോഡിലും എം.സി റോഡിലും വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. പാര്‍ക്കിങ് സൗകര്യങ്ങള്‍ നഗരത്തില്‍ കുറവായതിനാല്‍ ഈ റോഡിന്റെ ഇരുവശങ്ങളിലുള്ള പാര്‍ക്കിങ് ഗതാഗതകുരുക്കിന് പ്രധാന കാരണമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."