ഷെയ്ഖ് മുജീബുറഹ്മാന്‍ വധം; മുന്‍ സൈനികമേധാവിയെ ബംഗ്ലാദേശ് തൂക്കിക്കൊന്നു
ധാക്ക: ബംഗ്ലാദേശ് സ്ഥാപകന്‍ ഷെയ്ഖ് മുജീബുറഹ്മാന്റെ വധവുമായി ബന്ധപ്പെട്ട് മുന്‍ സൈനികമേധാവി അബ്ദുല്‍ മാജിദിനെ തൂക്കിക്കൊന്നു. ശനിയാഴ്ച അര്‍ധരാത്രി കെരാനിഗന്‍ജിനടുത്ത സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് ശിക്ഷ നടപ്പാക്കിയത്. കാല്‍ നൂറ്റാണ്ടുകാലം ഇന്ത്യയില്‍ ഒളിവില്‍ കഴിഞ്ഞെന്നു കരുതുന്ന മാജിദിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കിഴിഞ്ഞ മാസം 15നാണ് ഇദ്ദേഹം രഹസ്യമായി നാട്ടിലെത്തിയത്.
1975 ഓഗസ്റ്റ് 15നാണ് മുജീബുറഹ്മാനെയും നിരവധി കുടുംബാംഗങ്ങളെയും സൈനിക അട്ടിമറിയെ തുടര്‍ന്ന് പട്ടാളം കൊലപ്പെടുത്തിയത്. ഈ സമയം ജര്‍മനിയിലായതിനാലാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഇളയ സഹോദരി രഹാനയും കൂട്ടക്കൊലയില്‍ നിന്നു രക്ഷപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു.
മുന്‍ സൈനികമേധാവിയുടെ മൃതദേഹം ഖബറടക്കുന്നതിനായി കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുത്തതായി ജയില്‍ ഐ.ജി മുസ്തഫ കമാല്‍ പാഷ അറിയിച്ചു. മുജീബുറഹ്മാന്റെ കൊലപാതകത്തില്‍ തനിക്കു പങ്കുണ്ടെന്ന് പരസ്യമായി ഏറ്റുപറഞ്ഞയാളാണ് കൊല്ലപ്പെട്ട മാജിദ്.
മുജീബുറഹ്മാന്റെ വധവുമായി ബന്ധപ്പെട്ട് ഇതുവരെ 12 മുന്‍ സൈനിക ഓഫിസര്‍മാരെയാണ് വധശിക്ഷയ്ക്കു വിധേയരാക്കിയത്. ഈ കേസില്‍ ലഫ്. കേണല്‍ അബ്ദുല്‍ റാഷിദിനെ മാത്രമേ ഇനി പിടികൂടാനുള്ളൂ. ഇയാള്‍ പാകിസ്താനില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് കരുതുന്നത്. 1996ലെ പൊതുതെരഞ്ഞെടുപ്പില്‍ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് അധികാരത്തിലേറിയതോടെ ധനകാര്യ മന്ത്രാലയത്തില്‍ ജോലിചെയ്യുകയായിരുന്ന മാജിദ് ഇന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ബംഗബന്ധു എന്നറിയപ്പെടുന്ന മുജീബുറഹ്മാന്റെ വധത്തില്‍ പങ്കെടുത്തവരെ നീതിക്കു മുന്നില്‍ കൊണ്ടുവരുമെന്ന് അവാമി ലീഗ് തെരഞ്ഞെടുപ്പ് പത്രികയില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."