തീരുമാനം മതനിരപേക്ഷത സംരക്ഷിക്കാന്‍: മാണി
തിരുവനന്തപുരം: രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാനും ശക്തിപ്പെടുത്താനും കോണ്‍ഗ്രസുമായി ചേര്‍ന്നുള്ള കൂട്ടായ്മ അത്യാവശ്യമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ പ്രാദേശിക പാര്‍ട്ടികള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ശക്തിപകരേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് മുന്നണിയില്‍ തിരിച്ചെത്തിയത്. ഇതിന് ഒരു ഉപാധികളും മുന്നോട്ടുവച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.പി.എ അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് നടപ്പാക്കേണ്ട കാര്‍ഷിക നയങ്ങളെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ സഹായിക്കാമെന്ന് ഉറപ്പു നല്‍കിയെന്നും മാണി പറഞ്ഞു.
തന്നെ യു.ഡി.എഫിലേക്ക് എത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. രാജ്യസഭാ സീറ്റ് നല്‍കിയ കോണ്‍ഗ്രസിന്റെ സന്മനോഭാവത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു മണിക്കൂര്‍ നീണ്ട പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമാണ് യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച് നിലപാട് മാണി വ്യക്തമാക്കിയത്.
അതിനുശേഷം കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലേക്ക് കെ.എം മാണിയും മറ്റ് നേതാക്കളുമെത്തി. കേരള കോണ്‍ഗ്രസ് യു.ഡി.എഫിലേക്ക് വന്നത് മുന്നണിക്ക് കൂടുതല്‍ കരുത്തുപകരുമെന്നും ഇനി ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനം കാഴ്ചവയ്ക്കുമെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫില്‍ നിന്നും പോയിട്ടും മുന്നണി നേതാക്കള്‍ക്ക് തന്നോടുള്ള സ്‌നേഹത്തിനും സഹകരണത്തിനും ഒരു കുറവുമുണ്ടായില്ലെന്ന് കെ.എം മാണിയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."