സീറ്റ് വിവാദം: കോഴിക്കോടും പുകയുന്നു: വേദനയുണ്ടെങ്കിലും മുന്നണിയെ ശക്തിപ്പെടുത്തുമെന്ന് ടി. സിദ്ദീഖ്
കോഴിക്കോട്: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസി (എം)ന് നല്‍കിയതില്‍ വേദനയും ദുഃഖവുമുണ്ടെങ്കിലും നേതൃത്വത്തിന്റെ തീരുമാനം ഒറ്റക്കെട്ടായി അംഗീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്നണിയെ ശക്തിപ്പെടുത്തി 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ മോദിയെ താഴെയിറക്കാനുള്ള വിശാല മതനിരപേക്ഷ സഖ്യത്തിനാണ് കോണ്‍ഗ്രസും യു.ഡി.എഫും ശ്രമിച്ചത്.
യു.ഡി.എഫിന്റെ വിശാല കാഴ്ചപ്പാട് മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനം ഉണ്ടായത്. നേരത്തെയും സമാനമായ സാഹചര്യമുണ്ടായിട്ടുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഗുണപരമായ നീക്കമാണ് നേതാക്കള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം 20ന് രാവിലെ 10ന് കോഴിക്കോട് ഡി.സി.സിയില്‍ ചേരും. സാധാരണ പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുന്നതിനായി മണ്ഡലം, ബ്ലോക്ക് യോഗങ്ങള്‍ ചേരും. ജില്ലയില്‍ കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായി മുന്നോട്ടുപോകും. കോണ്‍ഗ്രസ് നേതാക്കള്‍ക്കായി വാതില്‍ തുറന്നിടുന്നതായി പറയുന്ന ബി.ജെ.പിക്ക് ആഭ്യന്തരപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇതുവരെയായി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്വീകരിക്കാനുള്ള കട്ടില്‍ ബി.ജെ.പിയും സി.പി.എമ്മും സ്വയം മടക്കിവയ്ക്കുന്നതാണ് നല്ലതെന്നും സിദ്ദീഖ് പറഞ്ഞു.
നിയമസഭയിലെ അംഗബലമനുസരിച്ച് കോണ്‍ഗ്രസ് മാത്രം വിചാരിച്ചാല്‍ രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ കഴിയില്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി. ഉഷാദേവി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജെയ്‌സല്‍ അത്തോളി, കെ.പി.സി.സി സെക്രട്ടറി അഡ്വ കെ. പ്രവീണ്‍കുമാര്‍, അഡ്വ. പി.എം നിയാസ് എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."