മൈലാടുംകുന്നിനെ വിറപ്പിച്ച അജ്ഞാതജീവിയെ പിടികൂടി
ചിങ്ങവനം: മൈലാടുംകുന്നിനെ വിറപ്പിച്ചത് അജ്ഞാതജീവിയല്ല; കാട്ടുപൂച്ച തന്നെ. ഒരു മാസങ്ങളോളം പ്രദേശവാസികളുടെ ഉറക്കംകെടുത്തിയ ജീവിയെ ഒടുവില്‍ പിടികൂടിയപ്പോഴാണ് വളര്‍ത്തുമൃഗങ്ങളെ അക്രമിച്ചത് കാട്ടുപൂച്ചതന്നെയായിരുന്നുവെന്ന് നാട്ടുകാര്‍ക്ക് വ്യക്തമായത്.
ഇന്നലെ പിടികൂടിയ കാട്ടുപൂച്ചയെ പ്രദേശവാസികള്‍ തന്നെ തല്ലിക്കൊന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് പ്രദേശത്തെ ആളൊഴിഞ്ഞ പുരയിടത്തേക്ക് കളിക്കാന്‍ ചെന്ന കുട്ടികള്‍ കാട്ടുപൂച്ചയെ കണ്ടത്. അഞ്ചോളം വരുന്ന ജീവികള്‍ ഉഗ്ര ശബ്ദത്തോടെ കുട്ടികളെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ ഇവര്‍ അലറി കരഞ്ഞു. ശബ്ദം കേട്ട് എത്തിയ നാട്ടുകാര്‍ വടികളുമായി പാഞ്ഞെത്തി ഇവരേയും ആക്രമിക്കാന്‍ തുടങ്ങിയതോടെ കല്ലുകള്‍ എറിഞ്ഞ് കാട്ടുപൂച്ചയെ പിന്‍തിരിപ്പിക്കാനായി നാട്ടുകാരുടെ ശ്രമം.
ഇതോടെ നാലു ജീവികള്‍ പുരയിടത്തിന്റെ മറുഭാഗത്തേക്ക് ഓടിപോയി അവശേഷിച്ച കാട്ടുപൂച്ചയെ വടികൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് അവശനിലയിലായ കാട്ടുപൂച്ച ചത്തു.
പ്രദേശത്ത് വളര്‍ത്തുമൃഗങ്ങളെ വകവരുത്തിയിരുന്നത് കാട്ടുപൂച്ചയായിരുന്നുവെന്നാണ് നാട്ടുകാരുടെ വാദം.
ഈ വിവരം വനം വകുപ്പിനെ അറിയിച്ചപ്പോള്‍ വല സ്ഥാപിച്ചെങ്കിലും നാട്ടുകാരെ കുറ്റപ്പെടുത്തുന്ന രീതിയിലായിരുന്നു വനംവകുപ്പ് ജീവനക്കാരുടെ പെരുമാറ്റം.
ഇതിനിടെ കഴിഞ്ഞ ദിവസം പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടേയും നാട്ടുകാരുടേയും യോഗം ചേര്‍ന്ന് അജ്ഞാത ജീവിക്കായുള്ള തിരച്ചില്‍ ശക്തിപ്പെടുത്താനും തീരുമാനിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കാട്ടുപൂച്ച കുടുങ്ങിയത്. അവശേഷിക്കുന്ന ജീവികളേയും പിടികൂടണമെന്നും വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ട നാട്ടുകാര്‍ക്ക് ദുരിതാശ്വാസം നല്‍കണമെന്നും ഡി.സി.സി സെക്രട്ടറി അഡ്വ. ജോണി ജോസഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കുഴിമറ്റം മേഖലയില്‍ നിരവധി ആടുകളെ അക്രമിച്ചതോടെയാണ് പ്രദേശത്ത് അജ്ഞാത ജീവി ഭീതി ഉണ്ടായത്.
ആടുകള്‍ ഏറെയുള്ള പ്രദേശത്ത് ഇത്തരത്തിലുള്ള ആക്രമണം നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്നു. ജൂണ്‍ രണ്ടിന്, അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ മൈലാടുംകുന്ന് വാലുപറമ്പില്‍ ഗോപിയുടെ അഞ്ച് ആടുകള്‍ ചത്തിരുന്നു. തുടര്‍ന്ന് അജ്ഞാത ജീവിയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിക്കുകയും ചെയ്തു.
ഒരു ദിവസം അജ്ഞാ ജീവി കൂട്ടില്‍ അകപ്പെട്ടുവെങ്കിലും കൂട് തകര്‍ത്തു രക്ഷപ്പെട്ടു. പിന്നീട് കൂട് വനംവകുപ്പ് മാറ്റി. നാടിനെ വിറപ്പിച്ച അജ്ഞാത ജീവിയെ തിരിച്ചറിയാന്‍ കാമറ സ്ഥാപിക്കുകയായിരുന്നു അടുത്ത പദ്ധതി.
എന്നാല്‍ അതും പാളി. അന്ന് കാമറയില്‍ കുടുങ്ങിയത് നായകളായിരുന്നു.പിന്നീട് ആടിനെ അക്രമിച്ച സ്ഥലത്തുനിന്നും നൂറുമീറ്റര്‍ അകലെ പട്ടാപ്പകല്‍ അജ്ഞാതജീവി കോഴിയെ പിടികൂടിയെന്ന വാര്‍ത്ത പുറത്തു വന്നു.
പൂച്ചയുടെ മുഖവും നായയുടേതിനേക്കാള്‍ വലിയ ശരീരരവുമുള്ള ജീവിയായിരുന്നു അതെന്നാണ് നാട്ടുകാര്‍ പറഞ്ഞിരുന്നത്. മുതലേകരി രാജന്‍ ജോണിന്റെ പുരയിടത്തില്‍ വെച്ച് ഒരാഴ്ച്ച മുന്‍പ് അജ്ഞാത ജീവിയെ കണ്ടത്. അസാധാരണ ജീവിയെ കണ്ട രാജനും കുടുംബാംഗങ്ങളും ബഹളം കൂട്ടി ഓടിക്കുകയായിരുന്നു.
അരമണിക്കൂറിനു ശേഷം വീടിനു സമീപമെത്തിയ അജ്ഞാത ജീവി വീട്ടുകാര്‍ നോക്കിനില്‍ക്കേ കോഴിയെ കൈകൊണ്ട് അടിച്ചുവീഴ്ത്തി കഴുത്തില്‍ കടിച്ചു.
ഇതോടെ,വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കോഴിയെ ഉപേക്ഷിച്ച് ജീവി രക്ഷപ്പെട്ടു. അതിനുശേഷം അജ്ഞാതജീവിയുടെ ആക്രണം പ്രദേശത്ത് അത്ര ഇല്ലായിരുന്നു.
അങ്ങനെയിരിക്കെയാണ് ഒരാഴ്ച്ചയ്ക്ക് ശേഷം ഇന്നലെ വീണ്ടും പ്രദേശത്ത് അജ്ഞാതജീവിയുടെ സാന്നിധ്യം ഉണ്ടാകുന്നതും,തെരച്ചിലിനൊടുവില്‍ നാട്ടുകാര്‍ കാട്ടുപൂച്ചയെ പിടികൂടിയതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."