ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് പരിശോധന നടത്തി
നിലമ്പൂര്‍: ടൗണില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് അധികൃതര്‍ പരിശോധന നടത്തി. കെ.എന്‍.ജി റോഡില്‍ ഐ.സി.ഐ.സി.ഐ ബാങ്ക് ശാഖക്ക് സമീപത്തെ മൂന്ന് നില കെട്ടിടത്തിലാണ് നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് പൊലിസിന്റെ സഹായത്തോടെ പരിശോധന നടത്തിയത്.
കഴിഞ്ഞ തവണ ഇവിടെ അധികൃതര്‍ പരിശോധന നടത്തി കെട്ടിട ഉടമക്ക് താക്കീത് നല്‍കിയിരുന്നു. അന്ന് നല്‍കിയ നിര്‍ദേശങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്ന് കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് കെട്ടിടത്തിലെ ടോയ്‌ലറ്റുകള്‍ ഉള്ളതെന്നും ഓരോ മുറിയിലും നിരവധി പേരേയാണ് താമസിപ്പിക്കുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. ഇടുങ്ങിയ ഒരു മുറിയില്‍ 25 പേര്‍ വരെ താമസിക്കുന്നുണ്ട്. ഒരാളില്‍ നിന്നും 1400 രൂപയാണ് ഉടമ ഈടാക്കുന്നത്.
ടോയ്‌ലറ്റിലെ മലിനജലമടക്കം താഴെയുള്ള കച്ചവട സ്ഥാപനങ്ങളിലേക്കും സ്വകാര്യ ഓഫിസുകളിലേക്കും ഒലിച്ചിറങ്ങുന്നുണ്ട്. കെട്ടിടത്തിന്റെ മുകള്‍ ഭാഗവും കൊതുകുകള്‍ വളരാനുള്ള സാഹചര്യത്തിലാണുള്ളത്. തൊഴിലാളികളെ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും ഉടമയുടെ കയിലില്ല. പൊലിസിനും വിവരങ്ങള്‍ കൈമാറിയിട്ടില്ല. നിയമനടപടികളടക്കം സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ആരോഗ്യവിഭാഗം ജെ.എച്ച്.ഐ കെ.അബ്ദുല്‍ ഹമീദ്, നസറുദ്ദീന്‍, ഗോകുല്‍ നാഥ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."