കൊവിഡ് 19- കേരളത്തിന്റെ മുന്‍കരുതലുകളെ പ്രശംസിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ്
ന്യൂയോര്‍ക്ക്: കൊവിഡ് 19നെ നേരിടുന്നതില്‍ കേരളം എടുക്കുന്ന മുന്‍കരുതലുകള്‍ രാജ്യത്തിന് തന്നെ മാതൃകയാക്കാന്‍ പറ്റുന്നതാണെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ വിലയിരുത്തല്‍.കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ മികവിനെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റാണ് അഭിപ്രായ പ്രകടനം നടത്തിയത്.
നേരത്തെ തന്നെ രോഗം കണ്ടെത്താനുള്ള സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള കരുതല്‍, സജീവമായ സാമൂഹികപിന്തുണ എന്നിവ രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് കണ്ടു പഠിക്കാവുന്നതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊവിഡിന്റെ കാര്യത്തില്‍ കേരളം സ്വീകരിച്ച അടിയന്തര പ്രതികരണവും രോഗം വ്യാപിക്കുന്നത് തടയാന്‍ സ്വീകരിച്ച മാര്‍ഗങ്ങളും മികച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് തന്നെ കേരളം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെക്കുറിച്ചും രണ്ട് മാസത്തെ മുന്‍കൂര്‍ പെന്‍ഷന്‍ ഏര്‍പ്പെടുത്തിയതിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പ്രശംസിക്കുന്നുണ്ട്.
'' പൊതുവിദ്യാഭ്യാസത്തിലും സാര്‍വത്രിക ആരോഗ്യ പരിരക്ഷയിലും സര്‍ക്കാര്‍ വളരെയധികം നിക്ഷേപം നടത്തി. രാജ്യത്ത് ഏറ്റവും മികച്ച സാക്ഷരതാ നിരക്കും പൊതുജനാരോഗ്യ സംവിധാനത്തില്‍ നിന്നുള്ള ആനുകൂല്യങ്ങളും കേരളത്തിലുണ്ട്.
നവജാതശിശു മരണനിരക്ക്, പ്രതിരോധ കുത്തിവയ്പ്പുകള്‍, പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങളില്‍ സ്പെഷ്യലിസ്റ്റുകളുടെ ലഭ്യത ഉറപ്പുവരുത്തല്‍ എന്നിവ സംബന്ധിച്ച ഇന്ത്യയുടെ റാങ്കിംഗില്‍ ഇത് ഒന്നാമതാണ് കേരളം'' റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ആദ്യ സംസ്ഥാനമായിട്ടും പുതിയ കേസുകളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കാനും 34 ശതമാനം പേര്‍ക്ക് രോഗമുക്തി നേടികൊടുക്കാനും കേരളത്തിന് സാധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊവിഡ് 19 ഹോട്ട് സ്പോട്ടുകളില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ പ്രയോജനപ്പെടുത്താനും ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ കണക്കിലെടുത്ത് വാക്-ഇന്‍ ടെസ്റ്റ് സൗകര്യം ഏര്‍പ്പെടുത്താനും കേരളത്തിന് കഴിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സംസ്ഥാനത്തെ അതിഥിതൊഴിലാളികള്‍ക്ക് താമസസൗകര്യവും സൗജന്യ ഭക്ഷണവും ഏര്‍പ്പെടുത്തിയതിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ലോക്ഡൗണ്‍ സമയത്ത് ആളുകള്‍ പുറത്തിറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഏര്‍പ്പെടുത്തിയ ഡ്രോണ്‍ നിരീക്ഷണത്തിന്റെ കേരളപൊലിസ് പങ്കുവെച്ച വീഡിയോയും ബ്രിട്ടീഷ് പൗരന്‍ കൊവിഡ് മുക്തി നേടിയതിനെക്കുറിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ പങ്കുവെച്ച ട്വീറ്റും വാര്‍ത്തയില്‍ ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."