കരിമ്പനി ഭീഷണിയില്‍ ആദിവാസി ഊരുകള്‍
കാട്ടാക്കട: കൊടും മഴിലും വീശിയടിക്കുന്ന കാറ്റിലും കരിമ്പനിയുടെ ഭീഷണിയിലാണ് ആദിവാസി സമൂഹം. വനത്തിലും താഴ്‌വാരത്തും കരിമ്പനി ഭീഷണി പരത്തുകയാണ്. വനത്തിലെ ആദിവാസി ഊരുകളിലാണ് അധികവും ഇത് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതായി കണക്കാക്കുന്നത്.
അതിനാല്‍ തന്നെ ആരോഗ്യ വകുപ്പിന്റെ അടിയന്തര ശ്രദ്ധ ഇവിടേയ്ക്കുണ്ടാകണമെന്ന് ആവശ്യമുയരുകയാണ്. അടുത്തിടെ കുളത്തൂപ്പൂഴയിലാണ് മണലീച്ചകള്‍ പരത്തുന്ന കരിമ്പനി ബാധിച്ച് ആദിവാസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉള്‍വനത്തിലെ ഊരില്‍ നിന്നാണ് ഇയാള്‍ക്ക് രോഗം വന്നത്. ഇയാളുടെ പൂര്‍ത്തിയാകാത്ത വീടിനടുത്ത് നിന്നും മണലീച്ചകളെ കണ്ടെത്തുകയും ചെയ്തിരുന്നു. ഇത്തരം മണലീച്ചകള്‍ വനത്തില്‍ ധാരാളമുണ്ട്.
അതിനാല്‍ തന്നെ ഇത് വന്‍ ഭീഷണിയായി മാറിയിരിക്കുകയാണ്. വീടുകളിലെ ഭിത്തിയില്‍ നവുള്ള ഭാഗങ്ങളിലെ വിടവുകളിലാണു മണലീച്ചകള്‍ കാണപ്പെടുന്നത്. ആദിവാസി വീടുകളില്‍ അധികവും സിമന്റ് പൂശാത്ത വീടുകളാണ്. മാത്രമല്ല വീട് പൂര്‍ത്തിയാകാത്തവയിലാണ് ആദിവാസികള്‍ താമസിക്കുന്നത്. വീട് നിര്‍മാണത്തിന് സമയത്തിന് പണമില്ലാതെയും ഫണ്ട് അനുവദിക്കാതെയും പിന്നെ ബന്ധപ്പെട്ട അധികാരികളുടെ അവഗണയും കാരണം വീട് നിര്‍മാണം വഴിയ്ക്ക് വച്ച് നിറുത്തി വയ്ക്കും. അതിനാല്‍ കയറിതാമസിക്കുകയല്ലാതെ ഇവര്‍ക്ക് വേറെ മാര്‍ഗങ്ങളില്ല. ഇങ്ങനെ താമസിക്കുന്ന വീടുകളിലെ ഭിത്തികളിലാണ് മണലീച്ചകള്‍ കൂടിയിരിക്കുന്നതും മുട്ടയിട്ട് പെരുകുന്നതും.
ഇത് വനത്തിന് പുറത്ത് നാട്ടിന്‍പുറത്തും ബാധിച്ചേയ്ക്കാം. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ ഭീതിയിലായിരിക്കുന്നത്. കരിമ്പനി ആന്തരികാവയവങ്ങളെ ബാധിച്ചാല്‍ യഥാസമയം ചികിത്സ നേടിയില്ലെങ്കില്‍ മരണകാരണമായേക്കാം. രോഗബാധയുള്ള മണലീച്ചകളുടെ കടിയേല്‍ക്കുന്നവര്‍ക്കാണു രോഗം പിടിപെടുക എന്ന് ആരോഗ്യവകുപ്പ് പറയുന്നു. അഗസ്ത്യവനത്തിലെ നെയ്യാര്‍, പേപ്പാറ വന്യജീവി സങ്കേതങ്ങളിലും പരുത്തിപ്പള്ളി റേഞ്ചിലെ വനത്തിലും ആദിവാസികള്‍ക്കാണ് ഭീഷണി.
ഉള്‍ക്കാടുകളിലെ പ്ലാത്ത്, അണകാല്‍, എറുമ്പിയാട്, ആമല, കുന്നത്തുമല, തുടങ്ങി പത്തോളം കോളനികളില്‍ മണലീച്ചയുടെ സാന്നിധ്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് സമ്മതിക്കുന്നുണ്ട്. കൃഷിപ്പണിക്കാര്‍ക്കും വനമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും പോഷകാഹാരക്കുറവുള്ളവര്‍ക്കുമാണു രോഗസാധ്യത കൂടുതല്‍. അതിനാല്‍ തന്നെ ആദിവാസികള്‍ അധികവും വനമേഖലയില്‍ ജോലിയ്ക്ക് പോകുന്നവരാണ്. മാത്രമല്ല പോഷകാഹാരകുറവും ഇവരെ അലട്ടുന്നു. ഇതാണ് വന്‍ ഭീഷണിയായി മാറിയിരിക്കുന്നത്. വനമേഖലയില്‍ ജോലിക്കു പോകുന്നവര്‍ ശരീരം മുഴുവന്‍ മറയ്ക്കുംവിധം വസ്ത്രം ധരിക്കുകയോ ലേപനങ്ങള്‍ പുരട്ടുകയോ വേണം.
ഇതൊന്നും ഇല്ലാതെ തോര്‍ത്ത് മാത്രം ധരിച്ചുപോകുന്നവരാണ് ആദിവാസികളായ കാണിക്കാര്‍. വനത്തില്‍ വനവിഭവശേഖരത്തിനു നിരവധി പേരാണ് സ്ത്രീകളും കുട്ടികളുമായി പോകുന്നത്. ആരോഗ്യ വകുപ്പിന് ഒപ്പം വനം വകുപ്പും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് പരക്കെ ആവശ്യമുയര്‍ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."