കാഞ്ഞിരത്തിനാല്‍ കുടുംബത്തോടുള്ള അനീതി അവസാനിപ്പിക്കണം: കെ.സി.വൈ.എം
കല്‍പ്പറ്റ: വനം വകുപ്പ് തെറ്റായി പിടിച്ചെടുത്ത കൃഷിഭൂമി തിരികെ ആവശ്യപ്പെട്ട് സമരമുഖത്തുള്ള കാഞ്ഞിരത്തിനാല്‍ കുടുംബത്തോടുള്ള അനീതി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത ഘടകം ആവശ്യപ്പെട്ടു.
അവകാശപ്പെട്ട ഭൂമിക്കായി കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങള്‍ ആയിരത്തിലധികം ദിവസങ്ങളായി കലക്ടറേറ്റ് പടിക്കല്‍ സമരത്തിലാണ്. കാഞ്ഞിരങ്ങാട് വില്ലേജില്‍ കാഞ്ഞിരത്തിനാല്‍ കുടുംബം വിലയ്ക്കുവാങ്ങിയ 12 ഏക്കര്‍ വനഭൂമിയില്‍ ഉള്‍പ്പെടുന്നതല്ലെന്നു വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. എന്നിട്ടും സാങ്കേതിക തടസങ്ങള്‍ നീക്കി ഭൂമി വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് ക്രൂരതയാണ്.
ഭൂമി വിട്ടുകൊടുക്കുന്നതില്‍ കാര്യമായ തടസങ്ങളില്ലെന്നു കല്‍പ്പറ്റ എം.എല്‍.എ സി.കെ. ശശീന്ദ്രന്‍ ആവര്‍ത്തിക്കുന്നുമുണ്ട്.
നീതിനിഷേധം തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കാന്‍ തീരുമാനിച്ചു. രൂപത ഡയരക്ടര്‍ ഫാ.റോബിന്‍ പടിഞ്ഞാറയില്‍ അധ്യക്ഷനായി.
പ്രസിഡന്റ് ജിഷിന്‍ മുണ്ടയ്ക്കാത്തടത്തില്‍, ജനറല്‍ സെക്രട്ടറി സുബിന്‍ ജോസ്, വൈസ് പ്രസിഡന്റ് റോസ് മേരി തേറുകാട്ടില്‍, അലീന ജോയി, ജിജോ താന്നിവേലി, ആല്‍ഫില്‍ അമ്പാറയില്‍, അഖില്‍ പള്ളത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."