മലയാളി കുടുംബം ഉംറ യാത്രക്കിടെ അപകടത്തില്‍ പെട്ട് സഹോദരിമാര്‍ മരിച്ചു
ദമാം: ഉംറ യാത്രക്കിടെ വാഹനം അപകടത്തില്‍ പെട്ട് സഹോദരിമാരായ രണ്ടുപേര്‍ മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ദമാമില്‍ നിന്നും ഉംറ തീര്‍ത്ഥാടനത്തിനായി പുറപ്പെട്ട മലയാളി കടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. കുന്ദംകുളം സ്വദേശി ചാവക്കാട് വലിയകത്ത് വീട്ടില്‍ ശാഹുല്‍ ഹമീദും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. മക്കളായ ഫാത്തിമ (20), ആയിശ (14) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനം പോസ്റ്റിലിടിച്ചാണ് അപകടമെന്നാണ് വിവരം.
മദീനയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. ദമാമില്‍ പഠിച്ചുകൊണ്ടിരുന്ന ഇവര്‍ തുടര്‍ പഠനത്തിന് നാട്ടിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് വീണ്ടും ദമാമിലെത്തിയത്. അപകടത്തില്‍ ശാഹുല്‍ ഹമീദിന്റെ ഭാര്യ സല്‍മക്കും മകന് ഹാറൂണിനും പരുക്കേറ്റെങ്കിലും ഗുരുതരമല്ല.
മദീനക്കടുത്ത് മീഖാത്തിലെ ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം മദീനയില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. സാമൂഹ്യ പ്രവര്‍ത്തകരായ ഷാജി വയനാട്, സലാം ജാംജൂം എന്നിവരും മദീനയിലെ സാമുഹ്യ പ്രവര്‍ത്തകരുമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."