'സൂം' ആപ്പ് ഉപയോഗിക്കുന്നത് സുരക്ഷിതമല്ല: മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന വിഡിയോ കോണ്‍ഫറന്‍സിങ് ആപ്പ് ആയ സൂം ആപ് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.
സര്‍ക്കാരിന്റെ നോഡല്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ സെര്‍ട്ട്-ഇന്ത്യ പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
സ്വകാര്യ ആവശ്യങ്ങള്‍ക്കായി സൂം ആപ്പ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന സ്വകാര്യ വ്യക്തികള്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
പാസ്‌വേര്‍ഡുകള്‍ ചോരുകയും വീഡിയോ കോണ്‍ഫറന്‍സിനിടെ അജ്ഞാതര്‍ നുഴഞ്ഞുകയറുകയും ചെയ്ത സംഭവങ്ങള്‍ വിവാദമായിരിക്കെ സൂം ആപ്പില്‍ സുരക്ഷാ വീഴ്ചയുണ്ടെന്ന് സെര്‍ട്ട് മുന്നറിയിപ്പ് പുറത്തിറക്കിയിരുന്നു.
ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത ആന്‍ഡ്രോയ് ആപ്ലിക്കേഷനില്‍ ഒന്നാണ് 'സൂം'. 50 പേരെ വരെ ഒരു വീഡിയോ കോണ്‍ഫറന്‍സ് കോളില്‍ ചേര്‍ക്കാന്‍ സാധിക്കുന്ന പ്ലാറ്റ്‌ഫോമായ സൂമിനെയാണ് കമ്പനികളും ജീവനക്കാരും വര്‍ക്ക് ഫ്രം ഹോം ആരംഭിച്ചതോടെ ആശയവിനിമയത്തിനായ് ഏറ്റവും കൂടുതല്‍ ആശ്രയിച്ചത്.
കഴിഞ്ഞ ദിവസം അമേരിക്കയില്‍ സൂം വലിയ വിവാദത്തില്‍ അകപ്പെട്ടിരിന്നു. സൂമിലെ മീറ്റിംഗുകള്‍ക്കിടയില്‍ അശ്ലീല വിഡിയോകളും സന്ദേശങ്ങളും കടന്നുവരുന്നുവെന്ന പരാതിയുമായി ഉപയോക്താക്കള്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയെ സമീപിച്ചിരുന്നു.സുരക്ഷാ പ്രശ്നങ്ങള്‍ മനസിലാക്കിയ ഗൂഗിള്‍, സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും ഫോണിലും കമ്പ്യൂട്ടറില്‍ നിന്നും പൂര്‍ണമായ് സൂം ആപ്ലിക്കേഷന്‍ ഒഴിവാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."