ഗൾഫ് രാജ്യങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം; അധിക ചെലവിൽ കുരുങ്ങി രക്ഷിതാക്കൾ
റിയാദ്: ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ സ്കൂളുകൾ ഓൺലൈൻ വഴി പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ അധിക ചെലവിന്റെ ആശങ്കയിലാണ് രക്ഷിതാക്കൾ. അതിനോടൊപ്പം മണിക്കൂറുകൾ നീളുന്ന ക്ലാസുകൾ കുട്ടികളുടെ ആരോഗ്യത്തെ ഏത് രീതിയിൽ ബാധിക്കുമെന്നതിനെ കുറിച്ചും രക്ഷിതാക്കൾക്ക് ആശങ്കയുണ്ട്. വരുമാനവും ചെലവും കൂട്ടിമുട്ടിക്കാനാവാതെ പ്രവാസം മതിയാക്കാനുള്ള തീരുമാനമെടുത്ത ചില കുടുംബങ്ങൾ മെയ് ആദ്യ വാരത്തിൽ അന്താരാഷ്ട്ര വിമാന സർവ്വീസ് ആരംഭിക്കുന്നതും കാത്തിരിക്കുകയാണ്.
എൽ.കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഏപ്രീൽ ആദ്യ വാരത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്കൂളുകൾ അനിശ്ചിതമായി അടച്ചിടേണ്ടി വന്നതിനാൽ വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്താണ് ഇന്ത്യൻ എംബസി സ്കൂളുകളും സ്വകാര്യ സ്കൂളുകളുമെല്ലാം ‘വെർച്ച്വൽ ടീച്ചിംഗ്’ ആരംഭിച്ചത്. ഇതിനായി വീട്ടിൽ കമ്പ്യൂട്ടർ, ലാപ് ടോപ്പ്, കാമറ, ഹെഡ് സെറ്റ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ രക്ഷിതാക്കൾ ഒരുക്കേണ്ടതുണ്ട്. ഇതിന് പുറമെ ആഴ്ചയിൽ അഞ്ച് ദിവസവും 4 മുതൽ 6 മണിക്കൂർ വരെ നീളുന്ന ഓൺ ലൈൻ ക്ലാസിന് ആവശ്യമായ ഇന്റർനെറ്റ് സൗകര്യവും വേണം. എന്നാൽ ഒന്നിലധികം കുട്ടികൾ പഠിക്കുന്ന രക്ഷിതാക്കളുടെ സ്ഥിതിയാണ് ഏറെ പരിതാപകരം. ഇവർ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് സൗകര്യങ്ങൾ ഒരുക്കണം. ചില കുട്ടികൾ മൊബൈൽ ഉപയോഗിച്ചാണ് ക്ലാസിൽ പങ്കെടുക്കുന്നത്. കമ്പ്യൂട്ടർ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി പലരും നല്ലൊരു തുകയാണ് ഇതിനകം ചെലവാക്കിയിരിക്കുന്നത്. ഇതിന് പുറമെ മാസത്തിൽ നല്ലൊരു തുക ഇന്റർനെറ്റ് ഉപയോഗത്തിനായും മാറ്റി വെക്കേണ്ടി വരും.
ഇതിനിടെ ചില സ്വകാര്യ സ്കൂളുകൾ ഫീസ് വർധനയും വരുത്തിയതായി ചില രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി. കർഫ്യൂവിനെ തുടർന്ന് കമ്പനികളും സ്ഥാപനങ്ങളുമെല്ലാം അടച്ചിട്ടിരിക്കുന്നതിനാൽ പലർക്കും വരുമാനമൊന്നുമില്ലെന്ന് മാത്രമല്ല പല കുടുംബങ്ങളിലെയും അവസ്ഥ തികച്ചും പരിതാപകരവുമാണ്. ഇതിനിടയിൽ ഫീസ് വർധിപ്പിക്കുന്നതിന്റെ അസാംഗത്യം രക്ഷിതാക്കൾ ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് ചില സ്കൂളുകൾ വർധന പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് കാലത്തെ ചെലവുകളെല്ലാം എല്ലായിടത്തും നീട്ടിവെക്കുകയോ വേണ്ടെന്ന് വെക്കുകയോ ചെയ്യുകയാണെന്നും കേരള മുഖ്യമന്ത്രി തന്നെ ഫീസ് വാങ്ങുന്നത് നീട്ടി വെക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നിട്ടും സ്കൂളുകൾ ഫീസ് വാങ്ങുന്നത് നീതീകരിക്കാ നാവില്ലെന്നും മൂന്ന് കുട്ടികളുടെ രക്ഷിതാവായ സിദ്ദീഖ് ചൂണ്ടിക്കാട്ടുന്നു.
കുട്ടികൾ ദിവസേന ഇത്രയും മണിക്കൂറുകൾ കമ്പ്യൂട്ടറിന്റെയോ മൊബൈലിന്റെയോ മുമ്പിലിരിക്കുന്നത് മൂലമുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളാണ് രക്ഷിതാക്കളെ അലട്ടുന്ന മറ്റൊരു
പ്രധാന വിഷയം. ഇത് കുട്ടികളുടെ കണ്ണിന്റെ കാഴ്ച ശക്തിയെ ബാധിക്കുമെന്ന് ഭയപ്പെടുന്നതായി ഒരു രക്ഷിതാവ് പറഞ്ഞു. രക്ഷിതാക്കൾ വിലക്കിയിട്ടും പൊതുവെ കുട്ടികൾ അധിക നേരം മോബൈൽ ഉപയോഗിക്കുന്നുണ്ടെന്നിരിക്കെ ഓൺലൈൻ ക്ലാസുകൾ കൂടുതൽ പ്രയാസം സൃഷ്ടിക്കുമോ എന്ന ആധിയിലാണിവർ. അതെ സമയം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിയാത്തതിനാൽ ചില രക്ഷിതാക്കൾ കുട്ടികളെ ക്ലാസുകളിൽ പങ്കെടുപ്പിക്കുന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."