മോദിയുടെ ക്ഷണം സ്വീകരിച്ചു അടുത്ത വര്‍ഷം ജിന്‍പിങ് ഇന്ത്യയിലെത്തും
ബെയ്ജിങ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും വീണ്ടും കൂടിക്കാഴ്ച നടത്തി. ദോക്ലാം പ്രശ്നത്തിനു ശേഷം ഇത് രണ്ടാം തവണയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. ചൈനീസ് തീരനഗരമായ ക്വിങ്ഡാഗോയില് ഷാങ്ഹായ് സഹകരണ സംഘടന(എസ്.സി.ഒ) ഉച്ചകോടിക്കെത്തിയതായിരുന്നു ഇരുവരും.
2019ല്‍ ഇന്ത്യയില്‍ വച്ച് അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്ക് മോദി ജിന്‍പിങ്ങിനെ ക്ഷണിച്ചു. ക്ഷണം ചൈനീസ് തലവന്‍ അംഗീകരിച്ചതായാണു വിവരം. ഉഭയകക്ഷിബന്ധം കൂടുതല്‍ ശക്തമായി തുടരാന്‍ മോദിയും ജിന്പിങ്ങും തമ്മില്‍ ധാരണയായി. കൂടിക്കാഴ്ച നടത്തിയ വിവരം മോദി തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
ഉഭയകക്ഷി-ആഗോള വിഷയങ്ങളെ കുറിച്ച് ജിന്‍പിങ്ങുമായി വിശദമായ ചര്‍ച്ച നടത്തിയതായി മോദി ട്വീറ്റ് ചെയ്തു. ഇന്ത്യാ-ചൈനാ സൗഹൃദം ശക്തിപ്പെടുത്താന്‍ കൂടിക്കാഴ്ച കൂടുതല്‍ ഉപകാരപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബസ്മതി അല്ലാത്ത അരികളുടെ കയറ്റുമതി, വെള്ളപ്പൊക്ക കാലത്ത് ബ്രഹ്മപുത്ര നദിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇരുരാജ്യങ്ങളും പരസ്പരം പങ്കുവയ്ക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ മോദിയും ജിന്പിങ്ങും കരാറിലേര്പ്പെട്ടതായാണു വിവരം.
ചൈനയുടെ നേതൃത്വത്തിലുള്ള എസ്.സി.ഒ എല്ലാ വര്‍ഷവും ഇത്തരത്തില്‍ ഉച്ചകോടി നടത്താറുണ്ട്.
സമിതിയില്‍ ചൈന, ഇന്ത്യ, റഷ്യ, പാകിസ്താന്, തുര്‍ക്കുമെനിസ്താന്‍, കസാഖിസ്താന്‍, ഉസ്ബെകിസ്താന്‍, താജികിസ്താന്‍ എന്നീ രാജ്യങ്ങള്‍ അംഗമാണ്. ഇത്തവണ ഉച്ചകോടിയില്‍ ഇറാനും പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."