ഗുരുവായൂര്‍ നഗരമധ്യത്തില്‍ കഞ്ചാവ് ചെടി
ഗുരുവായൂര്‍: കിഴക്കേ നടയിലെ ഇന്ത്യന്‍ കോഫിഹൗസിനടുത്ത് ലക്ഷ്മി ലോഡ്ജിനുസമീപം റോഡരികില്‍ തഴച്ചു വളര്‍ന്നു നിന്നിരുന്ന കഞ്ചാവ് ചെടി ചാവക്കാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ജെ. തോമസിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു.
ഗുരുവായൂര്‍ പരിസരങ്ങളില്‍ കഞ്ചാവ് വില്‍പ്പന കൂടുന്നുവെന്ന് എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ്‌സിങ്ങിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഒഴിവു ദിവസമായ ഇന്നലെ നഗരമദ്ധ്യത്തിലെ വഴിയോരക്കച്ചവടക്കാരേയും, അന്യസംസ്ഥാനതൊഴിലാളികളെയും കേന്ദ്രീകരിച്ച് ചാവക്കാട് എക്‌സൈസ് ടൗണ്‍ കേന്ദ്രീകരിച്ചു നടത്തിയ കോംബിങ്ങിലാണ് കഞ്ചാവ് ചെടി വളര്‍ന്നു നില്‍ക്കുന്നത് ശ്രദ്ധിയില്‍പ്പെട്ടത്.
ചാവക്കാട് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എം. അബ്ദുള്‍ ജമാല്‍, പ്രിവന്റീവ് ഓഫിസര്‍ ടി.വി. അനീഷ് കുമാര്‍, സിവിസ് എക്‌സൈസ് ഓഫിസര്‍മാരായ എം.എം. മനോജ് കുമാര്‍ പി.വി. വിശാല്‍ കെ.എച്ച് നൂര്‍ജ, അനീസ് മുഹമ്മദ് എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.
കസ്റ്റഡിയിലെടുത്ത കഞ്ചാവ് ചെടിയും, ചെടി നിന്നിരുന്ന സ്ഥലത്തെ 100 ഗ്രാം മണ്ണും തൊണ്ടിയായി എടുത്ത് പ്രത്യേകം സീല്‍ചെയ്ത് ചാവക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാകും.
ക്ഷേത്രപരിസരത്തും ബസ് സ്റ്റാന്‍ഡിലും, റെയില്‍വേ സ്റ്റേഷനിലും ക്യാംപ് ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളും, അലഞ്ഞുനടക്കുന്നവരും, വഴിയോര കച്ചവടക്കാരും, എക്‌സൈസിന്റെ നിരീക്ഷണത്തിലാണെന്ന് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എം. അബ്ദുള്‍ ജമാല്‍ പറഞ്ഞു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."