കാറ്റിലും മഴയിലും കനത്ത നാശം
കോഴിക്കോട്: ജില്ലയില്‍ കാലവര്‍ഷം കനത്തതോടെ പലയിടങ്ങളിലും നാശനഷ്ടം. ചാലിയത്ത് കാറ്റില്‍ തെങ്ങുവീണ് വയോധിക മരിച്ചു. ഖദീജ (60) ആണ് മരിച്ചത്. ഫറോക്കിനും കടലുണ്ടിക്കും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ മരംപൊട്ടിവീണ് വൈദ്യുതലൈന്‍ മുറിഞ്ഞു. കോഴിക്കോട്ടും പരപ്പനങ്ങാടിയിലും ട്രെയിനുകള്‍ പിടിച്ചിട്ടതിനാല്‍ റെയില്‍ഗതാഗതം താറുമാറായി. കൊയിലാണ്ടി ബസ്റ്റാന്റിനു സമീപം ദേശീയപാതയില്‍ ബസിനു മുകളില്‍ ആല്‍മരം വീണു ഡ്രൈവര്‍ക്ക് പരുക്കേറ്റു. ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. നഗരത്തില്‍ കാരപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ മരംകടപുഴകി വീണു. പന്തീരാങ്കാവ് വില്ലേജില്‍ മുണ്ടംപിലാക്കല്‍ രാമചന്ദ്രന്റെ വീടിനു മുകളില്‍ വന്‍മരം കടപുഴകി. കക്കട്ടില്‍ പഞ്ചായത്ത് ഓഫിസിനു സമീപം നാലു വീടുകള്‍ക്ക് മുകളില്‍ തെങ്ങ് വീണു. ഇവിടെ കാറ്റില്‍ വ്യാപക കൃഷിനാശവുമുണ്ടായി. കുലച്ച വാഴകളാണ് കാറ്റില്‍ വീണത്.
രാമനാട്ടുകര - വെങ്ങളം ദേശീയ പാതയില്‍ കൂടത്തുംപാറ എല്‍.പി സ്‌കൂളിന് സമീപത്തെ ആല്‍മരം റോഡിന് കുറുകെ വീണു ഗതാഗതം തടസപ്പെട്ടു. മീഞ്ചന്ത ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. മലയോര മേഖലയില്‍ കനത്തമഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. മുക്കം ടൗണില്‍ വില്ലേജ് ഓഫിസിനു സമീപത്ത് റോഡില്‍ തെങ്ങുവീണ് വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്തി. മരംവീണു ഗതാഗത തടസമുണ്ടായതോടെ ടൗണില്‍ ഗതാഗത കുരുക്കും അനുഭവപ്പെട്ടു.
കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയില്‍ മുക്കം പി.സി ജങ്ഷനിലും കറുത്തപറമ്പ് അങ്ങാടിയിലും മരം പൊട്ടിവീണ് ഗതാഗത തടസമുണ്ടായി. കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്നില്‍ നടുവിലേടത്ത് ഷമീറിന്റെ വീടിന് മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. മാങ്കാവ് -പൊക്കുന്ന് റോഡില്‍ കിണാശ്ശേരിയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വില്ല്യാപ്പള്ളി കല്ലേരി ക്ഷേത്രത്തിനു സമീപം പേരാക്കൂലില്‍ കൂറ്റന്‍ പേരാല്‍ മരം കടപുഴകി വാഹനങ്ങള്‍ക്ക് മീതെ വീണ് ഒരാള്‍ക്ക് പരുക്കേറ്റു. പിക്കപ്പ് വാനും ഓട്ടോറിക്ഷയുമാണ് അപകടത്തില്‍പെട്ടത്. പിക്കപ്പ് വാനിമു മുകളിലേക്കാണ് പേരാല്‍ വീണത്. ഡ്രൈവര്‍ ചീക്കോന്ന് സ്വദേശി രവീന്ദ്രനാണ് (50) പരുക്കേറ്റത്. ഇദ്ദേഹത്തെ വടകര സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരത്തോടൊപ്പം ഇലക്ട്രിക് പോസ്റ്റ് പൊട്ടിവീണാണ് ഓട്ടോറിക്ഷക്ക് കേടുപറ്റിയത്. സംഭവ സമയത്ത് വൈദ്യുതി നിലച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം താറുമാറായി. വടകരയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും പൊലിസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
ഇന്നലെ രാവിലെ മുതല്‍ വടകരയിലും പരിസര പ്രദേശങ്ങളിലും താണ്ഡവമാടിയ ചുഴലി കാറ്റിലും മഴയിലും വന്‍ നാശനഷ്ടം. പലയിടങ്ങളിലും റോഡരികിലെ മരങ്ങള്‍ കടപുഴകി വീണതിനാല്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഒഞ്ചിയം പഞ്ചായത്തിലെ കല്ലിന്റവിട ബീച്ചിലെ വലിയ പുരയില്‍ ശാന്തയുടെ വീട് കനത്ത മഴയില്‍ തകര്‍ന്നു.
പുറങ്കരയിലെ പള്ളീന്റവിട പങ്കജാക്ഷന്‍, കീരന്റെ വളപ്പില്‍ ലക്ഷ്മി എന്നിവരുടെ വീടുകളും കെ.വി രാഘവന്റെ കടയും മരംവീണ് ഭാഗികമായി തകര്‍ന്നു. അഴിയൂരിലെ മാഹി റെയില്‍വേ സ്റ്റേഷന് സമീപം പാളത്തില്‍ മരം കടപുഴകി വീണതിനാല്‍ മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. പാലയാട് നടതെരു ഗണപതി ക്ഷേത്രത്തിന്റെ നടപന്തലും മതിലും ക്ഷേത്രത്തിന്റെ ഒരു ഭാഗവും ആല്‍മരം വീണു തകര്‍ന്നു. കൈനാട്ടി - തൊട്ടില്‍പ്പാലം സംസ്ഥാന പാതയില്‍ എടച്ചേരി പൊലിസ് സ്റ്റേഷന് സമീപം വന്‍ മരം കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. എടച്ചേരി പൊലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ മരം മുറിച്ചു മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മണിയൂര്‍ പാലയാട് നടയില്‍ കെട്ടിടത്തിന് മുകളില്‍ മരം കടപുഴകി വീണ് കട പൂര്‍ണമായും തകര്‍ന്നു. ഇന്നലെ വൈകിട്ട് ആറിന് ആഞ്ഞുവീശിയ കാറ്റിലാണ് മരം വീണത്. തരംഗിണി വാടക സ്റ്റോര്‍, പാലയാട് ദേശീയ വായനശാല എന്നിവയാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. നടക്കുതാഴ പുതിയാപ്പില്‍ മരം കടപുഴകി വീണതിനാല്‍ വടകര - മേമുണ്ട റൂട്ടില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തകര്‍ന്ന വീടുകള്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.
മുക്കം ടൗണിലെ വില്ലേജ് ഓഫിസിന് മുന്‍വശത്ത് പുതിയ ബസ് സ്റ്റാന്‍ഡ് റോഡില്‍ തെങ്ങ് വീണ് വൈദ്യുതത്തൂണുകള്‍ നിലംപൊത്തി. നാലോളം പോസ്റ്റുകളാണ് റോഡിലേക്ക് വീണത്. ഇതിനെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ തകര്‍ന്നു.
മരം പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടതോടെ മുക്കം നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ മുക്കം പൊലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. മലയോരത്തെ വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ കടപുഴകിവീണ് വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നിട്ടുണ്ട്.
കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ മുക്കം പി.സി ജങ്ഷനിലും കറുത്തപറമ്പ് അങ്ങാടിയിലും മരം പൊട്ടിവീണ് ഗതാഗതതടസമുണ്ടായി. കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്നില്‍ നടുവിലേടത്ത് ഷമീറിന്റെ വീടിന് മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. തെങ്ങ് കടപുഴകി വീണ് നെല്ലിക്കാപറമ്പ് എടക്കണ്ടി ആമിനയുടെ വീടിന്റെ അടുക്കള തകര്‍ന്നു. വീട്ടിലുള്ളവര്‍ ബന്ധു വീട്ടില്‍ ആയിരുന്നതിനാല്‍ ആളപായമില്ലാതെ രക്ഷപ്പെട്ടു.
ഒളവണ്ണ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പന്തീരാങ്കാവ് വില്ലേജില്‍ പൂളേങ്കര മുണ്ടം പിലാക്കല്‍ രാമചന്ദ്രനും ഭാര്യയും താമസിക്കുന്ന ഓല മേഞ്ഞ വീടിന് മുകളില്‍ മരം വീണു. ഈ വര്‍ഷം ഓല മേയാന്‍ കഴിയാത്തതിനാല്‍ മേല്‍ക്കൂരയ്ക്ക് മീതെ പഴയ ഫ്‌ളക്‌സ് ഷീറ്റ് കൊണ്ട് മറച്ചാണ് വൃദ്ധ ദമ്പതികള്‍ താമസിച്ചുവരുന്നത്.
എടച്ചേരി കാക്കന്നൂര്‍ അമ്പലത്തിന് സമീപമുള്ള ഒതയോത്ത് പരേതനായ രമേശന്റെ വീട്ടിനു മുകളില്‍ പ്ലാവ് കടപുഴകി വീണ് വീടിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. വീട്ടിനു പിന്നിലെ പ്ലാവാണ് നിലംപൊത്തിയത്. വീടിന്റെ ടെറസിലെ പാരപ്പെറ്റ് തകര്‍ന്നതിനു പുറമെ ചുമരിനും വിള്ളല്‍ വീണിട്ടുണ്ട്. കനത്ത കാറ്റിലും മഴയിലും എടച്ചേരി പഞ്ചായത്തിലെ കോട്ടേമ്പ്രത്തും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. ഇലക്ട്രിക് പോസ്റ്റ് പൊട്ടിവിണ് മഠത്തില്‍ ബാലചന്ദ്രന്‍ മാസ്റ്ററുടെ മതിലും ഗെയിറ്റും തകര്‍ന്നിട്ടുണ്ട്. ഉടമ്പന്‍ മുകളില്‍ ശ്രീധരന്റെ വീടിനു മുകളില്‍ വീട്ടുവളപ്പിലെ തെങ്ങുവിണ് നാശനഷ്ടമുണ്ടായി. കേട്ടേമ്പ്രം അക്കരോല്‍ ദാമു കുറുപ്പിന്റെ വീടിനു മുകളില്‍ സമീപത്തെ കൂറ്റന്‍ മരം പൊട്ടി വീണു കേടുപാടുകള്‍ പറ്റി.
ചളിക്കോട് മുണ്ടിച്ചി പാറക്കല്‍ മജീദ് മാസ്റ്ററുടെ വീടിനു മുകളില്‍ തെങ്ങ് വീണ് മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു. വീടിനു പിന്‍വശത്തെ കോണ്‍ഗ്രീറ്റിനു വിള്ളലുണ്ട്. കനത്ത കാറ്റില്‍ ആവുപ്പാട് കരുമ്പാക്കണ്ടി ഉസ്സയിന്‍കുട്ടിയുടെ വീടിനു മുകളില്‍ പ്ലാവ് കടപുഴകി വീണു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."