കരുവാരകുണ്ട് മാലിന്യ നിര്‍മാര്‍ജന പദ്ധതി പാളുന്നു; സംഭരണ കേന്ദ്രം തീരുമാനമായില്ല
കരുവാരകുണ്ട്: ഗ്രാമപഞ്ചായത്തിന്റെ മാലിന്യ നിര്‍മാര്‍ജന പദ്ധതി അവതാളത്തിലാകുന്നു. ഖരമാലിന്യ സംഭരണ കേന്ദ്രത്തിന് പല പ്രദേശങ്ങളും കണ്ടെത്തിയിരുന്നെങ്കിലും പൊതുജന എതിര്‍പ്പ് മൂലം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. പുന്നക്കാട് ഭവനംപറമ്പിലാണ് ഇപ്പോള്‍ കേന്ദ്രം തുടങ്ങാന്‍ ഭരണ സമിതി ഉദ്ദേശിക്കുന്നതെങ്കിലും വ്യക്തമായ തീരുമാനം ഇനിയും കൈകൊള്ളാന്‍ കഴിഞ്ഞിട്ടില്ല.
മാലിന്യ നിര്‍മാര്‍ജനത്തില്‍ മറ്റു പഞ്ചായത്തുകള്‍ക്ക് മാതൃകയാകും എന്ന തരത്തിലുള്ള അവകാശവാദങ്ങള്‍ ഉന്നയിച്ച് 2017 ഓഗസ്റ്റില്‍ വിവിധ പദ്ധതികള്‍ക്കാണ് അന്നത്തെ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി രൂപം നല്‍കിയിരുന്നത്. എന്നാല്‍ പിന്നീടുണ്ടായ രാഷ്ട്രീയ കാരണങ്ങളും ഭരണമാറ്റവും മൂലം മാലിന്യ നിര്‍മാര്‍ജന പദ്ധതിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കാന്‍ ആരും തയ്യാറായില്ല. തുടര്‍ന്ന് നവംബറില്‍ പുതിയ ഭരണ സമിതി അധികാരത്തില്‍ വന്നപ്പോഴും പ്രഥമ പരിഗണന മാലിന്യ നിര്‍മാര്‍ജനത്തിനാണന്ന് പറഞ്ഞിരുന്നു. ഇതിന്റെ ആദ്യപടിയെന്നോണം മാമ്പറ്റയില്‍ മാലിന്യ സംഭരണ കേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ പ്രദേശവാസികളുടെ എതിര്‍പ്പിനാല്‍ മാമ്പറ്റയില്‍ നിന്നും കേന്ദ്രം കിഴക്കേ തലയിലെ പുതിയ ബസ്സ്റ്റാന്റ് കോംപ്ലക്‌സിലേക്കു മാറ്റാന്‍ ഭരണ സമിതി നടപടി കൈകൊണ്ടു.
എന്നാല്‍ പൊതുജന എതിര്‍പ്പ് കൂടുതല്‍ രൂക്ഷമായി. ഇതോടെ മാലിന്യ സംഭരണ കേന്ദ്രത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് പഞ്ചായത്ത് അധികൃതര്‍. ഒടുവില്‍ ഭവനംപറമ്പില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലം വാടകക്കെടുത്ത് കേന്ദ്രം തുടങ്ങാനാണ് ഉദ്ദേശിച്ചിരുന്നത്. ഇതിന്റെ കാര്യത്തില്‍ ഇനിയും തീരുമാനമായില്ല. ഇതോടെ മാലിന്യ സംഭരണ കേന്ദ്രം അനിശ്ചിതമായി നീളുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."