തദ്ദേശ വാര്‍ഡ് വിഭജന നടപടികള്‍ അനിശ്ചിതത്വത്തില്‍
കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കേണ്ട വാര്‍ഡ് പുനര്‍വിഭജന നടപടികള്‍ അനിശ്ചിതത്വത്തില്‍. വാര്‍ഡ് വിഭജന കരട് നിര്‍ദേശങ്ങള്‍ തയാറാക്കി സമര്‍പ്പിക്കാന്‍ ചുമതലയുള്ള തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ കൊവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ തിരക്കിലാണ്. പ്രാരംഭ നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇതെല്ലാം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. പ്രതിരോധ പ്രവര്‍ത്തനം, കമ്യൂണിറ്റി കിച്ചണുകളുടെ നടത്തിപ്പ്, അതിഥി തൊഴിലാളികളുടെ സംരക്ഷണം, വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ മേല്‍നോട്ടം തുടങ്ങി ഭാരിച്ച ജോലിത്തിരക്കിലാണ് പഞ്ചായത്ത് സെക്രട്ടറിമാരും നഗരസഭാ സെക്രട്ടറിമാരും.
വാര്‍ഡ് വിഭജനം സംബന്ധിച്ച് കഴിഞ്ഞമാസം 16നാണ് സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ഉത്തരവിറക്കിയത്. ഇതുപ്രകാരം ഈമാസം 22നായിരുന്നു ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ കരട് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടിയിരുന്നത്. 27നാണ് കരട് നിര്‍ദേശങ്ങള്‍ പ്രസിദ്ധപ്പെടുത്തേണ്ടിയിരുന്നത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ അടുത്ത മാസം പോലും കരട് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍. കരട് നിര്‍ദേശങ്ങള്‍ പ്രസിദ്ധപ്പെടുത്തിയാലും പരാതികളിന്‍മേലുള്ള അന്വേഷണ റിപ്പോര്‍ട്ടും ഹിയറിങ്ങുകളും പൂര്‍ത്തിയാവാന്‍ മാസങ്ങളെടുക്കും. ഈ സാഹചര്യത്തില്‍ നിശ്ചിത സമയത്ത് വാര്‍ഡ് പുനര്‍വിഭജന പ്രകാരം തെരഞ്ഞെടുപ്പ് നടത്തല്‍ അപ്രായോഗികമാണ്. തെരഞ്ഞെടുപ്പ് നീട്ടലോ വിഭജനം നടത്താതെ പഴയ വാര്‍ഡിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തുകയോ മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ള പോംവഴി. ലോക്ക് ഡൗണ്‍ കാലാവധി കഴിഞ്ഞാലും തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട ജോലികള്‍ ഉണ്ടാവും. ഇത് കണക്കിലെടുത്ത് പഴയ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
വാര്‍ഡുകള്‍ വിഭജിക്കേണ്ടതും അതിരുകള്‍ നിശ്ചയിക്കേണ്ടതും സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മിഷനാണെങ്കിലും താഴേത്തട്ടില്‍ ഇതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തേണ്ടത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരാണ്. ഇവര്‍ തയാറാക്കി സമര്‍പ്പിക്കുന്ന കരട് നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് കമ്മിഷന്‍ അന്തിമ തീരുമാനമെടുക്കുക.
ശ്രമകരവും സങ്കീര്‍ണവുമായ ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സെക്രട്ടറിമാര്‍ക്ക് ഒരു മാസമെങ്കിലും സമയം വേണ്ടിവരും. ഓരോ വാര്‍ഡിന്റെയും വിശദമായ റിപ്പോര്‍ട്ടിനൊപ്പം എ 3 സൈസില്‍ ഭൂപടവും തയാറാക്കണം. വടക്ക്-പടിഞ്ഞാറ് നിന്ന് തുടങ്ങി ക്ലോക്ക് വൈസായി വലത്തേക്കാവണം വാര്‍ഡ് വിഭജനമെന്ന് ഡീലിമിറ്റേഷന്‍ കമ്മിഷന്റെ നിര്‍ദേശമുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതും നീട്ടിവച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മുറയ്ക്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. മാര്‍ച്ച് 27ന് പട്ടിക പ്രസിദ്ധീകരിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.
മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കാലാവധി അവസാനിക്കുന്ന നവംബര്‍ 11ന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."