മഹാരാഷ്ട്രയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി:ആരോഗ്യ പരിശോധന നിര്‍ബന്ധം
മുംബൈ: രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കി. സാമൂഹ്യ നീതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ടെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു ലക്ഷത്തിലേറെ തൊഴിലാളികള്‍ക്ക് നാടുകളിലേക്ക് മടങ്ങാനാകും. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷമായിരിക്കും തൊഴിലാളികള്‍ക്ക് അവരവരുടെ നാടുകളിലേക്ക് മടങ്ങാന്‍ സാധിക്കുക.
റവന്യു വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി അധികൃതരാണ് ഈ തീരുമാനമെടുത്തത്. അഹമദ് നഗര്‍, ബീഡ് എന്നീ സ്ഥലങ്ങളില്‍ കരിമ്പ് കൃഷി അനുബന്ധ ജോലികള്‍ ചെയ്യുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.അതേ സമയം സ്വന്തം നാട്ടില്‍ തിരിച്ചെത്തുന്ന തൊഴിലാളികള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത് എന്ന നിര്‍ദേശവും സാമൂഹ്യ നീതി വകുപ്പ് നല്കി.
38 കരിമ്പ് ഫാക്ടറികളുടെ സമീപത്തെ താത്കാലിക അഭയകേന്ദ്രങ്ങളില്‍ 1.31 ലക്ഷത്തിലേറെ അന്യസംസ്ഥാന തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സമൂഹ്യ നീതി വകുപ്പ് മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു
നേരത്തെ മേയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബാന്ദ്ര സ്റ്റേഷനില്‍ അതിഥി തൊഴിലാളികള്‍ ഒത്തുകൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."