ദേശീയപാതയോരത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ ഇനി നിരീക്ഷണ കാമറ
പുതുക്കാട്: മണലി പുഴയെ മലിനമാക്കുന്ന തരത്തില്‍ പൊതു സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരെ പിടികൂടുന്നതിനായി നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണു നെന്‍മണിക്കര പഞ്ചായത്ത്.
16 ലക്ഷം രൂപ ചെലവില്‍ അഞ്ചു സ്ഥലങ്ങളിലാണ് കാമറകള്‍ സ്ഥാപിക്കുന്നത്. ഇതിനായി പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രോണിക്‌സ് വിഭാഗത്തിന് പഞ്ചായത്ത് ഫണ്ട് കൈമാറി.
ആദ്യഘട്ടത്തില്‍ അഞ്ചര ലക്ഷം രൂപയാണ് പഞ്ചായത്ത് നല്‍കിയിരിക്കുന്നത്.
ഈ മാസം അവസാനത്തോടുകൂടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. മാലിന്യപ്രശ്‌നം രൂക്ഷമായ ദേശീയപാതയോരം, മടവാക്കര റോഡ്, പാലിയേക്കര സമാന്തരപാത, കാച്ചകടവ് ഇടങ്ങളിലാണു കാമറകള്‍ സ്ഥാപിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളിലാണ് ആദ്യം കാമറകള്‍ സ്ഥാപിക്കുന്നത്. ദേശീയപാത അതോറിറ്റിയുടെ അംഗീകാരം ലഭിക്കുന്നതോടെ തലോര്‍ ബൈപാസില്‍ രണ്ടിടത്തു കാമറകള്‍ സ്ഥാപിക്കും. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പത്തുലക്ഷം രൂപ ഉടന്‍ കൈമാറുമെന്നും കാമറകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും നെന്‍മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീല മനോഹരന്‍ പറഞ്ഞു.
എല്ലാ കാമറകളെയും ബന്ധിപ്പിക്കുന്ന സര്‍വര്‍ മുറി പഞ്ചായത്ത് ഓഫിസിലാണ് സജ്ജമാക്കുന്നത്. ഇതിനു മാത്രമായി രണ്ടു ലക്ഷം രൂപയിലേറെയാണു ചെലവ് വരുന്നത്.
ഏകദേശം നാല് കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിക്കുന്ന കാമറകള്‍ പ്രത്യേക കേബിളുകള്‍ വഴിയാണ് പഞ്ചായത്തിലെ കണ്‍ട്രോള്‍ റൂമിലേക്കു എത്തിക്കുന്നത്. ദേശീയപാതയോരത്തെ പാടങ്ങളില്‍ ശുചിമുറി മാലിന്യമുള്‍പ്പടെ തള്ളുന്നതു പതിവായിട്ടും ഇവരെ കണ്ടെത്താന്‍ അധികൃതര്‍ക്കു കഴിഞ്ഞിരുന്നില്ല.
മാലിന്യം തള്ളുന്നവരുടെ ദൃശ്യങ്ങള്‍ സഹിതം പൊലിസിന് കൈമാറി ഇവര്‍ക്കെതിരേ കര്‍ശന നടപടിയെടുപ്പിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.
നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതോടെ ഒരു പരിധിവരെ മാലിന്യപ്രശ്‌നം തടയാന്‍ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
ദേശീയപാതയോരവും പരിസരത്തെ റോഡുകളും മാലിന്യകൂമ്പാരമായി മാറിയതോടെ ഇവയെല്ലാം ഒഴുകിയെത്തുന്നത് മണലി പുഴയിലാണ്.
പരിസര ശുചീകരണവും മണലിപുഴ സംരക്ഷണവും ലക്ഷ്യംവച്ചാണു പഞ്ചായത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."