കള്ളപ്പണ ആരോപണം; തബ്ലീഗ് നേതാവിനെതിരേ കേസ്
ന്യൂഡല്‍ഹി: തബ്ലീഗ് ജമാഅത്ത് നേതാവ് മുഹമ്മദ് സാദ് കാന്ധല്വിക്കെതിരേ സാമ്പത്തിക തട്ടിപ്പിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ചാണ് ഇ.ഡി കേസെടുത്തത്. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും വരെ ആളുകള്‍ പങ്കെടുത്ത തബ്ലിഗ് ജമാഅത്ത് മര്‍കസിന്റെ പണനിക്ഷേപവുമായി ബന്ധപ്പെട്ട് അന്വേഷണവും നടത്തുന്നുണ്ട്.
ജമാഅത്ത് നേതാവിനും മറ്റ് അഞ്ചുപേര്‍ക്കുമെതിരേ ഡല്‍ഹി ക്രൈംബ്രാഞ്ച് മാര്‍ച്ച് 31ന് എഫ്.ഐ.ആര് റജിസ്റ്റര്‍ ചെയ്തിരുന്നു. 1897ലെ പകര്‍ച്ചവ്യാധി നിരോധനിയമത്തിന്റെ പേരിലാണ് ഡല്‍ഹി പൊലിസ് കേസെടുത്തിരുന്നത്. ലോക്ക്ഡൗണ്‍ ഭേദിച്ച് മതസമ്മേളനം നടത്തിയ കുറ്റമടക്കം ചുമത്തിയായിരുന്നു കേസ്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തിരുന്നു.
അതിനിടെ നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിനെത്തിയ വിദേശികള്‍ അന്വേഷണ സംഘത്തെ അറിയിക്കാതെ രാജ്യം വിടരുതെന്ന് ഡല്‍ഹി പൊലിസ് നിര്‍ദേശം നല്കി. ഡല്‍ഹി പൊലിസ് കമ്മിഷണര്‍ എസ്.എന്‍. ശ്രീവാസ്തവയാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
വിനോദ സഞ്ചാര വിസയിലെത്തി സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളായ 960 പേരെ ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ച് ഏപ്രില്‍ രണ്ടിന് കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. ഇങ്ങനെ നിയമം ലംഘിച്ച് എത്തിയവര്‍ക്കെതിരേ 1946ലെ ഫോറിനേഴ്സ് ആക്ട്, 2005ലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് എന്നിവയിലെയും വകുപ്പുകള്‍ വച്ച് കേസ് എടുക്കണമെന്ന നിര്‍ദേശവും മന്ത്രാലയം വിവിധ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."