ലോട്ടറിയുടെ ലാഭം മുഴുവനും ആരോഗ്യമേഖലയില്‍ വിനിയോഗിക്കും: തോമസ് ഐസക്
ആലപ്പുഴ: സംസ്ഥാന ലോട്ടറിയുടെ വരുമാനം മുഴുവന്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്കായി വിനിയോഗിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക്. ഇപ്പോഴുള്ള 30,000 രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് രണ്ട് ലക്ഷം രൂപയാക്കി ഉയര്‍ത്തുന്ന കാര്യം പരിഗണിച്ചുവരുകയാണ്. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ ലോട്ടറി തൊഴിലാളികള്‍ക്കുള്ള മുച്ചക്ര സ്‌കൂട്ടര്‍ വിതരണം സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജൂലൈ മുതല്‍ സംസ്ഥാന ലോട്ടറിയുടെ സമ്മാനഘടന പരിഷ്‌കരിക്കുകയാണ.് 5,000 രൂപയുടെ സമ്മാനങ്ങള്‍ വര്‍ധിപ്പിക്കും. ലോട്ടറി വരുമാനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2016-17 വര്‍ഷം 7,395 കോടി രൂപയുടെ വിറ്റുവരവ് നേടിയപ്പോള്‍ 2017-18ല്‍ 9,875 കോടി രൂപയായി. ഈ സാമ്പത്തിക വര്‍ഷം 12,000 കോടി രൂപയാണ് ലോട്ടറിയില്‍നിന്ന് പ്രതീക്ഷിക്കുന്നത്.
വരുമാനത്തില്‍ പകുതി സമ്മാനമായി സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ വന്നതിനുശേഷം 42 ശതമാനത്തില്‍നിന്ന് 52 ശതമാനത്തിലേക്ക് സമ്മാനത്തുക വര്‍ധിപ്പിച്ചു. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 178 പേര്‍ക്കാണ് സംസ്ഥാനത്തൊട്ടാകെ മുച്ചക്രവാഹനം നല്‍കുന്നത്.
ആലപ്പുഴയില്‍ 50 പേര്‍ക്കുള്ള മുച്ചക്ര വാഹന വിതരണം മന്ത്രി നിര്‍വഹിച്ചു. ആലപ്പുഴയ്ക്ക് പുറമേ പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലയില്‍ നിന്നുള്ളവരായിരുന്നു ഗുണഭോക്താക്കള്‍. ലോട്ടറി തൊഴിലാളികള്‍ക്ക് വാഹനത്തോടൊപ്പം ലോട്ടറി വയ്ക്കുന്നതിനുള്ള ബോര്‍ഡ,് ഹെല്‍മെറ്റ്, കുട എന്നിവയും നല്‍കി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബോണസ് ഇനത്തില്‍ മാത്രം ബോര്‍ഡ് 37,693 പേര്‍ക്ക് 5,500 രൂപ വീതവും 2,047 പെന്‍ഷന്‍കാര്‍ക്ക് 1,500 രൂപ വീതവും വിതരണം ചെയ്തു. കഴിഞ്ഞ നീറ്റ് പരീക്ഷയില്‍ ദേശീയ തലത്തില്‍ എസ്.സി കാറ്റഗറിയില്‍ 77-ാം റാങ്ക് നേടിയ ലോട്ടറി തൊഴിലാളിയുടെ മകളായ കെ.പി മഞ്ജുഷയ്ക്ക് ബോര്‍ഡ് അനുവദിച്ച ഒരുലക്ഷം രൂപയുടെ പാരിതോഷികം മന്ത്രി ചടങ്ങില്‍ സമ്മാനിച്ചു.
പാതിരപ്പള്ളി എയിഞ്ചല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍ ജയപ്രകാശ് അധ്യക്ഷനായി. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍, സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയരക്ടര്‍ എസ്. ഷാനവാസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി സ്‌നേഹജന്‍, ജില്ലാപഞ്ചായത്ത് അംഗം ജുമൈലത്ത്, വികലാംഗക്ഷേമ കോര്‍പറേഷന്‍ മാനേജിങ് ഡയരക്ടര്‍ കെ. മൊയ്തീന്‍ കുട്ടി, ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ വി.എസ് മണി, ഫിലിപ്പ് ജോസഫ്, സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസര്‍ എം. രാജ്കപൂര്‍, ദര്‍ശന അക്കാദമി ഡയരക്ടര്‍ ഫാ. തോമസ് പുതുശേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."