കാലവര്‍ഷം കനത്തു: 11 മരണം; ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി
തിരുവനന്തപുരം: മണ്‍സൂണ്‍ ശക്തമായതോടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത നാശനഷ്ടം. ശക്തമായ മഴയിലും കാറ്റിലും അപകടങ്ങളില്‍ 11 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്കുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി രാജാക്കാട് കള്ളിമാലിയില്‍ ഉരുള്‍പൊട്ടി.ഒന്നരയേക്കര്‍ പുരയിടം ഒലിച്ചുപോയി. ആളപായമില്ല. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയുടെയും കാറ്റിന്റെയും ഫലമായി ജില്ലയില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍ ഭീഷണിയുണ്ട്.
പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളിയില്‍ തെങ്ങുവീണ് പരുക്കേറ്റ കുട്ടി മരിച്ചു. ആറന്‍മുള പറപ്പാട്ട് അജീഷിന്റെ മകന്‍ അക്ഷയ് ആണ് മരിച്ചത്. ഇന്നലെയാണ് തെങ്ങുവീണ് കുട്ടിക്ക് പരുക്കേറ്റത്.
ബുധനാഴ്ച വരെ ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 12 മുതല്‍ 20 സെന്റിമീറ്റര്‍ വരെ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്.
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ കാറ്റിന്റെവേഗം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകും. അതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകുമ്പോള്‍ ശ്രദ്ധിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."