പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍: വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനവുമായി മന്ത്രിമാരെത്തി
ആലപ്പുഴ: പോര്‍ട്ടബിള്‍ വെന്റിലേറ്ററിന്റെ മാതൃക നിര്‍മിച്ച മംഗളം എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനവുമായി മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്ക്, ടി.പി രാമകൃഷ്ണന്‍ എന്നിവരെത്തി.
തണ്ണീര്‍മുക്കം സ്വദേശികളായ അനന്തകൃഷ്ണന്‍, സുബിന്‍ കെ. ജോണ്‍, കിരണ്‍ രാജേന്ദ്രന്‍, എം.സി മിഥുന്‍ ലാല്‍, എസ്. അഭിമന്യു എന്നിവരെയാണ് കലവൂരിലെ ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സില്‍ മന്ത്രിമാര്‍ സന്ദര്‍ശിച്ചത്. വിദ്യാര്‍ഥികള്‍ നിര്‍മിച്ച പോര്‍ട്ടബിള്‍ വെന്റിലേറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും അതിന്റെ സാധ്യതകള്‍ മനസിലാക്കുന്നതിനുമാണ് മന്ത്രിമാര്‍ സ്ഥലത്തെത്തിയത്. 12 ഡി.സി മോട്ടോര്‍, കൂളിങ് ഫാന്‍, ആര്‍സി ലെവല്‍, ബോര്‍ഡുകള്‍ എന്നിവയുപയോഗിച്ച് നിര്‍മിക്കുന്ന വെന്റിലേറ്റര്‍ ഒരു ലാപ്‌ടോപ്പിന്റെ സഹായത്തോടെ പ്രവര്‍ത്തിപ്പിക്കുന്ന രീതിയാണ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത്. പ്രവര്‍ത്തനരീതി മനസിലാക്കിയ മന്ത്രിമാര്‍ ഉടന്‍ തന്നെ പ്രൊജക്ട് സമര്‍പ്പിക്കാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കെ.എഫ്.സിയുടെ ഫണ്ടില്‍ നിന്ന് അടിയന്തര ആവശ്യങ്ങള്‍ക്കായി അന്‍പതിനായിരം രൂപയും അനുവദിച്ചു.
അതോടൊപ്പം കെ.എസ്.ഡി.പി, ഐ.ടി, ആരോഗ്യം തുടങ്ങിയ വിഭാഗങ്ങളിലെ സാങ്കേതിക ടീമിന്റെ സഹായം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ക്കും തുടക്കം കുറിച്ചു. പ്രത്യേക മേല്‍നോട്ടങ്ങള്‍ക്കായി കെ.എസ്.ഡി.പി ചെയര്‍മാന്‍ സി.പി ചന്ദ്രബാബു, ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോ.അനൂപ്, ഡോ.ജോയ് തോമസ് എന്നിവരെ ചുമതലപ്പെടുത്തി. സാങ്കേതിക സര്‍വകലാശാലയില്‍ കൊവിഡ് സെല്‍ സംഘടിപ്പിച്ച മത്സരത്തില്‍ 34 കോളജുകളെ പിന്തള്ളിയാണ് ചേര്‍ത്തലയിലെ ഈ യുവ ശാസ്ത്രജ്ഞന്‍മാര്‍ നേട്ടം കൊയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയും സഹായവും ഈ പദ്ധതിക്ക് ഉണ്ടാകുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."