പെരുന്നാള്‍, സ്‌കൂള്‍ വിപണികള്‍ സജീവമായിത്തുടങ്ങി
കോഴിക്കോട്: നിപാ ഭീതി ഒഴിഞ്ഞതോടെ ജില്ലയിലെ പെരുന്നാള്‍, സ്‌കൂള്‍ വിപണികള്‍ വീണ്ടും സജീവമായി. ഇതോടെ നിപാ വൈറസ് ബാധയേല്‍പ്പിച്ച പ്രഹരത്തില്‍ നിന്നു വൈകാതെ കരകയറാനാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.
ചെറിയ പെരുന്നാളിന് മുന്‍പുള്ള അവസാന ഞായറാഴ്ചയായതിനാല്‍ കഴിഞ്ഞ ദിവസം വലിയ തിരക്കാണ് വസ്ത്ര വിപണികളിലും മറ്റു കച്ചവട സ്ഥാപനങ്ങളിലും അനുഭവപ്പെട്ടത്. അധിക അവധികള്‍ക്കു ശേഷം നാളെ ജില്ലയില്‍ സ്‌കൂള്‍ തുറക്കുമെന്ന അറിയിപ്പ് വന്നതിനാല്‍ സ്‌കൂള്‍ വിപണികളിലും തിരക്ക് അനുഭവപ്പെട്ടു.
ആളൊഴിഞ്ഞ കോഴിക്കോട് മിഠായിത്തെരുവും പ്രധാന നഗരകേന്ദ്രങ്ങളും ഇന്നലെ ജനത്തിരക്കിലമര്‍ന്നു. വസ്ത്ര വിപണികളിലാണു കാര്യമായ തിരക്കനുഭവപ്പെട്ടത്. പെരുന്നാള്‍ ആഘോഷമാക്കാന്‍ മിക്കവരും കുടുംബമായി തന്നെ തുണിക്കടകളിലെത്തി.
പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് വലിയ ഒരുക്കങ്ങളാണ് നടത്തിയതെന്നും ഇനിയുള്ള ദിവസങ്ങളില്‍ കച്ചവടത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വ്യാപാരികള്‍ പറയുന്നു. ബാഗും പുസ്തകങ്ങളും കുടകളും മറ്റുമായി സ്‌കൂള്‍ വിപണികളും സജീവമായിട്ടുണ്ട്. അവധി ദിനം നീട്ടി നല്‍കിയതിനു ശേഷം നാളെ സ്‌കൂള്‍ തുറക്കുന്നതോടെ അവസാനവട്ട ഒരുക്കങ്ങള്‍ക്കായി നിരവധി പേര്‍ സ്‌കൂള്‍ വിപണികളിലെത്തിയിരുന്നു. കോഴിക്കോട് ബീച്ച് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും ജനത്തിരക്ക് സാധാരണ നിലയിലേക്ക് വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."