പരാതി പ്രളയം പരിഹരിക്കാനാവാതെ കെ.എസ്.ഇ.ബി ജീവനക്കാര്‍
കക്കട്ടില്‍: കനത്ത മഴയും കാറ്റും മൂലം വൈദ്യുതി മുടക്കം പതിവായതോടെ കെ.എസ്.ഇ.ബി ജീവനക്കാര്‍ നെട്ടോട്ടത്തില്‍. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയും ആഞ്ഞുവീശുന്ന കാറ്റും കക്കട്ടിലിലെയും എടച്ചേരിയിലേയും ജീവനക്കാരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. ഒരു ഭാഗത്ത് തകരാറ് പരിഹരിക്കുമ്പോള്‍ മറുഭാഗത്ത് വൈദ്യുതി മുടങ്ങല്‍ പതിവായതോടെ ഉപഭോക്താക്കള്‍ പ്രതിഷേധിച്ച് ഓഫിസുകളിലും എത്താന്‍ തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി കക്കട്ടിലെ സെക്ഷന്‍ ഓഫിസിലെത്തിയവര്‍ ജീവനക്കാരെ പൂട്ടിയിട്ടു. പിന്നീട് കുറ്റ്യാടിയില്‍ നിന്ന് പൊലിസെത്തിയാണ് ഓഫിസ് തുറന്നത്. ജോലിഭാരം കൊണ്ട് നിന്നുതിരിയാനാവാതെ നെട്ടോട്ടമോടുകയാണ് ജീവനക്കാര്‍. കക്കട്ടില്‍ സെക്ഷനു കീഴില്‍ മാത്രം വിവിധ ഇടങ്ങളില്‍ മരം നിലപതിച്ചതു മുതല്‍, വൈദ്യുത തൂണ്‍ പൊട്ടി വീണതുള്‍പ്പെടെയുള്ള നിരവധി തടസങ്ങളാണ് കഴിഞ്ഞ രണ്ടാഴ്ച കൊണ്ടുണ്ടായത്.
ഇരുപത്തിരണ്ടായിരത്തിലധികം വൈദ്യുത കണക്ഷനുകളും നൂറ് കിലോമീറ്റര്‍ പരിധിയുമുള്ള കക്കട്ടില്‍ വൈദ്യുതി സെക്ഷന്‍ ഓഫിസ് വിഭജിക്കണമെന്ന നീണ്ടകാലത്തെ ആവശ്യം യാഥാര്‍ഥ്യമായില്ല. വൈദ്യുതി നിലച്ചാല്‍ രാത്രികാലങ്ങളില്‍ മലയോര മേഖലകളിലേക്ക് ജീവനക്കാര്‍ക്ക് എത്തിച്ചേരാന്‍ പറ്റാത്തതും ഉപഭോക്താക്കളുടെ എണ്ണക്കൂടുതലും ഓഫിസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന സാഹചര്യത്തിലാണിത്.
കക്കട്ടില്‍ സെക്ഷനു കീഴില്‍ മലയോര മേഖലകളായ നരിപ്പറ്റ, കാവിലുംപാറ, കായക്കൊടി, വേളം, പഞ്ചായത്തുകളും കുറ്റ്യാടി, പുറമേരി, നാദാപുരം പഞ്ചായത്തുകള്‍ ഭാഗികമായും കുന്നുമ്മല്‍ പഞ്ചായത്ത് പൂര്‍ണമായും പ്രവര്‍ത്തിക്കുന്നുണ്ട്.കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് വൈദ്യുത മന്ത്രിയായിരുന്ന എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്തതാണ് ഈ സെക്ഷന്‍. വൈദ്യുതി മുടങ്ങിയാല്‍ പുനഃസ്ഥാപിക്കാന്‍ മണിക്കൂറുകള്‍ എടുക്കുന്നതു പതിവാണ്. ഒരു വൈദ്യുതി സെക്ഷനു കീഴില്‍ പരമാവധി പതിനായിരം ഉപഭോക്താക്കളും 30 കിലോമീറ്റര്‍ ചുറ്റളവുമാണെങ്കിലും കക്കട്ട് സെക്ഷനു കീഴില്‍ ഇത് ഇരട്ടിയിലധികം വരും. പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ആവശ്യമായ ജീവനക്കാരെ നിയമിച്ചും ഓഫിസ് വിഭജിക്കുകയും വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പുതിയ സെക്ഷന്‍ കൈവേലി ആരംഭിക്കുകയാണങ്കില്‍ മലയോര മേഖലകളില്‍ വൈദ്യുത മുടക്കവും അറ്റ കുറ്റ പണിയും കാര്യക്ഷമമാവുമെന്നതാണ് ഈ ആവശ്യം ശക്തമാക്കിയിരിക്കുന്നത്.
എടച്ചേരി: കഴിഞ്ഞ രണ്ട് ദിവസങ്ങളായി തുടര്‍ച്ചയായി പെയ്ത ശക്തമായ കാറ്റിലും മഴയിലും എടച്ചേരിയിലെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുത ലൈനില്‍ മരങ്ങള്‍ പൊട്ടിവീണ് വൈദ്യുത വിതരണം തകരാറിലായത് കാരണം രണ്ടു ദിവസം നാട് ഇരുട്ടില്‍ മുങ്ങി. പകല്‍ സമയത്തും വീടുകളിലും കടകളിലും ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാവാതെ വീട്ടമ്മമാരും കച്ചവടക്കാരും വലഞ്ഞു. റമദാനിലെ ഏറ്റവും പ്രാധാന്യമേറിയ ഒടുവിലത്തെ പത്തില്‍ രാത്രി കാലങ്ങളില്‍ തറാവീഹ് അടക്കമുള്ള പ്രാര്‍ഥനകള്‍ മെഴുകുതിരി വെട്ടത്തിലായി. പല പള്ളികളിലും മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനാവാത്തതിനാല്‍ പൈപ്പുകളിലും ഹൗളുകളിലും വെള്ളം ലഭിക്കാതെ വിശ്വാസികളും കുഴങ്ങി. ഇതോടെ എടച്ചേരി കെ.എസ്.ഇ.ബി ഓഫിസില്‍ പരാതിക്കാരുടെ പ്രളയവുമായി.
വെള്ളിയാഴ്ച തുടങ്ങിയ കാറ്റും മഴയും ശനിയാഴ്ചയും നിര്‍ത്താതെ തുടര്‍ന്നതോടെ പലയിടങ്ങളിലും കമ്പി പൊട്ടല്‍ കൂടിക്കൂടി വന്നു. ഇതോടെ പ്രദേശത്ത് മൊത്തം വൈദ്യുത വിതരണം നിലക്കുകയായിരുന്നു. രണ്ടാംശനി ഓഫിസ് അവധിയായതിനാല്‍ വേണ്ടത്ര ജീവനക്കാരില്ലാത്തത് പലയിടങ്ങളിലും പ്രശ്‌ന പരിഹാരത്തിന് കാലതാമസം നേരിട്ടു. ഇതോടെ നാട്ടുകാര്‍ ഓഫിസിലെത്തി പ്രതിഷേധിച്ചു. ഒടുവില്‍ പുറത്ത് തിന്നുള്ള കൂടുതല്‍ എക്‌സ്ട്രാ ഡിപ്പാര്‍ട്ടുമെന്റ് ജീവനക്കാരെ ദിവസ വേദന കരാര്‍ അടിസ്ഥാനത്തില്‍ വിളിച്ചാണ് ഏറെക്കുറെ തകരാറുകള്‍ പരിഹരിച്ച് വൈദ്യുതബന്ധം പുന:സ്ഥാപിച്ചത്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."