ക്ഷേത്രഅറയില് ഇരുമ്പുപെട്ടി..! നിധിയെന്ന് കരുതി ജനപ്രവാഹം
മണ്ണഞ്ചേരി: ക്ഷേത്രത്തിലെ അറപൊളിച്ചപ്പോള് കിട്ടിയ ഇരുമ്പ് പെട്ടി നിധിയാണെന്ന കിംവദന്തി പരന്നപ്പോള്‍ ജനപ്രവാഹം. കാവുങ്കല്‍ ക്ഷേത്രത്തിലെ അറപൊളിച്ചപ്പോഴാണ് ഇരുമ്പ് പെട്ടി കിട്ടിയത്.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ക്ഷേത്രത്തിന് പിന്നിലെ സദ്യാലയവും, അറയും പൊളിച്ച് നീക്കി പുതിയ ആധുനിക ഓഡിറ്റോറിയം പണിയാനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്. ജെ.സി.ബി ഉപയോഗിച്ച് അറ പൊളിച്ചപ്പോഴാണ് വലിയ ഇരുമ്പ് പെട്ടി കിട്ടിയത്.
ഇത് ക്ഷേത്രത്തിലെ തിരുവാഭരണം സൂക്ഷിക്കുന്ന പെട്ടിയായിരുന്നു. ഇതിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. വിശേഷ അവസരങ്ങളില്‍ മാത്രമാണ് പെട്ടി തുറന്ന് തിരുവാഭരണം പുറത്ത് ഇറക്കാറുള്ളൂ. അറ പൊളിക്കുന്നതിന്റെ ഭാഗമായി ദേവസ്വം അധികൃതര്‍ പെട്ടി തുറന്ന് ആഭരണങ്ങള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരുന്നു.
എന്നാല്‍ പെട്ടി മാറ്റാന്‍ കഴിഞ്ഞില്ല. ഞായാറാഴ്ച പെട്ടി കണ്ടപ്പോള്‍ തന്നെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ജനത്തിരക്കേറിയപ്പോള് മണ്ണഞ്ചേരി പൊലിസും സ്ഥലത്ത് എത്തി. ക്ഷേത്രം ഭാരവാഹികള്‍ കാര്യങ്ങള്‍ വിശദമാക്കിയപ്പോള്‍ ജനം പിരിഞ്ഞു.
വ്യാജ പ്രചരണം നടത്തിയതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ദേവസ്വം പ്രസിഡന്റ് സി.പി രവീന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."