ചിറകു വിരിക്കുമോ ടൂറിസം...
ജില്ലയിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി ബജറ്റില്‍ മുന്തിയ പരിഗണന നല്‍കുമെന്നാണ് പ്രതീക്ഷ. ബേക്കല്‍ ടൂറിസത്തോടനുബന്ധിച്ച് ഈ മേഖലയുടെ വികസനം സാധ്യമാക്കാനാണ് ആലോചന. ഇതിന്റെ ഭാഗമായി ബേക്കല്‍ ഫോര്‍ട്ട് സോണ്‍ വികസനം, ബീച്ച് നവീകരണം എന്നിവയ്ക്കായി പ്രത്യേക തുക നീക്കി വച്ചേക്കും. ബേക്കല്‍ അടിസ്ഥാനമാക്കി ജില്ലയിലെ മറ്റു വിനോദ, തീര്‍ഥാടന സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാക്കേജിന് രൂപം നല്‍കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.
കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്തുതന്നെ ഇത്തരം ഒരു പാക്കേജിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ മാറിയതോടെ അതില്ലാതാവുകയായിരുന്നു. ബേക്കല്‍ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കനിയംകുണ്ടില്‍ എയര്‍സ്ട്രിപ് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. അതേസമയം ജില്ലയില്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഇല്ല എന്നത് സര്‍ക്കാര്‍ പരിഗണിക്കേണ്ട കാര്യമാണ്.
ട്രക്കിങ്ങിനു പേരുകേട്ട റാണിപുരം, കോട്ടഞ്ചേരി തുടങ്ങിയ കേന്ദ്രങ്ങളുടെ വികസനത്തിനും പ്രത്യേക ഊന്നല്‍ നല്‍കേണ്ടതുണ്ട്. റാണിപുരത്ത് വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇരുമ്പ് റെയില്‍ കൊണ്ടു ട്രക്കിങ് പാത്ത് നിര്‍മിക്കേണ്ടത് അത്യാവശ്യമാണ്. കോട്ടഞ്ചേരിയിലേക്ക് സഞ്ചാരികള്‍ക്ക് എത്തിപ്പെടാന്‍ പറ്റുന്ന റോഡുകളുടെ നിര്‍മാണവും ഇതോടൊപ്പം നടത്തേണ്ടതുണ്ട്.
ജില്ലയില്‍ സ്വകാര്യ ഹെലി ടൂറിസം നിലവിലുണ്ടങ്കിലും സര്‍ക്കാര്‍ തലത്തില്‍ നടപ്പിലായിട്ടില്ല. ഇതിനു മുന്‍കൈ എടുക്കുന്ന പക്ഷം ഈ രംഗത്ത് വന്‍ കുതിച്ചുചാട്ടമാണുണ്ടാകുക. കോട്ടപ്പുറം ജലവിമാന സര്‍വിസും ആരംഭിക്കേണ്ടത് ടൂറിസം വികസനത്തിന് അനിവാര്യമാണ്. വലിയപറമ്പ കേന്ദ്രമായി പ്രത്യേക ടൂറിസം പ്രൊജക്ടിനു തന്നെ സര്‍ക്കാര്‍ ഊന്നല്‍ നല്‍കണം. ജില്ലയിലെ ഡ്രൈവ് ഇന്‍ ബീച്ചായ തലപ്പാടിയിലെ കണ്വതീര്‍ഥ ബീച്ചിന്റെ വികസനത്തിന് മുഖ്യപരിഗണന നല്‍കണം. കാസര്‍കോട്, നെയ്തല്‍, അഴിത്തല ബീച്ചുകളും വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
തീര്‍ഥാടന ടൂറിസത്തിനായി പ്രൊജക്ട് തയാറാക്കിയിട്ടുണ്ടെങ്കിലും എങ്ങുമെത്താതെ കിടക്കുകയാണ്. തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രം, ആനന്ദാശ്രമം, നിത്യാനന്ദാശ്രമം, പൂച്ചക്കാട് ജുമാമസ്ജിദ്, മാലിക് ദിനാര്‍ പള്ളി, മധൂര്‍, അനന്തപുരം ക്ഷേത്രങ്ങളുമാണ് ഇതില്‍ പ്രധാന കേന്ദ്രങ്ങള്‍.
ബംഗര മഞ്ചേശ്വരത്തെ ജൈന ക്ഷേത്രവും ഇതില്‍ വരുന്നു. കോട്ടപ്പുറത്തെ ബോട്ട് സര്‍വിസിനു സഹായകമാകുന്ന രീതിയില്‍ ബോട്ട് ടെര്‍മിനല്‍ നിര്‍മിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. അക്കാര്യവും സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."