രാജ്യസഭാ സീറ്റ്: പോര് മുറുകുന്നു
തൃക്കരിപ്പൂര്‍(കാസര്‍കോട്): രാജ്യസഭാ സീറ്റ് വിവാദത്തില്‍ കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും കടുത്ത വിമര്‍ശനവുമായി കെ.പി.സി.സി മുന്‍അധ്യക്ഷന്‍ വി.എം സുധീരന്‍ രംഗത്തെത്തി. മാണിയുടെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് അദ്ദേഹം ആഞ്ഞടിച്ചു.
മാണി നാളെ ബി.ജെ.പിക്കൊപ്പം ചേരില്ലെന്ന് എന്താണ് ഉറപ്പെന്ന് സുധീരന്‍ ചോദിച്ചു. ബി.ജെ.പിക്കൊപ്പം പോകില്ലെന്ന് കെ.എം മാണി പ്രഖ്യാപിക്കണം. യു.ഡി.എഫില്‍ എത്തിയ ശേഷവും സമദൂരം എന്ന് പറയുന്നത് എങ്ങനെയാണ്. നിലപാടില്‍ മാണി വ്യക്തത വരുത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
മാണിയുടെ ഇടപെടല്‍ കാരണം യു.പി.എയുടെ ലോക്‌സഭാ അംഗത്വമാണ് നഷ്ടപ്പെടുന്നത്. ലോക്‌സഭയില്‍ യു.പി.എക്ക് ഒരു അംഗം നഷ്ടമാകുന്നത് ബി.ജെ.പിക്ക് നേട്ടമാകും. കോണ്‍ഗ്രസ് പ്രതിനിധി രാജ്യസഭയില്‍ എത്തുന്നത് മാണി ഇല്ലാതാക്കി. മാണി സ്വീകരിച്ചത് ചാഞ്ചാട്ട രാഷ്ട്രീയമാണ്. ബി.ജെ.പി ഉള്‍പ്പെടെ മൂന്ന് പാര്‍ട്ടികളുമായി ഒരേസമയം വിലപേശി. കെ.എം മാണിയുടെ വിശ്വാസ്യത നഷ്ടമായി. കോട്ടയത്തെ ജനപിന്തുണയില്‍ മാണിക്ക് ഇപ്പോള്‍ സംശയമുണ്ട്. ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയന്നാണ് 11 മാസം ബാക്കിയിരിക്കെ ജോസ് കെ. മാണിയെ രാജ്യസഭയിലേക്ക് അയക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏത് മുന്നണിയിലായാലും സുഖകരമായ പ്രവര്‍ത്തനത്തിന് പരസ്പരവിശ്വാസത്തിലും സൗഹൃദത്തിലുമാണ് പോകേണ്ടത്. അല്ലാതെ അട്ടിമറിയിലൂടെ, ചതിപ്രയോഗത്തിലൂടെ സ്ഥാനങ്ങള്‍ പിടിച്ചെടുക്കുന്നതിലല്ല മുന്നണിയുടെ വിജയം. മുന്നണി രാഷ്ട്രീയത്തിന് മുന്നണി മര്യാദകളുണ്ട്.
സാമാന്യ മര്യാദകള്‍ പാലിക്കാതെയാണ് കാര്യങ്ങള്‍ സംഭവിച്ചത്. യു.ഡി.എഫ് വിട്ടുപോകുമ്പോള്‍ കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസിനെതിരേ മാണി നടത്തിയത്. കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയിലേക്കു തിരിച്ചുവരുമ്പോള്‍ അദ്ദേഹം ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മാപ്പുപറയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."