ഒടുവില്‍ കുടമിട്ടുടക്കുന്ന മുഖ്യമന്ത്രിയോട്
'മറുപടി പറയാന്‍ നേരമില്ല. വേറെ പണിയുണ്ട് '- എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് കൊവിഡ് കാലത്തെ അദ്ദേഹത്തിന്റെ പത്രസമ്മേളന യജ്ഞത്തിലെ പരകോടിയായി. കേരള സര്‍ക്കാരും സ്പ്രിംഗ്ലര്‍ എന്ന അമേരിക്കന്‍ കമ്പനിയുമായുള്ള കരാര്‍ സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ മുഖ്യമന്ത്രി ചരിത്രത്തിനു വിട്ടിരിക്കുകയാണ്. ചരിത്രാനന്തര കാലത്തിനുശേഷം ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല ലക്ഷക്കണക്കിന് പൗരന്മാരുടെ ആരോഗ്യവിവരം സംബന്ധിച്ച ഡാറ്റാ സംഭരണം. കേരള സര്‍ക്കാരില്‍ പങ്കാളികളായ സി.പി.ഐ തന്നെ അങ്ങനെയല്ല കരുതുന്നത്. 'സാമ്പത്തിക- രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഡാറ്റ ദുരുപയോഗം ചെയ്തത് സംബന്ധിച്ച് വന്‍ വിവാദങ്ങള്‍ സമകാലിക രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. ഡാറ്റ ചോരണം, അനധികൃത പങ്കുവയ്ക്കല്‍, ദുരുപയോഗം എന്നിവ സംബന്ധിച്ച വാര്‍ത്തകള്‍ പതിവായിട്ടും ഡാറ്റ സുരക്ഷിതത്വം, സ്വകാര്യത എന്നിവ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഇനിയും കണക്കിലെടുക്കപ്പെട്ടിട്ടില്ല'. ഈ വിമര്‍ശനം ഉയര്‍ത്തുന്നത് സി.പി.ഐയുടെ മുഖപത്രമായ 'ജനയുഗ'മാണ്.
അമേരിക്കന്‍ സ്ഥാപനത്തിന് ഡാറ്റ കൈമാറിയതു സംബന്ധിച്ച ആരോപണം സ്വയം വലിച്ചു തലയിലിട്ടത് മുഖ്യമന്ത്രിയാണ്. ഒടുവിലിപ്പോള്‍ വിവാദങ്ങള്‍ക്ക് പിന്നാലെ ഇല്ല എന്നു പറഞ്ഞാല്‍ വിവാദം ഇല്ലാതാകില്ല. സര്‍ക്കാരിന്റെ ലോകോത്തര സല്‍പ്പേര് നഷ്ടപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് പ്രത്യാരോപണം നടത്തിയതുകൊണ്ടും മുഖ്യമന്ത്രി സ്വന്തം ഉത്തരവാദിത്വത്തില്‍നിന്ന് പുറത്താകുന്നില്ല. ഏപ്രില്‍ 10 നാണ് സ്പ്രിംഗ്ലര്‍ കമ്പനിയുമായുണ്ടാക്കിയ കരാറിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്. 'കേരള ഐ.ടി വകുപ്പിന്റെ സേവന ദാതാവാണ് കമ്പനി. ലോകാരോഗ്യ സംഘടനയും അവരുടെ സേവനം ഉപയോഗിക്കുന്നുണ്ട്. സേവനത്തിനോ സോഫ്റ്റുവെയറിനോ സര്‍ക്കാര്‍ പണം നല്‍കുന്നില്ല. ഡാറ്റ ഇന്ത്യയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് സൂക്ഷിക്കുന്നത്. കേരളത്തെ ഉദാരമായി സഹായിക്കാന്‍ പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ മുന്നോട്ടുവരുന്നതില്‍ പ്രതിപക്ഷനേതാവിന് വിഷമം തോന്നേണ്ട കാര്യമില്ല' എന്ന് കൊവിഡ് പ്രതിരോധ തിരക്കിനിടയില്‍ മുഖ്യമന്ത്രി വിശദീകരിച്ചു. അടുത്ത ദിവസം പ്രതിപക്ഷ നേതാവ് കരാര്‍ വ്യവസ്ഥകള്‍ പുറത്തുവിട്ടു. പൗരന്മാരുടെ അനുമതി കൂടാതെ അവരുടെ ആരോഗ്യ വിവരങ്ങളാണ് കൈമാറുന്നത്. സുപ്രിംകോടതി വിധിക്കും ഐ.ടി നിയമത്തിനും എതിരാണിത്. കരാര്‍ റദ്ദാക്കണം. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്ര അമേരിക്കന്‍ സ്വകാര്യ കമ്പനിയുടെ വെബ്‌സൈറ്റില്‍ ഉപയോഗിക്കുന്നുണ്ട്. അവരുടെ പരസ്യചിത്രത്തില്‍ ഐ.ടി സെക്രട്ടറി അഭിനയിക്കുന്നു. ഐ.ടി സെക്രട്ടറിയെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണം.
ഒരു വിദേശരാജ്യ സ്ഥാപനവുമായുള്ള കരാറില്‍ നിയമവകുപ്പിന്റെ അഭിപ്രായംപോലും തേടാതെ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സ്വയം തീരുമാനമെടുത്തത് അതിവിചിത്രമായ സംഭവം. ആ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിക്ക് കീഴിലുള്ള വകുപ്പ് സെക്രട്ടറി മാത്രമല്ല, മഖ്യമന്ത്രിയുടെ കൂടി സെക്രട്ടറിയാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നം വിദേശ സ്ഥാപനത്തിന്റെ വെബ്‌സൈറ്റിന്റെ അംഗീകാരമുദ്രയാക്കിയിരിക്കുകയാണ്. ഇക്കാര്യത്തിലെങ്കിലും വിശദീകരണം നല്‍കേണ്ടത് മുഖ്യമന്ത്രിയുടെ ഒഴിച്ചുകൂടാത്ത ബാധ്യതയാണ്. അന്വേഷിച്ചശേഷം അറിയിക്കാമെന്നെങ്കിലും മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കില്‍ മനസിലാക്കാമായിരുന്നു.
പ്രതിപക്ഷ നേതാവ് ആരോപണമുയര്‍ത്തിയ ഏപ്രില്‍ 10 മുതല്‍ ഈസ്റ്റര്‍, വിഷു അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ ഏപ്രില്‍ 19 വരെയുള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ നിലപാടുകളുടെ ഗോള്‍മുഖത്തേക്ക് സെല്‍ഫ് ഗോളുകള്‍ തുരുതുരാ വന്നുവീഴുന്നതാണ് കണ്ടത്. ഐ.ടി വകുപ്പിന്റെ പത്രക്കുറിപ്പും സെക്രട്ടറി വാര്‍ത്താചാനലുകളില്‍ ചെന്നിരുന്ന് മാറിമാറി നടത്തിയ അഭിമുഖങ്ങളുമാണ് മുഖ്യമന്ത്രിയുടെ വിക്കറ്റ് തെറിപ്പിച്ചത്. പ്രതിപക്ഷം അത് ഉപയോഗപ്പെടുത്തുന്നതില്‍ മുഖ്യമന്ത്രി അസൂയപ്പെട്ടിട്ട് കാര്യമില്ല.
പ്രതിപക്ഷ നേതാവിന്റെ ആരോപണം വന്നതിനുശേഷം ചെയ്ത കാര്യങ്ങള്‍: വിവരം പരസ്യമാക്കില്ല, സെപ്റ്റംബര്‍ 24 വരെ പണംപറ്റില്ല എന്നീ വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുത്തി. ഐ.ടി സെക്രട്ടറി കമ്പനി ഉടമയെ ഫോണില്‍ വിളിച്ചാണ് ഈ തിരുത്തലുകള്‍ വരുത്തിയത്. കമ്പനിയുടെ ലെറ്റര്‍ ഹെഡിലാണ് സര്‍ക്കാരുമായുള്ള കരാര്‍ ഒപ്പിട്ടത്. ഇതൊക്കെ ജനങ്ങളുടെ മുന്‍പില്‍ വിളമ്പിയത് അദ്ദേഹത്തിന്റെ സെക്രട്ടറിയാണ്. അദ്ദേഹത്തെ ഐ.ടി സെക്രട്ടറി സ്ഥാനത്തിരുത്തി വാരിക്കുന്തങ്ങള്‍ക്കിടയിലൂടെ മുഖ്യമന്ത്രിക്കസേരയില്‍ എത്തിയവനാണ് താനെന്ന് മുഖ്യമന്ത്രി വാദിച്ചാല്‍ ജനങ്ങള്‍ വിശ്വസിക്കണമെന്നാണോ ഇനിയുള്ള പത്രസമ്മേളനങ്ങളില്‍ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സ്വയം മൊറട്ടോറിയനയം പ്രഖ്യാപിച്ചാല്‍ ആരുടെ സല്‍പ്പേരാണ് നഷ്ടപ്പെടുക?
തീരുമാനം പ്രൊഫഷണലായും വിവേചനാധികാരം ഉപയോഗിച്ചും താന്‍ എടുത്തതാണ് എന്ന് ഐ.ടി സെക്രട്ടറി പറയുന്നത് വിഴുങ്ങാന്‍ ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കും അവരുടെ പ്രതിനിധികളായ മാധ്യമ പ്രവര്‍ത്തകര്‍ക്കും ബാധ്യതയുണ്ടെന്നാണോ മുഖ്യമന്ത്രി സമര്‍ഥിക്കുന്നത്. കേരളം കൊവിഡിനെതിരായ യുദ്ധമുഖത്താണെന്നും ഈ പോരാട്ടത്തില്‍ മറ്റേത് സംസ്ഥാനത്തേക്കാളും കേരളം മുന്നിലാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ വഹിച്ചിട്ടുള്ള നേതൃത്വപരമായ പങ്കും അംഗീകരിക്കുമ്പോള്‍ തന്നെ.
കൊവിഡ് കാലത്തെ മുഖ്യമന്ത്രിയുടെ ഒരു ദിവസം ഒരു പ്രമുഖ മലയാള പത്രത്തിന്റെ തിരുവനന്തപുരം ലേഖകന്‍ കുറിക്കുകയുണ്ടായി. അത് മുഖ്യമന്ത്രിയുടെ ഭരണ ശൈലിയും ചിട്ടയും വെളിപ്പെടുത്തുന്നു. ഈ വിവാദത്തിന്റെ ഉള്ളിലേക്ക് അത് വെളിച്ചം വീശുകയും ചെയ്യുന്നു. രാവിലെ ഒന്‍പതിന് സെക്രട്ടേറിയേറ്റില്‍ മൂന്നാംനിലയിലെ തന്റെ ഓഫിസില്‍ മുഖ്യമന്ത്രി എത്തുന്നു. പെഴ്‌സണല്‍ സ്റ്റാഫ് പ്രധാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രി അവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നു. അടിയന്തിര ഫയലുകള്‍ നോക്കുന്നു. തുടര്‍ന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി കൊവിഡ് കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ച. പിന്നാലെ എത്തുന്ന ചീഫ് സെക്രട്ടറി, ഡി.ജി.പി, ധനമന്ത്രി തുടങ്ങിയവര്‍ നടപടികളുടെ പുരോഗതി അറിയിക്കുന്നു. ചിലപ്പോള്‍ മറ്റു ജില്ലകളിലെ ഉദ്യോഗസ്ഥരുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തുന്നു. അതുകഴിഞ്ഞ് സന്ദര്‍ശകരുമായി കൂടിക്കാഴ്ച. ഉച്ചയ്ക്ക് ഒരുമണിക്ക് ഔദ്യോഗിക വസതിയിലേക്ക് മടക്കം. മൂന്നര മണിക്ക് വീണ്ടും സെക്രട്ടേറിയേറ്റില്‍. പെഴ്‌സണല്‍ സ്റ്റാഫുമായി കൂടിക്കാഴ്ച. നാല് മണിക്ക് നോര്‍ത്ത് ബ്ലോക്ക് ഒന്നാം നിലയിലെ കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം. മന്ത്രി കെ.കെ ശൈലജ കൊവിഡ് വ്യാപനം സംബന്ധിച്ച കണക്കുകള്‍ വിശദീകരിക്കും. രാജ്യത്തെയും ലോകത്തെയും കൊവിഡ് വ്യാപനം സംബന്ധിച്ച് ആരോഗ്യ സെക്രട്ടറി രാജന്‍ കോബ്രഗഡിന്റെ പവര്‍ പോയന്റ് പ്രസന്റേഷന്‍. കേരളത്തില്‍ സ്വീകരിക്കുന്ന നടപടിയെക്കുറിച്ച്.
തുടര്‍ന്ന് തന്റെ അധ്യക്ഷതയില്‍ നേരത്തെ നടന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗ തീരുമാനങ്ങള്‍ ചീഫ് സെക്രട്ടറി അറിയിക്കുന്നു. അതിനുശേഷം ഓരോ വകുപ്പ് മേധാവിയും അഭിപ്രായം അറിയിക്കും. ഇതെല്ലാം കേട്ടശേഷം മുഖ്യമന്ത്രി തന്റെ നിര്‍ദേശങ്ങളും തീരുമാനങ്ങളും അവലോകന യോഗത്തെ അറിയിക്കും. വകുപ്പുകള്‍ പ്രത്യേക തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കാന്‍ എല്ലാ കാര്യങ്ങളും അവലോകന യോഗത്തില്‍ തീരുമാനിക്കുന്നതാണ് മുഖ്യമന്ത്രി പിണറായിയുടെ ശൈലിയെന്ന് ലേഖകന്‍ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. ഇത് കഴിഞ്ഞാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലേക്ക് ആറുമണിക്ക് എത്തുന്നത്. അതുകഴിഞ്ഞ് ക്ലിഫ് ഹൗസിലേക്ക് മടങ്ങുന്നു. 8.30 മുതല്‍ 10.45 വരെ ഫയലുകള്‍ നോക്കും. ഫോണില്‍ വിദഗ്ധരുമായി ചര്‍ച്ച നടത്തും.
ഈ ദിനചര്യ രണ്ടുകാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. ഒന്ന്: ഈ കൊവിഡ് കാലത്തുപോലും ഒരു വകുപ്പ് സെക്രട്ടറിയും സ്വയം തീരുമാനമെടുക്കില്ല. രണ്ട്: ധനമന്ത്രിപോലും അവലോകന യോഗത്തില്‍ പങ്കെടുക്കുന്നില്ല. മന്ത്രിമാരുമായി കൂടിയാലോചിച്ചല്ല (ആരോഗ്യമന്ത്രിയൊഴിച്ച്) മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍. അവലോകന യോഗത്തിലും മന്ത്രിസഭാ യോഗത്തിലും മുഖ്യമന്ത്രിയുടേതാണ് അവസാന വാക്ക്. ഇടതും വലതുമായി റവന്യൂമന്ത്രി ചന്ദ്രശേഖരനെയും ആരോഗ്യമന്ത്രി ശൈലജ ടീച്ചറെയും പത്രസമ്മേളനത്തില്‍ ഇരുത്താറുണ്ട്. മുണ്ടുടുത്ത മോദി ശൈലിക്കുമുന്‍പില്‍ വീര്‍പ്പടക്കിപ്പിടിച്ച ഇരുമന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ദൈന്യഭാവമാണ് കാമറകള്‍ പ്രേക്ഷകര്‍ക്കു മുന്‍പില്‍ എത്തിക്കുന്നത്. ഇതിനുമൊക്കെ പ്രധാനം ഭരണത്തിലെ പാര്‍ട്ടിയുടെ പങ്കാണ്. താന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്തുണ്ടായിരുന്നതില്‍ നിന്നുപോലും വ്യത്യസ്തമായി സര്‍ക്കാരിന്റെ ഭരണനയത്തില്‍ പാര്‍ട്ടിക്ക് കാര്യമായ ഒരു പങ്കുമില്ല. തനിക്കില്ലാത്ത വേവലാതി മാധ്യമങ്ങള്‍ക്കെന്തിനാണെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. എങ്കില്‍ മുഖ്യമന്ത്രിക്കില്ലാത്ത വേവലാതി പാര്‍ട്ടി മന്ത്രിമാര്‍ക്കും പൊളിറ്റ് ബ്യൂറോയ്ക്കും എന്തുകൊണ്ടെന്ന് ചിന്തിക്കേണ്ടതല്ലേ. തനിക്കെന്തിനാണ് പാര്‍ട്ടിയുടെ പരസ്യ പിന്തുണയെന്നും.
മുഖ്യമന്ത്രിയെ പ്രതിരോധിക്കാന്‍ മുഖപ്രസംഗങ്ങളും ലേഖനങ്ങളുമായി പാര്‍ട്ടിപത്രം. അടുത്ത തെരഞ്ഞെടുപ്പുകളില്‍ കെട്ടിവെച്ച കാശ് കിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ജനപിന്തുണ കണ്ട് ഭയന്നാണ് പ്രതിപക്ഷം പിണറായിയെ ആക്ഷേപിക്കുന്നതെന്നും നിയമമന്ത്രി കലിതുള്ളുന്നു. അസാധാരണ സന്ദര്‍ഭങ്ങളില്‍ നയം നോക്കാതെ അസാധാരണ നടപടിയെന്ന് തിരുവനന്തപുരത്തുള്ള മുതിര്‍ന്ന പി.ബി. അംഗം രാമചന്ദ്രന്‍പിള്ള. പിള്ളയുടെ പ്രസ്താവന പി.ബിയുടെ പിന്തുണയായി പാര്‍ട്ടി ചാനല്‍. ചെന്നിത്തല ചെയ്യേണ്ടതിനെപ്പറ്റി പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ ലേഖനം. ഇനി പാര്‍ട്ടി സെക്രട്ടറിയേറ്റും പി.ബിയും ചേര്‍ന്നാലും സ്തുതിയും പിന്തുണയുമല്ലാതെ മറ്റെന്ത് പുറത്തുവരാന്‍.
മാധ്യമ പ്രവര്‍ത്തകരെ ചരിത്രം ഓര്‍മ്മിപ്പിക്കുന്ന മുഖ്യമന്ത്രിയെ അദ്ദേഹം മറക്കാന്‍ ശ്രമിക്കുന്ന ചരിത്രങ്ങളില്‍ ഒന്നുമാത്രം ഓര്‍മ്മപെടുത്തുന്നു: ടി.പി വധം. രാഷ്ട്രീയ എതിരാളിയെ ഇല്ലാതാക്കുന്നത് പാര്‍ട്ടിയുടെ നയമല്ലെന്ന് എത്രകെട്ട് പ്രമേയങ്ങളാണ് സി.പി.എം പാസാക്കിയത്. ടി.പി വധം ആസൂത്രണം ചെയ്ത കണ്ണൂരിലെ സി.പി.എം നേതാക്കളില്‍ ഒരാള്‍ ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണെന്ന കാര്യം മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."