ബഹ്‌റൈനില്‍ വീണ്ടും രണ്ടാഴ്ചത്തെ നിയന്ത്രണം: കച്ചവട സ്ഥാപനങ്ങള്‍ വ്യാഴാഴ്ച മുതല്‍ മെയ് ഏഴുവരെ അടച്ചിടണം
മനാമ: ബഹ്‌റൈനില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീണ്ടും രണ്ടാഴ്ചത്തെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.
എല്ലാ അവശ്യേതര കച്ചവട സ്ഥാപനങ്ങളും ഏപ്രില്‍ 23 വ്യാഴാഴ്ച വൈകുന്നേരം ഏഴു മണി മുതല്‍ മെയ് ഏഴുവരെ രണ്ടാഴ്ചത്തേക്ക് അടച്ചിടണമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു.
രാജ്യത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിലവില്‍ വന്ന നാഷണല്‍ ടാസ്‌ക് ഫോയ്‌സ് സംഘത്തില്‍ വിവിധ വിഭാഗങ്ങളുടെ ചുമതലകള്‍ വഹിക്കുന്നവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.
ജനങ്ങള്‍ക്ക് അത്യാവശ്യമായ വ്യാപാര സ്ഥാപനങ്ങളൊഴിച്ച് മറ്റെല്ലാ സ്ഥാപനങ്ങളും അടച്ചിടാന്‍ നേരത്തെയും രാജ്യത്ത് നിര്‍ദേശമുണ്ടായിരുന്നു. മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 9 വരെയാണ് അന്ന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നത്. ഇത് ആവശ്യമെങ്കില്‍ തുടരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അപ്രകാരം സമാനമായ നിയന്ത്രണങ്ങളാണിപ്പോള്‍ വീണ്ടും പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടാതെ വിശുദ്ധ റമദാന്‍ സമാഗതമാകാനിരിക്കുന്ന സാഹചര്യത്തില്‍ റമദാനുമായി ബന്ധപ്പെട്ട ചില പ്രത്യേക നിര്‍ദേശങ്ങളും അധികൃതര്‍ വ്യക്തമാക്കി.
ഈ വര്‍ഷം റമദാനില്‍ മജ്ലിസുകളും, ഗബ്ഗയും, സമൂഹ നോമ്പുതുറയും നടത്താനോ അതില്‍ പങ്കെടുക്കാനോ പാടുള്ളതല്ല. കൂടാതെ റോഡുകളില്‍ ഇഫ്താര്‍ പാക്കറ്റുകള്‍ വിതരണം ചെയ്യരുത്. പൊതു സ്ഥലങ്ങളില്‍ സംഭാവന കിയോസ്‌കുകള്‍ സ്ഥാപിക്കരുത്. കിയോസ്‌കുകള്‍ക്ക് പകരം ഇ-പേയ്‌മെന്റ് സംവിധാനമാണ് സ്വീകരിക്കേണ്ടത്, ഇഫ്താര്‍ സംഭാവന, ഫിത്ര് സകാത്ത് എന്നിവയും ഇപ്രകാരം ശേഖരിച്ച് വിതരണം ചെയ്യണമെന്നുമാണ് സുപ്രധാന നിര്‍ദേശങ്ങള്‍.
കൂടാതെ, റമദാനില്‍ എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് കൂടുതല്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ നേരത്തെ ചേര്‍ന്ന യോഗത്തിലും ധാരണയായിട്ടുണ്ട്.
ബഹ്‌റൈനില്‍ സന്ദര്‍ശക വിസയിലെത്തിയ ശേഷം കോവിഡ് കാരണം തിരികെ പോകാന്‍ കഴിയാത്തവര്‍ക്ക് ആശ്വാസം പകരുന്നതാണ് മറ്റൊരു പ്രഖ്യാപനം. ഈ സാഹചര്യത്തില്‍ അവരുടെ വിസ കാലാവധി നീട്ടി നല്‍കുമെന്നും ഇതിന് പ്രത്യേക അപേക്ഷയോ ചാര്‍ജോ വേണ്ടതില്ലെന്നും പൂര്‍ണ്ണമായും ഇത് സൗജന്യമായിരിക്കുമെന്നും പബ്ലിക് സെക്യൂരിറ്റി ചീഫ് ലഫ്. ജനറല്‍ താരിഖ് അല്‍ ഹസന്‍ വ്യക്തമാക്കി.
ഇതു സംബന്ധിച്ച് നേരത്തെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞതായും അദ്ധേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."