അതീവ ജാഗ്രതയില്‍ കൊല്ലം ജില്ല
സ്വന്തം ലേഖകന്‍
കൊല്ലം: കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട് തെങ്കാശി പുളിയന്‍കുടിയില്‍ കൊവിഡ് വ്യാപിച്ചതോടെ കൊല്ലം അതിര്‍ത്തിയില്‍ സ്ഥിതി സങ്കീര്‍ണമായി. പുളിയന്‍കുടി സന്ദര്‍ശിച്ച കുളത്തൂപ്പുഴ സ്വദേശിയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് അതിര്‍ത്തിയില്‍ ജില്ലാഭരണകൂടം അതീവജാഗ്രതാ നിര്‍ദേശം നല്‍കിയത്.
രോഗം സ്ഥിരീകരിച്ച യുവാവ് യാത്രാവിവരം മറച്ചുവച്ച് നിരവധിപേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതോടെ ജനപ്രതിനിധികള്‍ ഉള്‍പ്പടെ ഇരുപത്തിമൂന്നു പേര്‍ നിരീക്ഷണത്തിലാണ്. കൊല്ലം ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയില്‍ 34 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 28 പേരും പുളിയന്‍കുടി സ്വദേശികളാണ്.
പുളിയന്‍കുടിയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത കുളത്തൂപ്പുഴ സ്വദേശിയായ മാനസിക വൈകല്യമുള്ള യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ പുളിയന്‍കുടിയില്‍ പോയവിവരം മറച്ചുവച്ച് ദിവസങ്ങളോളം കുളത്തൂപ്പുഴയില്‍ കറങ്ങി നടന്നു.
രോഗബാധിതന് മാനസിക വൈകല്യമുള്ളതിനാല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ഡി.എം.ഒ ഡോ. ശ്രീലത പറഞ്ഞു.
തോട്ടം തൊഴിലാളികള്‍ കൂടുതല്‍ ഉള്ള മേഖലയായതിനാല്‍ പലരും വനപാതകളിലൂടെ പുളിയന്‍കുടിയിലേക്ക് പോകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കോളനി മേഖലകളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."