HOME
DETAILS

റമദാന്‍: സഹനം, സംയമനം, സംസ്‌കരണം

  
backup
April 23 2020 | 22:04 PM

ramadan-prof-alikuuty-musliyar1111

 


പരിശുദ്ധ ദീനിന്റെ അടിസ്ഥാനമായ പഞ്ച സ്തംഭങ്ങളില്‍ പെട്ടതാണ് റമദാന്‍ വ്രതം. സഹനത്തിന്റെയും ത്യാഗത്തിന്റെയും മാസമാണത്. കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും നരക മോചനത്തിന്റെയും മാസം. വിശുദ്ധ ഖുര്‍ആനിന്റെയും തറാവീഹിന്റെയും മാസം. ശാരീരികമായും ആത്മീയമായും തന്റെ അടിമയെ ശുദ്ധീകരിക്കാനാണ് ഈ പുണ്യമാസം നാഥന്‍ കനിഞ്ഞേകിയത്. നന്മ ചെയ്യുന്നവര്‍ക്ക് അത് വര്‍ധിപ്പിക്കാനും പാപികള്‍ക്ക് തൗബ ചെയ്ത് നന്നാവാനുമുള്ള സുവര്‍ണാവസരമാണ് ഈ മാസം. നബി (സ) പറഞ്ഞു: റമദാന്‍ സമാഗതമായാല്‍ സ്വര്‍ഗത്തിന്റെ എല്ലാകവാടങ്ങളും തുറക്കപ്പെടും. നരകകവാടങ്ങളെല്ലാം അടക്കപ്പെടും. പിശാചുക്കളെ ബന്ധിക്കപ്പെടും(ബുഖാരി, മുസ്‌ലിം). നന്മ തേടുന്നവനോട് അതിലേക്ക് മുന്നിടാനും തിന്മ ഉദ്ദേശിക്കുന്നവരോട് അത് അവസാനിപ്പിക്കാനും റമദാനിന്റെ ഓരോ രാത്രിയിലും വിളിച്ച് പറയപ്പെടുമെന്ന് ഇമാം തിര്‍മിദി നിവേദനം ചെയ്ത ഒരു ഹദീസില്‍ വന്നിട്ടുണ്ട്. മറ്റു ഇബാദതുകള്‍ക്കില്ലാത്ത പ്രതിഫലമാണ് നോമ്പിനുള്ളത്. നബി (സ) പറയുന്നു: മനുഷ്യന്റെ എല്ലാ സദ്കര്‍മത്തിന്റെയും പ്രതിഫലം ഇരട്ടിപ്പിക്കും. ഒരു നന്മക്ക് പത്ത് മുതല്‍ എഴുനൂറ് ഇരട്ടി വരെ'. അല്ലാഹു പറഞ്ഞു: 'നോമ്പ് ഒഴികെ. അത് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നവര്‍. എനിക്ക് വേണ്ടിയാണ് അവന്‍ ഭക്ഷണവും വികാരങ്ങളും വെടിയുന്നത്' (ബുഖാരി, മുസ്‌ലിം). അത് കൊണ്ട് തന്നെ പരലോക വിജയവും അല്ലാഹുവിന്റെ സാമീപ്യവും ആഗ്രഹിക്കുന്നവര്‍ക്ക് വലിയ അവസരമാണ് ഈ പുണ്യമാസം.

റമദാനും ലോക്ക് ഡൗണും


ഖുര്‍ആന്‍ പാരായണം, തറാവീഹ്, ഇഅ്തികാഫ്, ഇഫ്ത്വാര്‍ എന്നിവ കൊണ്ട് പള്ളികള്‍ സജീവമാകുന്ന സമയമാണ് വിശുദ്ധ റമദാന്‍. ഒരു വിശ്വാസിയുടെ ജീവിതം പള്ളിയുമായി ഏറ്റവും ബന്ധപ്പെടുന്നത് റമദാനിലായിരിക്കും. ഇപ്പോഴത്തെ നിര്‍ബന്ധിത സാഹചര്യത്തില്‍ പള്ളികള്‍ അടച്ചിടേണ്ടി വന്നതില്‍ എല്ലാവരും ദുഃഖിതരാണ്. പക്ഷേ, സത്യവിശ്വാസി ഒരിക്കലും നിരാശപ്പെടുന്നവനല്ല. അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ച് ജീവിക്കുന്ന വിശ്വാസിക്ക് നിരാശപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. അല്ലാഹുവിന്റെ ഏത് വിധിയും തീരുമാനവും പൂര്‍ണമനസ്സോടെ സ്വീകരിക്കുന്നവനാണ് യഥാര്‍ഥ വിശ്വാസി. പള്ളികളില്‍ പോകാന്‍ ഇത് വരെ കഴിഞ്ഞതും ഇപ്പോള്‍ കഴിയാത്തതും അല്ലാഹുവിന്റെ തീരുമാനമാണ്. മാത്രമല്ല, സ്വന്തം ശരീരത്തെയും തന്റെ സഹോദരന്മാരെയും വിപത്തില്‍ നിന്ന് സംരക്ഷിക്കാനാണ് നാം പള്ളിയില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വന്നത്. 'നിങ്ങളുടെ ശരീരങ്ങളെ അപകടത്തില്‍ ചാടിക്കരുത് എന്ന് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട് (അല്‍ബഖറ: 195). നബി (സ) പറഞ്ഞു: സത്യവിശ്വാസികള്‍ പരസ്പര സ്‌നേഹത്തിലും കരുണയിലും ഒരു ശരീരം പോലെയാണ്. ഒരു അവയവത്തിന് രോഗം വന്നാല്‍ എല്ലാ അംഗങ്ങളും അതിന് വേണ്ടി പ്രയാസം അനുഭവിക്കും' (ബുഖാരി, മുസ്‌ലിം). വീണ്ടും നബി (സ) പറഞ്ഞു: ഏതൊരാളുടെ നാവില്‍ നിന്നും പ്രവര്‍ത്തനത്തില്‍ നിന്നും വിശ്വാസികള്‍ക്ക് രക്ഷ കിട്ടുന്നുവോ അവനാണ് യഥാര്‍ഥ മുസ്‌ലിം (ബുഖാരി, മുസ്‌ലിം).


ഈ ഉദ്ദേശ്യത്തോടെ വീട്ടിലിരിക്കുന്നതും പ്രതിഫലാര്‍ഹമാണ്. സത്യവിശ്വാസിയുടെ ഉദ്ദേശ്യത്തിന് പ്രതിഫലമുണ്ട്. നബി (സ) പറഞ്ഞു: 'കര്‍മങ്ങള്‍ ഉദ്ദേശ്യത്തിനനുസരിച്ച് മാത്രമാണ്. എന്ത് കരുതുന്നുവോ അതാണ് ഓരോരുത്തര്‍ക്കുമുള്ളത്' (ബുഖാരി, മുസ്‌ലിം). മറ്റൊരു ഹദീസ് ശ്രദ്ധിക്കുക. നബി (സ) പറഞ്ഞു: ഒരാള്‍ രോഗിയായാല്‍ കര്‍മങ്ങള്‍ രേഖപ്പെടുത്തുന്ന മലക്കുകളോട് അല്ലാഹു പറയും: എന്റെ അടിമ ആരോഗ്യ സമയത്ത് ചെയ്ത കര്‍മങ്ങള്‍ നിങ്ങള്‍ ഇപ്പോഴും രേഖപ്പെടുത്തുക (ബുഖാരി, മുസ്‌നദ് അഹ്മദ്). നിത്യം ചെയ്തിരുന്ന സല്‍കര്‍മം യാത്ര കാരണം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും അതിന്റെ പ്രതിഫലം ലഭിക്കുമെന്ന് ബുഖാരി നിവേദനം ചെയ്ത ഹദീസിലുണ്ട്. അത് കൊണ്ട് തന്നെ, പള്ളിയില്‍ പോകാന്‍ ആഗ്രഹിച്ച് നിര്‍ബന്ധിതാവസ്ഥയില്‍ വീട്ടില്‍ നിസ്‌കരിക്കുന്നവര്‍ക്ക് പള്ളിയില്‍ നിസ്‌കരിക്കുന്ന പ്രതിഫലം കാരുണ്യവാനായ അല്ലാഹു നല്‍കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

വീടുകള്‍ സജീവമാക്കുക


ഈ റമദാനില്‍ നാം ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. പള്ളിയുടെ കവാടങ്ങള്‍ മാത്രമാണ് അടഞ്ഞുകിടക്കുന്നത്. അല്ലാഹുവിന്റെ കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും കവാടങ്ങള്‍ തുറന്ന് തന്നെയുണ്ട്. അതുകൊണ്ട്, സല്‍കര്‍മങ്ങള്‍ നിര്‍ത്തുകയല്ല, വര്‍ധിപ്പിക്കുകയാണ് വേണ്ടത്. ഈ റമദാനില്‍ അല്ലാഹു നല്‍കിയ പ്രത്യേക അനുഗ്രഹമാണ് ഒഴിവുസമയം. ഇത് ശരിയായി ഉപയോഗപ്പെടുത്തിയാല്‍ ലോക്ക് ഡൗണ്‍ സല്‍കര്‍മങ്ങള്‍ക്ക് അവസരമാക്കി മാറ്റാം. വിശുദ്ധ ഖുര്‍ആനിന്റെ മാസമാണ് റമദാന്‍. നമ്മുടെ വീടുകള്‍ ഖുര്‍ആന്‍ പാരായണം കൊണ്ട് ധന്യമാകട്ടെ. റമദാനിലെ പവിത്രമായ ഇബാദതായ തറാവീഹ് നിസ്‌കാരം വീട്ടുകാര്‍ ചേര്‍ന്ന് ജമാഅത്തായി നിസ്‌കരിക്കുക. അങ്ങനെ വീടുകള്‍ ആരാധനാ കേന്ദ്രങ്ങളാക്കി മാറ്റാം.
ദാനധര്‍മത്തിന്റെ മാസമാണിത്. ദാനശീലനായ നബി (സ) ഏറ്റവും ദാനം ചെയ്തിരുന്നത് റമദാനിലായിരുന്നു. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ നമ്മുടെ നാട്ടിലും കുടുംബത്തിലും പട്ടിണി കിടക്കുന്നവര്‍ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഒരു നോമ്പുകാരനെ നോമ്പ് തുറപ്പിച്ചവന് നോമ്പുകാരന്റെ അതേ പ്രതിഫലം ലഭിക്കുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. നോമ്പ് തുറക്കാനുള്ള വിഭവങ്ങളും സാമ്പത്തിക സഹായവും വീടുകളിലേക്ക് എത്തിച്ച് കൊടുക്കുക. എല്ലാ വര്‍ഷത്തെക്കാള്‍ കാര്യക്ഷമമായി സകാത് വിതരണം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ മുന്‍കയ്യെടുക്കണം. നാട്ടിലെ പാവപ്പെട്ട വിശ്വാസികള്‍ക്കെല്ലാം സകാത് ലഭിക്കുന്ന വിധം വിതരണം ചെയ്യാന്‍ സാമ്പത്തിക ശേഷിയുള്ളവര്‍ ശ്രദ്ധിക്കുക. മറ്റു റിലീഫ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുക. സര്‍വോപരി, ഈ പരീക്ഷണത്തില്‍ നിന്ന് രക്ഷ കിട്ടാന്‍ അല്ലാഹുവിനോട് മനമുരുകി പ്രാര്‍ഥിക്കുക. ദുആഇന് ഉത്തരം ലഭിക്കാന്‍ ഏറെ സാധ്യതയുള്ള മാസമാണിത്. ഈ മഹാമാരിയില്‍ നിന്ന് എത്രയും പെട്ടെന്ന് അല്ലാഹു മോചനം നല്‍കട്ടെ എന്ന് നമുക്ക് സദാ പ്രാര്‍ഥിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago