സ്പ്രിംഗ്ലറിലും ബി.ജെ.പിയില്‍ വിഭാഗീയത; എം.ടി രമേശിനെ തള്ളി കെ. സുരേന്ദ്രന്‍
തിരുവനന്തപുരം: ഒരു ഇടവേളയ്ക്കു ശേഷം ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ വീണ്ടും വിഭാഗീയ മറനീക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറുമായി ഒപ്പിട്ട കരാറിനെക്കുറിച്ച് അന്വേഷണം വേണമെന്നാണ് ബി.ജെ.പിയിലെ പൊതു അഭിപ്രായമെങ്കിലും ആരന്വേഷിക്കണമെന്നതു സംബന്ധിച്ച തര്‍ക്കം ഗ്രൂപ്പ് തിരിഞ്ഞ് ശക്തമാവുകയാണ്.
കരാറിനെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നിയമനടപടിയുമായി മുന്നോട്ടുപോകുന്ന സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നിലപാട് ഫേസ്ബുക്ക് പോസ്റ്റിലൂടെ ജനറല്‍ സെക്രട്ടറി എം.ടി രമേശ് തള്ളി. കരാറിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന സുരേന്ദ്രന്റെ നിലപാടിനെതിരേ, സി.ബി.ഐ അന്വേഷണം അല്ലാതെ മറ്റെന്താണ് അഭികാമ്യമെന്നാണ് രമേശ് കുറിച്ചത്. രാജ്യാന്തര ബന്ധമുള്ള കരാര്‍ വിശദാംശങ്ങള്‍ അന്വേഷിക്കാന്‍ സി.ബി.ഐ തന്നെ വേണമെന്നും രമേശ് പറയുന്നു.
ഇതിനു പിന്നാലെ രമേശിനെതിരേ സുരേന്ദ്രന്‍ രംഗത്തെത്തുകയായിരുന്നു. രമേശിന്റെ നിലപാട് കാര്യങ്ങള്‍ മനസിലാക്കാതെയുള്ളതാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പ്രാഥമിക ഘട്ടത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ നിരാകരിക്കപ്പെടാം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കോടതിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നതും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഇതിനിടെ രമേശിനൊപ്പം നില്‍ക്കുന്ന പി.കെ കൃഷ്ണദാസ് പക്ഷക്കാരനായ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്‍ ഒരുപടികൂടി മുന്നോട്ടുകയറി സുരേന്ദ്രനെതിരേ നീങ്ങി.
സ്പ്രിംഗ്ലര്‍ വിഷയത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് രാധാകൃഷ്ണന്‍ കേന്ദ്ര സര്‍ക്കാരിനു കത്തയച്ചു. വിജിലന്‍സ് അന്വേഷണത്തിനു പ്രസക്തിയില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതു കള്ളന്റെ കൈയില്‍ താക്കോല്‍ കൊടുക്കുന്നതുപോലെയാണ്. സുരേന്ദ്രനും ഗവര്‍ണറെ കണ്ട് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ടെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള ഒരു കാര്യത്തില്‍ സംസ്ഥാന ഏജന്‍സി തന്നെ അന്വേഷിച്ചാല്‍ മതിയെന്ന സുരേന്ദ്രന്റെ നിലപാട് സി.പി.എമ്മിനെ സഹായിക്കാനാണെന്ന ആക്ഷേപം കൃഷ്ണദാസ് പക്ഷം രഹസ്യമായെങ്കിലും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ത്തുന്നുണ്ട്. സുരേന്ദ്രനെതിരേ ലഭിച്ചൊരു അവസരം പാര്‍ട്ടിക്കുള്ളില്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമമാണ് രമേശും രാധാകൃഷ്ണനും ചേര്‍ന്ന് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."