ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ട് അമേരിക്ക നിര്‍ത്തി; ചൈന ഉയര്‍ത്തി
ബെയ്ജിങ്: കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് അമേരിക്കയും ചൈനയും തമ്മില്‍ അസ്വാരസ്യം നിലനില്‍ക്കുന്നതിനിടെ അമേരിക്കയുടെ തീരുമാനത്തിനു ബദലൊരുക്കി ചൈന രംഗത്ത്. ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ട് നിര്‍ത്തിവയ്ക്കുന്നതായി അമേരിക്ക പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കം, ലോകാരോഗ്യ സംഘടനയ്ക്കു തങ്ങള്‍ നല്‍കുന്ന ഫണ്ട് വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ച് ചൈന രംഗത്തെത്തിയിരിക്കുകയാണ്.
കൊവിഡ് പ്രതിരോധത്തിനായി ലോകാരോഗ്യ സംഘടനയ്ക്ക് 30 ദശലക്ഷം ഡോളര്‍ അധികം നല്‍കുമെന്നാണ് ഇന്നലെ ചൈന പ്രഖ്യാപിച്ചത്. ചൈനയുടെ വാക്കുകള്‍ മാത്രം വിശ്വസിച്ച ലോകാരോഗ്യ സംഘടന മഹാമാരിയെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംഘടനയ്ക്കുള്ള ഫണ്ട് നിര്‍ത്തിവച്ചിരുന്നത്. ഇതു വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. പിന്നാലെയാണ് ചൈനയുടെ പുതിയ തീരുമാനം. നേരത്തെ സംഘടനയ്ക്കു ചൈന 20 ദശലക്ഷം ഡോളര്‍ സംഭാവന നല്‍കിയിരുന്നു. ഇതിനു പുറമേയാണ് 30 ദശലക്ഷം ഡോളര്‍കൂടി നല്‍കുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ തീരുമാനം ലോകാരോഗ്യ സംഘടനയോട് ചൈനയ്ക്കുള്ള വിശ്വാസവും മഹാമാരിയെ പ്രതിരോധിക്കുന്നതിനു ചൈനീസ് ജനതയ്ക്കുള്ള ആഗ്രഹവുമാണ് ഉയര്‍ത്തിക്കാട്ടുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയ്ക്കു കൂടുതല്‍ സഹായം നല്‍കിയിരുന്ന അമേരിക്ക, ഫണ്ട് നല്‍കുന്നത് നിര്‍ത്തിവച്ചത് സംഘടനയെ ബാധിച്ചിരുന്നു.
ചൈനയിലെ വുഹാനിലെ ലാബില്‍ നിര്‍മിക്കപ്പെട്ടതാണ് കൊറോണ വൈറസെന്ന ആക്ഷേപം ഉയരുന്നതിനിടെയായിരുന്നു അമേരിക്കയുടെ ഈ നടപടി. വിഷയത്തില്‍ ലോകാരോഗ്യ സംഘടന ക്രിയാത്മകമായി ഇടപെട്ടില്ലെന്നാരോപിച്ചിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈറസ് മനുഷ്യനിര്‍മിതമാണോയെന്ന് അമേരിക്ക അന്വേഷിച്ച് കണ്ടെത്തുമെന്നു വ്യക്തമാക്കുകയും ആരോപണം ശരിയാണെന്നു തെളിഞ്ഞാല്‍ ചൈന പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ വിഷയത്തില്‍ അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ടും ചൈനയുടെ നീക്കങ്ങളില്‍ സംശയം പ്രകടിപ്പിച്ചും ആസ്‌ത്രേലിയയും രംഗത്തെത്തിയിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ ചൈന തള്ളുകയായിരുന്നു.
പരിശോധിക്കുമെന്ന് അമേരിക്ക
വാഷിങ്ടണ്‍: അമേരിക്കയുടെ സഹായമില്ലാതെ ലോകാരോഗ്യ സംഘടനയ്ക്കു ക്രിയാത്മകമായി മുന്നോട്ടുപോകാനാകുമോയെന്ന് പരിശോധിക്കുമെന്ന് യു.എസ്. അമേരിക്കയുടെ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ ഡെവലപ്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്. ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ട് നിര്‍ത്തിവയ്ക്കുന്നതായി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തീരുമാനം.
ഇത്തരം കാര്യങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ലോകാരോഗ്യ സംഘടനയല്ലാത്ത മറ്റു വഴികളും അമേരിക്ക ചിന്തിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ ഉത്തരവാദിത്തങ്ങളില്‍ സംഘടനയില്‍ അംഗങ്ങളായ രാജ്യങ്ങള്‍ക്കുള്ള അവകാശങ്ങളും അധികാരങ്ങളും അമേരിക്ക പരിശോധിക്കുന്നുണ്ട്. സംഘടനയെ സമ്മര്‍ദത്തിലാക്കി, കൊറോണ വിഷയത്തില്‍ അന്താരാഷ്ട്ര അന്വേഷണം പ്രഖ്യാപിക്കാനുള്ള അമേരിക്കയുടെ നീക്കമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. ഇതേ ആവശ്യമുയര്‍ത്തി, മറ്റ് രാജ്യങ്ങളോടും ഇടപെടാനാവശ്യപ്പെട്ട് ആസ്‌ത്രേലിയയും രംഗത്തെത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയ്ക്കും തങ്ങള്‍ക്കുമെതിരായ ഈ നീക്കം മുന്നില്‍ക്കണ്ടാണ് ചൈന സംഘടനയ്ക്കു കൂടുതല്‍ സഹായം പ്രഖ്യാപിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."