മുസ്ലിം യുവാവില്‍നിന്ന് ഡെലിവറി വാങ്ങാന്‍ വിസമ്മതിച്ചയാള്‍ അറസ്റ്റില്‍
താനെ: മുസ്ലിം ഡെലിവറി ബോയിയില്‍ നിന്ന് ഓര്‍ഡര്‍ സ്വീകരിക്കാന്‍ തയാറാകാതിരുന്നയാളെ അറസ്റ്റ് ചെയ്തു. താനെയിലെ കാഷിമോരയിലാണ് സംഭവം.
ഗജാനന്‍ ചതുര്‍വേദിയെന്ന 51 കാരനെയാണ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരേ മതവികാരം വ്രണപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഐ.പി.സി സെക്ഷന്‍ 295 (എ) പ്രകാരമാണ് കേസെടുത്തത്. ചൊവ്വാഴ്ച വൈകിട്ടാണ് ഗ്രോസറി കടയില്‍ നിന്നും സാധനങ്ങള്‍ ഡെലിവറി ചെയ്യാനായി ബര്‍കത്ത് പട്ടേല്‍ (32) എത്തിയത്. കൊവിഡ് -19 നെത്തുടര്‍ന്ന് സുരക്ഷാച്ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി ഇവരുടെ അപ്പാര്‍ട്ട്മെന്റിന്റെ ഗേറ്റില്‍ സാധനങ്ങളുമായി ഇയാള്‍ നിന്നു. ഇദ്ദേഹം മാസ്കും ഗ്ലൗസുമൊക്കെ ധരിക്കുകയും ചെയ്തിരുന്നു. സാധനങ്ങള്‍ വാങ്ങിക്കാന്‍ ഗേറ്റിനടുത്തെത്തിയ ചതുര്‍വേദി ഡെലിവറി ബോയിയോട് പേര് ചോദിച്ചു. മുസ്ലിം സമുദായത്തില്‍പ്പെട്ട ആളാണെന്നറിഞ്ഞതോടെ സാധനങ്ങള്‍ വാങ്ങിക്കാന്‍ ചതുര്‍വേദി തയാറായില്ല.
താന്‍ മുസ്ലിംകളുടെ കൈയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാറില്ലെന്നായിരുന്നു ചതുര്‍വേദി പറഞ്ഞത്. ഇക്കാര്യങ്ങള്‍ ഡെലിവറി ബോയ് തന്റെ മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്യുകയായിരുന്നു. ഗജ്നാന്റെ മകള്‍ സുപ്രിയയായിരുന്നു സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. അവര്‍ക്ക് സാധനങ്ങള്‍ വാങ്ങാമെന്നുണ്ടായിരുന്നെങ്കിലും പിതാവ് സമ്മതിച്ചില്ല. തുടര്‍ന്ന് തിരികെപോയ ബര്‍ക്കത്ത് പൊലിസില്‍ തെളിവ് സഹിതം പരാതി നല്‍കുകയായിരുന്നു.
തന്റെ ജീവന് പണയം വെച്ചാണ് അവര്‍ക്ക് സാധനം എത്തിച്ചത്. പക്ഷേ ഈ ആപത്ഘട്ടത്തില്‍ അവര്‍ക്ക് തന്റെ മതമാണ് വിഷയം.
അദ്ദേഹത്തിന്റെ പെരുമാറ്റം ശരിക്കും തന്നെ ഞെട്ടിച്ചുവെന്നാണ് ഡെലിവറി ബോയിയായ ബര്‍കത്ത് പട്ടേല്‍ പ്രതികരിച്ചത്. പ്രതിയെ ബുധനാഴ്ച താനെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി 15,000 രൂപ ജാമ്യത്തില്‍ വിട്ടയച്ചതായി കാശിമിറ പൊലിസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സഞ്ജയ് ഹജാരെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."