ഒമാനിൽ കൊവിഡ് ബാധിച്ച് ഒരു വിദേശി കൂടി മരിച്ചു; ആകെ മരണം ഒൻപത് ആയി
മസ്കറ്റ്: ഒമാനിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന 57 വയസ്സുള്ള ഒരു വിദേശി കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മരണം ഒൻപത് ആയി. ചികിത്സയിലായിരുന്ന ഒരു മലയാളി ഡോക്ടർ അടക്കം ഏഴ് വിദേശികൾ മരണത്തിന് കീഴടങ്ങി. സ്വദേശി വയോധികരാണ് മരിച്ച മറ്റ് രണ്ട് പേർ.
രാജ്യത്ത് ചികിത്സയിൽ ഉള്ള 39 പേരിൽ 9 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ആണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സെയ്ഫ് അൽ ഹോസ്നി ഓൺലൈൻ പത്രസമ്മേളനത്തിൽ അറിയിച്ചു.യാത്ര മൂലമുള്ള വ്യാപനം 9.2 ശതമാനമായി കുറഞ്ഞു. എന്നാൽ സമൂഹവ്യാപനം വഴിയുള്ള രോഗപകർച്ച 71 ശതമാനം ആയി ഉയർന്നു. ഇതാണ് ഏറ്റവും വലിയ വെല്ലുവിളി.കൂടുതൽ രോഗികൾക്കും ചികിത്സ ആവശ്യമില്ല വീടുകളിലെ ക്വാറന്റീൻ വഴി രോഗം മാറും അണ്ടർ സെക്രട്ടറി തുടർന്ന് പറഞ്ഞു.
ഒമാൻ ഇത് വരെ സമൂഹ വ്യാപനത്തിന്റെ പാരമ്യതയിൽ എത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഡിസീസസ് സർവൈലൻസസ് വിഭാഗം ഡയറക്ടർ ജനറൽ ഡോക്ടർ സെയ്ഫ് അൽ അബ്രി പറഞ്ഞു. ഒരാഴ്ചയോ രണ്ടാഴ്ചയോ ഇതിന് സമയം എടുക്കും. രോഗപ്രതിരോധശേഷി ഇല്ലാത്ത സമൂഹമായതിനാൽ രോഗത്തിന്റെ നിരക്ക് പൂജ്യത്തിലേക്ക് എത്തില്ല. പകരം പകർച്ചപ്പനി പോലെ പതുക്കെ ഇല്ലാതാവുകയേ ഉള്ളൂ.അത് എന്നാണ് സംഭവിക്കുക എന്ന് പറയാൻ കഴിയില്ല, അത് വരെ കോവിഡ് നമ്മുടെ കൂടെ ഉണ്ടാകും അൽ അബ്രി പറഞ്ഞു.
ഇന്നും പുതിയതായി 74 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1790 ആയി. ഇന്ന് പുതിയതായി 18 പേർ രോഗമുക്തി നേടി. ഇതോടെ രോഗം ബേദമായവരുടെ എണ്ണം 325 ആയി.വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്ത കേസുകളിൽ 39 വിദേശികളും 35 സ്വദേശികളും ആണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."